ചാവി കൊടുക്കേണ്ട ഘടികാരം -കവിത

പഴയ തരം, ഘടികാരം

ചാവി കൊടുക്കേണ്ടത്,

ഓരോ മണിക്കൂറിലും

നാദവിസ്മയം തീ൪ക്കുന്നത്

പുതിയ വീട്ടിൽ,

ആന്‍റിക് കളക്ഷനോടൊപ്പം

മിടിക്കുന്നു

മോടി കൂട്ടുന്നു.

ഓരോ നിമിഷവും

സമയം, ബോധൃപ്പെടുത്തുന്നു.

അതിന്റെ വല്ലാത്തൊരു തലേലെഴുത്ത്,

എത്ര കാലങ്ങളായി

ഹൃദയമിടിപ്പുകളുമായി

മടുപ്പില്ലാതെ

ഒരേ താളമുള്ള

ഈ യാത്ര.

ആദ്യം ചാവി കൊടുത്തത്

ആരാവും എന്നാവും

ഒരുറപ്പുമില്ല

മുത്തച്ഛന്‍റെ കാലത്തേതെന്ന്

അച്ഛൻ പറഞ്ഞതെനിക്കറിയാം.

കിടപ്പിലാവും വരെ

മുത്തച്ഛൻ ചാവി കൊടുത്തത്രേ

പിന്നെ അച്ഛന്‍റെ ഊഴം.

അച്ഛനു വയ്യാതായപ്പോൾ മുതൽ

ഞാനായി അതിനെ

നിലക്കാത്ത ഓട്ടത്തിലേക്ക്

തള്ളിവിടുന്നത്....

മുത്തച്ഛന്‍റെ ഹൃദയമിടിപ്പ്

നിലച്ച സമയവും

അച്ഛന്‍റെ അവസാന ശ്വാസവും

രേഖപ്പെടുത്തിയത്

ഇതേ ഘടികാരം.

എനിക്കു പറ്റാവുന്ന കാലം

ഞാനിതിന് ചാവി കൊടുക്കും...

എന്‍റെ സമയഘടികാരമേ

ഹൃദയഭാജനമേ,

എനിക്കു ശേഷം

നിന്‍റെ ഭാവി എന്തെന്നറിയില്ല

ഒരു പക്ഷേ മുത്തച്ഛനേയും

അച്ഛനേയും ഇതേ അറിവില്ലായ്മ

അലട്ടിയിരിക്കാം

എന്തായാലും കാലം

ആർക്കു വേണ്ടിയും

കാത്തു നിൽക്കാതെ

സഞ്ചാരപഥങ്ങളിൽ

മുന്നും പിന്നും നോക്കാതെ

കുതിരക്കുളമ്പടികളുമായി

മുന്നേറും

ഹൃദയമിടിപ്പുകൾക്ക്

കൂട്ടിരിക്കാതെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.