രാപ്പറുദീസ


നോവൽ


മനോജ് തെക്കേടത്ത്


മനോരമ ബുക്സ്




മനോജ് തെക്കേടത്ത്


മനോരമ ബുക്സ്


അടക്കം ചെയ്യപ്പെട്ടവരുടെ മരിക്കാത്ത ഓർമകൾ

മണ്ണിനു മുകളിലുള്ള മനുഷ്യ കാമനകളുടെ കഥ എമ്പാടും കേട്ടിട്ടുള്ളവരാണ് വായനക്കാർ. എന്നാൽ, മണ്ണിനടിയിലും കഥയും വികാരവുമു​ള്ള ചില മനുഷ്യരുണ്ടെന്നുള്ള വേറിട്ടൊരു സങ്കൽപമാണ് ലളിതമായിപ്പറഞ്ഞാൽ ഈ പുസ്തകം. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് തെക്കേടത്തിന്റെ ‘രാപ്പറുദീസ’ എന്ന നോവൽ കാൽക്കീഴിലെ മണ്ണ് നീക്കിയാൽ കാണാനാകുന്ന ജീവിതങ്ങളെപ്പറ്റിയാണ്. തൊട്ടടുത്തുള്ള സെമിത്തേരിയിലെ കുരിശടയാളങ്ങളോടൊപ്പം അടക്കംചെയ്യപ്പെട്ട മനുഷ്യരുടെ മരണമില്ലാത്ത ഓർമകളാണ് ‘രാപ്പറുദീസ’.

നടപ്പു വായന ശീലങ്ങളെ അപ്രസക്തമാക്കുന്ന വിഷയമാണ് നോവൽ സ്വീകരിച്ചത്. മരണം ജീവിതംപോലെ യഥാർഥമാണ്. എങ്കിലും മരണാനന്തര സങ്കൽപങ്ങളിൽ എത്രത്തോളം നമ്മുടെ ഭാവനകൾക്ക് ചിറകുവീശാൻ കഴിയുമെന്ന് നോവലിസ്റ്റ് തെളിയിക്കുന്നു. പറുദീസയിലേക്ക് എത്തുന്നതിനു മുമ്പുള്ള ഇടത്താവളത്തിലെ കുറച്ചുപേർ. അവരുടെ സംഭാഷണങ്ങളും ഓർമകളും. നൊസ്റ്റാൾജിയ തുളുമ്പുന്ന ഓർമകളുടെ തൂവൽസ്പർശം മാത്രമല്ല, രാഷ്ട്രീയത്തിന്റെ അത്യുഷ്ണവും നോവലിലുണ്ട്. സാമൂഹിക തീക്ഷ്ണതകളുടെ തീപിടിപ്പിക്കുന്ന സംഭാഷണ ശകലങ്ങൾ നോവലിൽ കാണാം.

കല്ലറകളിൽ അടക്കം ചെയ്താലും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കുറച്ചു ​പേർ. അനുഭവങ്ങൾ നല്ലതായാലും ചീത്തയായാലും മനുഷ്യർക്ക് അതിടക്കിടക്ക് അയവിറക്കുന്നതല്ലേ ശീലം. ആത്മാക്കളും അതിൽനിന്ന് മുക്തരല്ല തന്നെ. അവർക്കൊരിക്കലും മനുഷ്യരിൽനിന്നും വേറിട്ടൊരു ജീവിതമുണ്ടാകുന്നില്ല. സ്നേഹവും കാമവും പ്രണയവും രതിയും നിറഞ്ഞുനിൽക്കുന്നാരു നോവൽ, ഒപ്പം ആത്മാക്കളും.

ഭാവനയെ കയറൂരി വിടുമ്പോൾ അത് എവിടെയൊക്കെ ചെന്നെത്തും. ഒപ്പം ​കൊണ്ടുവരുന്നത് അസാധ്യ രുചിക്കൂട്ടുകളായിരിക്കും. ഓർമയുടെ ഭൂപടത്തിൽ കണ്ടെത്താനാവാനാത്ത ദ്വീപുകളിലേക്ക് നൗക തുഴഞ്ഞു പോകുന്ന വായനാനുഭവമാണ് ‘രാപ്പറുദീസ’.

കല്ലറക്കുള്ളിലും ആത്മവാടിയിലും പരസ്പരം സംസാരിക്കുന്ന കുറച്ചുപേർ. മിക്കപ്പോഴും അവർ സംസാരിക്കുന്നത് ജീവിച്ചിരുന്ന കാലത്തെ പറ്റിയായിരുന്നു. സാമൂഹിക മാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് നോവൽ. പെട്ടെന്നു തന്നെ വായനക്കാരെ തങ്ങളിലേക്കടുപ്പിക്കാൻ ഓരാരുത്തർക്കും കഴിയുന്നത് കഥാപാത്ര സൃഷ്ടിയുടെ മികവു കൊണ്ടാണ്. ഭാഷയുടെ ലാളിത്യംകൊണ്ട് ശ്രദ്ധേയമായ നോവലിൽ മനസ്സിലാക്കാൻ പറ്റാത്ത സസ്‍ പെൻസോ ദുർഗ്രാഹ്യതയോ ഒന്നുമില്ല.

വായനക്കാർ എഴുത്തുകാരൻ അനുഭവിച്ച ഹൃദയവേദന ഏറ്റുവാങ്ങുന്നു. അവർക്കൊപ്പം തന്നെ വായനക്കാരെയും കൊണ്ടുപോകാൻ നോവലിസ്റ്റിന് കഴിയുന്നു. പീലിക്കണ്ണും അമ്മിണിയും നക്സലൈറ്റ് ഔസേപ്പുണ്ണിയുമെല്ലാം ഓരോ നിയോഗത്തിന്റെ ചുമതലക്കാരാണ്. നന്ദ മീരയും ഉമ്മു കുൽസുവും പത്രങ്ങളുടെ തലക്കെട്ടുകളിൽ നിറയുന്ന വർത്തമാനകാല സ്ത്രീ ജീവിതത്തിന്റെ ദുരന്തശേഷിപ്പുകളും. ജി.ആർ. ഇന്ദു ഗോപന്റെ അവതാരിക നോവലിലേക്കുള്ള കിളിവാതിൽ തുറക്കുന്നു.

Tags:    
News Summary - Manoj Thekkedam Raparudeesa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.