കേരളത്തിന്റെ ദേശപരിമിതിയിൽനിന്ന് ലോക സാമൂഹിക വിസ്താരത്തിലേക്കു വളർന്ന അപൂർവം പേരെയെങ്കിലും നാം മലയാളികൾ കണ്ടെടുക്കാറുണ്ട്. വി.കെ. കൃഷ്ണമേനോനും ഇ.സി.ജെ. സുദർശനനും നായർസാനും ഈ രാശിയിൽ ചേരുന്നവരാണെന്ന് കരുതാം. എന്നാൽ, ഇവരെയെല്ലാം പോലെ എത്രയോ ഉയർന്ന വിതാനത്തിൽ ലോക രാഷ്ട്രീയവേദിയിലേക്ക് കടന്നുകയറുകയും അവിടെയെല്ലാംതന്നെ നാനാതരം നിർവാഹകത്വങ്ങൾകൊണ്ട് വിശ്രുതനാവുകയും ചെയ്ത മറ്റൊരാൾ ഉണ്ടെന്നത് പൊതുസമൂഹത്തിന് അത്ര ധാരണയില്ല. അതാണ് മലബാറിൽ പിറന്ന് വിശ്വപൗരനായി വളർന്ന സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ. കൊളോണിയൽ അധിനിവേശം ചവിട്ടിക്കുഴച്ച മലബാറിൽ അതിന്റെ സർവത്ര വിനാശങ്ങളും ഏറ്റെടുക്കേണ്ടി വന്നവർ മുസ്ലിം സമൂഹമാണ്. എന്നാണോ ദുഷ്ട ഗാമയും കുടില വേതാളസംഘങ്ങളും മലബാറിന്റെ ഹരിതപുളിനങ്ങൾ അശുദ്ധമാക്കിയത് അന്നുതന്നെ ഈയൊരു കുരിശുയുദ്ധ പ്രോക്തതക്കെതിരെ വിമോചന പോരാട്ടം സംഘടിപ്പിച്ചവരാണ് മുസ്ലിം ജനസമൂഹം. ആ ദീർഘതയാർന്ന അധിനിവേശ വിരുദ്ധ സമരയജ്ഞം സമാപനമായത് 1947 ആഗസ്റ്റ് 15നും. അതുവരെയും ദീർഘമായ നൂറ്റാണ്ടിലേക്ക് ഇരമ്പിമറിഞ്ഞ സമരകാലംതന്നെയായിരുന്നു. ആ സമര സഹനത്തിന്റെ ഒത്തമധ്യത്തിൽ ജീവിതം ബലിയാക്കിയ പണ്ഡിതരും ജനനായകരും സാധാരണ മനുഷ്യരും നിരവധിയാണ്. ഇവരുടെ ബലി ജീവിതത്തിന്റെ ചങ്ങലത്തുരട് നൂറ്റാണ്ടിലേക്ക് നിവൃത്തിയാകുന്നു. അവർ ഏറ്റ സഹനവും മുറിച്ചുകടന്ന തീക്കടലുകളും സ്വയംവരിച്ച മുൾക്കിരീടവുമാണ് ഇന്ന് ദേശത്തിന്റെ ഉദാത്തമായ സ്വാതന്ത്ര്യവും സമാധാനവും. പുതുകാല രാഷ്ട്രം പറിച്ചെറിയാൻ കുതറുന്ന ഈ ബലിദാനികളുടെ പാദസ്മൃതി നമ്മെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.
തീർച്ചയായും അതിൽ പാദസ്മരണീയനാണ് മമ്പുറം ഫസൽ പൂക്കോയ തങ്ങൾ. ദേശീയ വിമോചന സമരങ്ങളെ മുന്നിൽനിന്ന് ധൈഷണികമായി നയിച്ച മമ്പുറം സയ്യിദ് അലവി തങ്ങളുടെ പ്രിയപുത്രനാണ് ഫസൽ തങ്ങൾ. ധീരനായ പിതാവിന്റെ ധിഷണാശാലിയായ പുത്രൻ. മമ്പുറം തങ്ങന്മാരെ കുറിച്ചും അവരുടെ ജീവിത നിർവാഹകത്വത്തെ പ്രതിയും മലയാളത്തിൽ നിരവധി ആഖ്യാനങ്ങൾ ഇതിനകം പ്രസാധിതമായിട്ടുണ്ട്. അതിലൊക്കെയും അക്കാല മനുഷ്യരുടെ പോരാട്ടജീവിതം രേഖീയമായിട്ടുമുണ്ട്. പുതിയ ഉപാദാനങ്ങളുടെയും ചരിത്രഖനനങ്ങളുടെയും അകമ്പടിയിൽ ഇത്തരം ദേശീയ നേതാക്കളുടെ കർമജീവിതത്തെ പുനരാഖ്യാനത്തിനു വെക്കേണ്ടത് ചരിത്രമപ്പാടെ തിരുത്തിയെഴുതുന്ന ഇക്കാലത്ത് അനിവാര്യമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. ഈ രാഷ്ട്രീയമാണ് ‘വിശ്വപൗരൻ മമ്പുറം ഫസൽ’ എന്ന പുസ്തക പ്രസാധനം വഴി കോഴിക്കോട് വചനം ബുക്സും ചരിത്രകാരനായ പി.എ.എം. ഹാരിസും നിർവഹിച്ചിരിക്കുന്നത്. പുസ്തകം ഊന്നുന്നത് സയ്യിദ് ഫസലിന്റെ ജീവിതവ്യവഹാരങ്ങളിലേക്കും അതിലേക്ക് നയിച്ച നാനാതരം രാഷ്ട്രീയ സാഹചര്യങ്ങളിലേക്കുമാണ്. പ്രധാനമായും ഫസൽ തങ്ങളുടെ ആദ്യന്ത ഭംഗിയുള്ള ജീവിതപ്പൊലിവുകൾ. കർബലക്കുശേഷം ഉരുവമാർന്ന ദേശരാഷ്ട്രീയംകൊണ്ട് പ്രവാചക കുടുംബം മദീന വിട്ട് ദേശാന്തരഗമനം ചെയ്തതാണല്ലോ. അങ്ങനെ യാത്രയായവരിൽ ഒരു സംഘം അഭയമന്വേഷിച്ചെത്തിയത് പ്രാചീന സൻആ ദേശത്ത്. അവരിലെ പിൽക്കാല തലമുറ വീണ്ടും വീണ്ടും ചിതറലിനു (dispersal) വിധേയമായി. അതിലൊരു ദളം അങ്ങനെ മലബാറിലും വന്നുചേർന്നു. ഇവരിലാണ് ഫസൽ തങ്ങളുടെ തലമുറ ചെന്നുനിൽക്കുന്നത്. ഗവേഷകരായ സീമ അലവിയുടെയും ഡോ. സിത് തുഫാൻ ബിസ്പിനാറുടെയും ഗവേഷണ പഠനങ്ങളെ ഉപാദാനമാക്കിയാണ് ഫസൽ തങ്ങളുടെ കുടുംബവേരുകളെ ചരിത്രകാരനായ ഹാരിസ് കണ്ടെടുക്കുന്നത്. പൊതുതീർപ്പനുസരിച്ച് 1850ൽ ആണ് സയ്യിദ് അലവി തങ്ങൾ ജനിക്കുന്നത്. 17ാം വയസ്സിൽ മലബാറിലെത്തിയ അലവി തങ്ങൾ കൊയിലാണ്ടിയിലെ അമ്പാക്കാന്റെ അകത്ത് അബൂബക്കറിന്റെ മകൾ ഫാത്തിമയെ നിക്കാഹ് ചെയ്തു ബീടരാക്കുന്നു. അതിൽ ജനിച്ച മകനാണ് സയ്യിദ് ഫസൽ. ചേറൂർ സമരം ഉൾപ്പെടെ നിരവധി അധിനിവേശ വിരുദ്ധ പ്രസ്ഥാനങ്ങളിൽ നേതൃപരമായി ഇടപെട്ട് മലബാറിലെ ആത്മീയ ആചാര്യനായിത്തീർന്ന മഹാനാണ് സയ്യിദ് അലവി തങ്ങൾ. ഇതു കണ്ടാണ് മകൻ ഫസൽ വളർന്നത്. മിക്കവാറും ചരിത്രകാരന്മാരുടെ തീർപ്പനുസരിച്ച് 1825 മാർച്ച് 12ന് ജനിച്ച ഫസൽ പിതൃപരിസരത്തുതന്നെയാണ് വിളക്കത്തിരുന്നത്. പിന്നീടീ യുവാവ് ഉപരിപഠനാർഥം മക്കയിലേക്ക് യാത്രയായി. പഠനവും ഹജ്ജും ഉംറയും കഴിഞ്ഞ് 1848ൽ സ്വദേശത്തേക്ക് തിരിച്ചെത്തിയ ഇദ്ദേഹം സജീവമായ സാമൂഹിക നിർവാഹകത്വത്തിലേക്ക് ഇരമ്പിമറിഞ്ഞു.
ഉന്മേഷവാനായ ഈ യുവാവ് ധീരനും അഭിജാതനും വിജ്ഞാനദാഹിയുമായിരുന്നു. സാമ്രാജ്യത്വത്തോടും ഏകാധിപത്യത്തോടും രാജിയാവുന്നതല്ല ഫസലിന്റെ സ്വഭാവവും പാരമ്പര്യവും. ഭരണകൂടത്തിനു വഴങ്ങുക എന്നത് പ്രമാണമാക്കുന്നത് പ്രവാചകന്റെ വ്യാജ സരണിയാണ്. ഭരണത്തിന്റെ അപ്രീതിയിൽനിന്ന് മാറിനിന്ന് വ്യവസ്ഥാനുകൂല നയം സ്വീകരിക്കുന്നത് പ്രവാചക മാർഗമേ അല്ലെന്ന് ഇദ്ദേഹത്തിനറിയാം. രാഷ്ട്രീയത്തിൽ ആത്മീയതയും ആത്മീയതയിൽ രാഷ്ട്രീയവും ഉള്ളടങ്ങിയതാണ് ഇസ്ലാമെന്ന് ഫസൽ തങ്ങൾക്കറിയാം. രാഷ്ട്രീയത്തെ തുരത്തിയോടിച്ച ആത്മീയതയും വാഴുന്നവർക്ക് വഴങ്ങുന്ന മാപ്പുസാക്ഷിത്വവും മതത്തിന്റെ അപചയഘട്ടത്തിൽ വികസിച്ചുവന്ന വിചാര വൈകൃതമാണ്. മതപ്രമാണങ്ങൾ പഠിച്ചറിഞ്ഞ ഫസൽ തങ്ങൾക്ക് ഇതറിയാം. സ്വാഭാവികമായും കൊളോണിയൽ അഹന്തക്ക് അത്തരക്കാർ സമ്മതരാവുകയില്ല. കൊളോണിയൽ അധിനിവേശം തദ്ദേശീയ ബ്രാഹ്മണ്യവുമായി ഒത്തു രാജിയായപ്പോൾ ഫസൽ തങ്ങൾ അതിനെ എതിർത്തുനിന്നു. ജന്മിമാർക്കു മുന്നിൽ കൂനിനിൽക്കാതെ ആത്മബോധത്തോടെ ഉയർന്നുനിൽക്കാൻ തങ്ങൾ സ്വന്തം സമൂഹത്തെ പ്രാപ്തരാക്കി. അപ്പോൾ തങ്ങളുടെ സാമ്രാജ്യത്തിനകത്ത് ഇദ്ദേഹം മറ്റൊരു സാമ്രാജ്യം പണിയുന്നതായി കൊളോണിയൽ അധികാരം വിധി തീർപ്പിലെത്തി. ഫസൽ തങ്ങളെ എങ്ങനെയെങ്കിലും തീർത്തുകളയാൻ ഇവർ തീരുമാനിച്ചു. അധികാരം പക്ഷേ ഫസൽ തങ്ങളുടെ അനുചാരികളെ സത്യമായും ഭയന്നു. അവർ ഇളകിയെത്തിയാൽ ഭരണകൂടം കുഴയും. അപ്പോൾ പിന്നെ എന്തുവഴി. ഫസൽ തങ്ങളെ ആരുമറിയാതെ നാടുകടത്താം. അതായി തീർപ്പ്. അന്നത്തെ മലബാർ കലക്ടർ കൊണോലിയാണ് ഇതിന് നൂലുവലിച്ചത്. കുടിയാൻമാരായ കർഷകരെ അന്യായമായി കുടിയിറക്കുന്ന ജാതി ജന്മിമാർക്കെതിരെ ഫസൽ തങ്ങൾ നിലപാടെടുത്തതും കൊണോലിക്ക് അലോസരമായി. ജാതി ജന്മിമാർ അധിനിവേശത്തോട് ദാസ്യം കാട്ടുന്നവരായിരുന്നു.ഇക്കഥകളൊക്കെയും തന്റെ പുസ്തകത്തിൽ ഹാരിസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ഇംഗ്ലീഷുകാർ ഏർപ്പെടുത്തിയ ദുഷ്ടവ്യവസ്ഥയെ ഇദ്ദേഹം നിരന്തരം ചോദ്യംചെയ്തുകൊണ്ടിരുന്നു. ഇത് സ്വാഭാവികം. ഏറനാട്ടിൽ, അക്കാലത്ത് അരങ്ങേറിയ നിരവധി കൊളോണിയൽ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഇദ്ദേഹത്തിന്റെ ധൈഷണിക പ്രേരണ ഉണ്ടായിരുന്നത് സത്യമാണ്. ദേശത്തുനിന്നും ഇദ്ദേഹത്തെ ഒഴിവാക്കിനിർത്തുക കൊളോണിയൽ ആവശ്യമായി അവർക്കു തോന്നി. കുടിയൊഴിപ്പിക്കപ്പെടുന്ന ജന്മിമാർക്കെതിരെ തങ്ങൾ പുറപ്പെടുവിച്ച ഫത് വ തിരൂരങ്ങാടി പള്ളിയിൽവെച്ച് ഇദ്ദേഹം പരസ്യമായി പിൻവലിച്ചാൽ പുറത്താക്കൽ നടപടി പുനഃപരിശോധിക്കാമെന്ന് കൊണോലി ഉപാധിവെച്ചു. പക്ഷേ, അധികാരവ്യവസ്ഥക്കൊത്ത് വിധിപറയുന്നതല്ല വിശ്വാസിയുടെ നിലപാടെന്ന് ധീരനായിരുന്ന തങ്ങൾക്കറിയാം. അദ്ദേഹം വഴങ്ങിയില്ല. മഹാനായ വിപ്ലവകാരിയെ അതോടെ അധിനിവേശം നിർദയം നാടുകടത്തി. അക്കഥ നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ ഉപാദാനങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് ഹാരിസ് പുസ്തകത്തിൽ വിശദീകരിക്കുന്നത്. ഇങ്ങനെ 1852 മാർച്ച് 19ന് കുടുംബവും ബന്ധുക്കളും അടങ്ങുന്ന 57 പേരെ സ്വന്തം ദേശത്തുനിന്ന് കൊളോണിയൽ ധിക്കാരം നിർദയം തുരത്തിയോടിച്ചു. നാടുകടത്തലിനുശേഷം സ്വമേധയാ ദേശം വിട്ടതാണെന്ന് അവർ വ്യാജകഥകൾ എഴുതിവെച്ചു. പ്രതികാരമെന്നോണം തങ്ങളുടെ അനുചാരികളാൽ കൊണോലി വധിക്കപ്പെട്ടത് മറ്റൊരു കഥ.
സാമൂഹിക ജീവിതത്തിൽനിന്നുതന്നെ തുരത്താമെന്നു കരുതിയ ഇംഗ്ലീഷുകാർക്ക് പക്ഷേ, തെറ്റി. നാടുകടത്തപ്പെട്ട ഫസൽ തങ്ങൾ നേടിയ വലിയ വളർച്ചയാണ് പിന്നീട് ലോകം കണ്ടത്. മലബാറിലെ ഒരു കുഗ്രാമ സൈകതത്തിൽനിന്നും പോയ ഫസൽ തങ്ങൾ വിശ്വമാനവനായി വളരുന്ന വിസ്മയകരമായ കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. മക്കയിൽനിന്ന് അദ്ദേഹം അറേബ്യയിലെ ദുഫാറിലേക്ക് ക്ഷണിക്കപ്പെടുകയും അവിടെ ഭരണാധികാരിയാവുകയും ചെയ്തു. ദുഫാർ ദേശത്തിനുവേണ്ടി വമ്പിച്ച സാമ്പത്തിക വളർച്ച നേടിക്കൊടുത്ത അവരുടെ പ്രിയപ്പെട്ട ഭരണാധികാരി. നാലു വർഷത്തോളം അദ്ദേഹം ദുഫാർ ഭരിച്ചു. അതിനിടയിൽ നിരവധി വികസന പ്രവർത്തനങ്ങൾ. ഇക്കാലങ്ങൾ വിശദമായിത്തന്നെ പുസ്തകത്തിൽ വിസ്തരിക്കുന്നുണ്ട്. ദുഫാറിൽനിന്നും ഇസ്തംബൂളിലെത്തിയ ഫസൽ തങ്ങൾ അവിടെ ഓട്ടോമൻ ചക്രവർത്തിയായ സുൽത്താൻ അബ്ദുൽ ഹമീദിന്റെ മന്ത്രിസഭയിൽ അംഗമാകുന്നു. സിറിയയിലെ ദിമിശ്ക്കിൽനിന്നും ഹാജാസിലെ മദീനാനഗരിയിലേക്ക് നീണ്ട അക്കാലത്തെ സ്വപ്നപദ്ധതിയാണ് ഹിജാസ് റെയിൽവേ. ഇത് ഫസൽ തങ്ങളുടെ ഭാവനയായിരുന്നു. ഇസ്തംബൂളിൽ ഇക്കാലത്ത് പാൻ ഇസ്ലാമിസത്തിന്റെ ആചാര്യൻ ജമാലുദ്ദീൻ അഫ്ഗാനിയുമുണ്ടായിരുന്നു. ഇവർ രണ്ടുപേരും ഒരുമിച്ചാണവിടെ പ്രവർത്തിച്ചത്. അഫ്ഗാനിയുടെ ചിന്തകൾ ഫസൽ തങ്ങളെയും സ്വാധീനിച്ചിരുന്നു. ഇസ്ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ പ്രതി കൃത്യമായ ധാരണ തങ്ങൾക്കുമുണ്ടായിരുന്നു എന്ന് കാണാം. ഇത് നിരവധി രേഖകൾ ഉദ്ധരിച്ചാണ് ഹാരിസ് ഉറപ്പിച്ചെടുക്കുന്നത്. ഫസൽ തങ്ങളുടേതായ നിരവധി പുസ്തകങ്ങൾ ലോകത്തുണ്ട്. ഒട്ടനവധി ഫത് വകളും. ഭാവനാസമ്പന്നനായ എഴുത്തുകാരനായിരുന്നു അദ്ദേഹം.
അപ്പോഴൊക്കെയും പക്ഷേ, സ്വന്തം ദേശത്തേക്ക് തിരിച്ചുവന്ന് സ്വസ്ഥനാവണമെന്ന് ഫസലിനും മക്കൾക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അതത്രയും ബ്രിട്ടീഷ് കോളനി ഭരണം നിരന്തരം അട്ടിമറിച്ചു. അലവി തങ്ങളുടെ രക്തം ഇവരുടെയൊക്കെ ധമനികളിലൂടെ സഞ്ചരിക്കുന്നുണ്ടെന്നും അത് അധികാരത്തിന് അപകടമാണെന്നും കൊളോണിയൽ സർക്കാർ നിർദയം വിധിയെഴുതി. അവസാനം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയും ഇ. മൊയ്തു മൗലവിയുടെയും മുൻകൈയിൽ മക്കളെയും കുടുംബങ്ങളെയും മലബാറിലേക്ക് തിരിച്ചെത്തിക്കാനും അവരുടെ സ്ഥാവരജംഗമങ്ങൾ അവർക്കുതന്നെ ലഭ്യമാക്കാനും നിരവധി പരിശ്രമങ്ങൾ കേരളത്തിൽ നടക്കുകയുണ്ടായി. ആ കഥകൾ പുസ്തകം വിശദമായി പറയുന്നുണ്ട്. സ്വത്തുക്കളത്രയും ബന്ധുക്കൾകൂടിയായ ജിഫ്രി കുടുംബം സ്വന്തമാക്കിയതും തിരിച്ചുവരവിനെ ഈ സ്വത്തുദാഹികൾ കൂട്ടംചേർന്ന് അട്ടിമറിച്ചതുമൊക്കെ ഒരു ചലച്ചിത്രരംഗംപോലെ പുസ്തകം വാഗ്മയമായി അവതരിപ്പിക്കുന്നു. കേരളത്തിൽനിന്നും വിശ്വത്തോളം വളർന്ന ഇങ്ങനെ ഒരാൾ ഫസൽ തങ്ങളെപ്പോലെ മറ്റൊരാളില്ല. അക്കാല ചരിത്രം നിരവധി ആധികാരിക സ്രോതസ്സുകൾ ഖനിച്ചാണ് എഴുത്തുകാരൻ പുനരവതരിപ്പിക്കുന്നത്. തീർത്തും അക്കാദമിക്കായാണ് ഹാരിസ് പുസ്തകം രൂപകൽപന ചെയ്തിട്ടുള്ളത്. ഒരു പത്രപ്രവർത്തകന്റെ സ്ഫുടഭാഷയിലാണീ എഴുത്തുകളത്രയും. ഹാരിസ് തന്റെ ഇസ്തംബൂൾ യാത്രയിൽ അവിചാരിതമായി ഒരു മലയാളി വിദ്യാർഥിയെ പരിചയപ്പെടുന്നു. അയാൾ എഴുത്തുകാരന് സയ്യിദ് ഫസലിന്റെ അന്ത്യകുടീരം കാണിച്ചുകൊടുക്കുന്നു.
ആ നിമിഷാർധം തീർത്ത വിഹ്വലതയാണീ പുസ്തകത്തിന്റെ ആദ്യ പ്രേരകമെന്ന് ആമുഖത്തിൽ ഹാരിസ് അനുസ്മരിക്കുന്നുണ്ട്. വായനക്കാർക്കും ഇതൊരു കൗതുകമാണ്. ചിന്തകനും എഴുത്തുകാരനുമായ വി.എ. കബീറിന്റെ പ്രൗഢമായൊരു അവതാരിക പുസ്തകത്തിനൊരു തിലകമാണ്. വിക്ഷോഭം തീർക്കുന്നൊരു വായനാനുഭവമാണ് കബീറിന്റെ കുറിപ്പ്. അനവധാനത തീർത്ത ചില സ്ഖലിതങ്ങൾ പൊറുത്താൽ അക്കാല മലബാർ ചരിത്ര പ്രതിയുള്ള ഒരു സത്യാഖ്യാനംതന്നെയാണ് ഈ പുസ്തകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.