തിരുവനന്തപുരം: ‘മാധ്യമം ബുക്സ്’ പ്രസിദ്ധീകരിച്ച പുതിയ രണ്ടു പുസ്തകങ്ങൾ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്തു. കവി സച്ചിദാനന്ദൻ രചിച്ച ‘കവിതക്കൊരു വീട്’, മാധ്യമം സീനിയർ സബ് എഡിറ്റർ സുൽഹഫ് എഡിറ്റ് ചെയ്ത ‘ഏകത്വമോ ഏകാധിപത്യമോ? ഏക സിവിൽകോഡ് വിമർശനങ്ങൾ’ എന്നീ പുസ്തകങ്ങൾ എഴുത്തുകാരായ ജി.ആർ. ഇന്ദുഗോപനും ശ്രീകണ്ഠൻ കരിക്കകവും ഏറ്റുവാങ്ങി.
മാധ്യമം ആഴ്ചപ്പതിപ്പിലെ പ്രതിമാസ പംക്തിയിൽനിന്ന് തെരഞ്ഞെടുത്ത ലേഖനങ്ങളുടെയും മൊഴിമാറ്റങ്ങളുടെയും സമാഹാരമാണ് കവിതക്കൊരു വീട്. ലോക കവിതയിലേക്കുള്ള ഒരു കിളിവാതിലാണ് ഈ പുസ്തകം. ഏകത്വമോ ഏകാധിപത്യമോ? എന്ന പുസ്തകം ഏക സിവിൽകോഡിനെ സൂക്ഷ്മമായും സമഗ്രമായും പരിശോധിക്കുന്ന ലേഖനങ്ങളുടെയും പഠനങ്ങളുടെയും സമാഹാരമാണ്. പ്രഫ. താഹിർ മഹ്മൂദ്, എസ്.വൈ. ഖുറൈശി, ഫ്ലാവിയ ആഗ്നസ്, ഡോ. സെബാസ്റ്റ്യൻ പോൾ, കെ. മുരളി, ടി.ടി. ശ്രീകുമാർ, ഉമ്മുൽ ഫായിസ, വി.എ. കബീർ, എം. ഗീതാനന്ദൻ, സി.എസ്. മുരളി തുടങ്ങിയവരുടെ രചനകൾ ഇതിലുണ്ട്.
മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ്, എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ വയലാർ ഗോപകുമാർ, ബിസിനസ് സൊലൂഷൻ മാനേജർ ജെ.എസ്. സാജുദ്ദീൻ, സർക്കുലേഷൻ മാനേജർ ടി.ടി. അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു. രണ്ടു പുസ്തകങ്ങളും നിയമസഭ പുസ്തകോത്സവത്തിലെയും ഷാർജ പുസ്തകോത്സവത്തിലെയും മാധ്യമം ബുക്സ്റ്റാളുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.