അറബി-മലയാള സാഹിത്യത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്ന ഗവേഷണ രചനയാണ് സി.എൻ. അഹമ്മദ് മൗലവിയും കെ.കെ. മുഹമ്മദ് അബ്ദുൽ കരീമും ചേർന്ന് എഴുതിയ ‘മഹത്തായ മാപ്പിള പാരമ്പര്യം’ എന്ന ബൃഹത് കൃതി. മുസ്ലിം സാമൂഹിക ജീവിതത്തിൽ ഒരേ കാലത്ത് തീവ്ര സാന്ദ്രതയോടെ ഇടപെട്ട് പ്രവർത്തിച്ച പണ്ഡിതരും എഴുത്തുകാരുമാണിവർ. ഈ ബൃഹത് പുസ്തകം സമാരംഭിക്കുന്നതുതന്നെ മലയാളത്തിലേക്കുള്ള ഇസ്ലാമിന്റെ ആഗമനം ചർച്ചയാക്കിയാണ്. സാമാന്യം ദീർഘതയാർന്ന ഈ പ്രബന്ധം ആരാണ് മാപ്പിളമാർ എന്ന അന്വേഷണമുയർത്തുന്നു.
കേരളത്തിലെ മാപ്പിളമാരുടെ ആദി വേരുകൾ അന്വേഷിച്ച് എഴുത്തുകാർ സഞ്ചാരം പോകുന്നത് ദാവീദ് പ്രവാചകന്റെ അരമനകളിലേക്കാണ്. ഗവേഷകർ പറയുന്നതനുസരിച്ച് അന്ന് തുടങ്ങിയതാണ് അറേബ്യൻ ദേശത്തുനിന്നും കേരളീയ തീരങ്ങളിലേക്കുള്ള കപ്പൽപുളകങ്ങൾ. അന്ത്യപ്രവാചകന്റെ കാലശേഷവും ഈ കപ്പൽ ചാലുകൾ സജീവമായിത്തുടർന്നു. ഇക്കാല വിനിമയങ്ങൾ വളരെ യുക്തിസഹമായാണ് എഴുത്തുകാർ ഖനിച്ചെടുക്കുന്നത്. പ്രവാചക കാലത്ത് വാണിജ്യ വാതങ്ങളാൽ നയിക്കപ്പെടുന്ന ഈ കപ്പൽചാലുകൾ പൂർവാധികം സജീവമായിരുന്നു. സ്വാഭാവികമായും അറേബ്യൻ കപ്പലുകളിൽ ഇവിടെ എത്തിയവരിലൂടെ ഇസ്ലാമിക വിശ്വാസ പുതുമകൾ മലയാളികൾ അറിഞ്ഞുതുടങ്ങുന്നു. ഇവിടേക്ക് വന്ന് പാർക്കുന്ന അറേബ്യൻ സത്യ ജീവിതങ്ങളോടൊപ്പം മലയാളികൾ അറേബ്യയിലേക്കും പോയിട്ടുണ്ടെന്നാണ് എഴുത്തുകാർ പറയുന്നത്. അതിന് ധാരാളം സാധ്യതകളുണ്ട്. അങ്ങനെ അറേബ്യയിലെത്തിയ നിരവധി പേരിൽ ഒരാൾ ചേരമാൻ പെരുമാൾ. അദ്ദേഹം പ്രവാചകനുമായി സന്ധിക്കുന്നു. ഇന്ത്യ എന്ന പൂർവദേശത്തെ പ്രതി പ്രവാചകന് നല്ല ധാരണയുണ്ടായിരുന്നു എന്നാണ് എഴുത്തുകാർ പുസ്തകത്തിൽ സ്ഥാപിക്കുന്നത്. ഒരുപാട് തെളിവുകൾ അവർ ഇതിനായി അന്വയിക്കുന്നുണ്ട്. ഇതിൽ പലതും വിസ്മയകരമാണ്.
അങ്ങനെ പുതുവിശ്വാസത്തിൽ ഉത്സാഹിതരായ ഒരു സവിശേഷ സമൂഹം കേരളീയ തീരങ്ങളിലും യാഥാർഥ്യമായി. ഇവർ മാപ്പിളമാർ. കാലം കൊണ്ടവർ സജീവരും പ്രബുദ്ധരുമായിത്തീർന്നു. ഇതിന്റെ അതിശയ ഗാഥയാണ് പുസ്തകം പങ്കുവെക്കുന്നത്. ആവേശകരമായ ഒരു വായന സന്ദർഭമാണ് ഈ ചരിത്രഖനനം. ഇങ്ങനെ ഉരുവപ്പെട്ട സാംസ്കാരിക സമൂഹം പിന്നീട് എങ്ങനെയൊക്കെയാണ് കേരളീയ മണ്ണിൽ തുടർച്ചകളുണ്ടാക്കിയതെന്നത് പിന്നീടുള്ള അധ്യായങ്ങളിൽ എഴുത്തുകാർ ഉപന്യസിക്കുന്നുണ്ട്. ഇത് കേരളീയ മുസ്ലിംകളുടെ സമഗ്രചരിത്രമാണ്.
മഖ്ദൂം കുടുംബം അവരുടെ നാനാതരം നിർവഹണങ്ങൾ, മരക്കാർ പോരാട്ടങ്ങൾ, അലവി തങ്ങളും മകൻ ഫദലും, വെള്ളിയങ്കോട് ഖാസി ഇവരൊക്കെയും ഈ പുസ്തകത്തിൽ അങ്ങനെത്തന്നെ ഉടലെടുത്തു നിൽക്കുന്നു. ബ്രിട്ടീഷ് ദുഷ്ടതയും സവർണ ബ്രാഹ്മണ്യ ദ്രോഹവും സംഘം ചേർന്ന് ആക്രമിച്ചപ്പോൾ അതിനെതിരെ മാപ്പിളമാർ നടത്തിയ ധീരോദാത്തമായ സ്വാതന്ത്ര്യ സമര ത്യാഗങ്ങളെ പുസ്തകം വിശദമാക്കുന്നുണ്ട്. ശേഷം മുസ്ലിം സമൂഹത്തിൽ മക്തി തങ്ങളും ഹമദാനിയും വക്കം അബ്ദുൽ ഖാദറും മുഹമ്മദ് അബ്ദുറഹിമാനും ഉൾപ്പെടെ നിരവധി മഹാ ജീവിതങ്ങൾ നടത്തിയ നവോത്ഥാന പരിശ്രമങ്ങൾ പുസ്തകം ആഖ്യാനിച്ചെടുക്കുന്നു. നൂറുകണക്കിന് പുറങ്ങളിലേക്ക് ഇതിന്റെ വിശദീകരണം നീളുന്നു.
ഓരോ കാര്യവും സൂക്ഷ്മമായ ഗവേഷണം നടത്തിയാണ് എഴുത്തുകാർ പുസ്തകത്തിൽ സമാഹരിക്കുന്നത്. നിരവധി പ്രാചീന കൃതികളെ സൂക്ഷ്മമായ അന്വയത്തിന് വെക്കുന്നുണ്ട് ഈ പുസ്തകം. മാപ്പിളപ്പാട്ടിന്റെ വൈവിധ്യമാർന്ന രസ സംയുക്തങ്ങളെ പ്രതി ദീപ്തിയോടുന്ന വിശദീകരണങ്ങൾ ഈ പുസ്തകത്തിന്റെ മികവ് തന്നെയാണ്. മലബാറിലെ വമ്പൻ തറവാടുകളിലെ പഴം തട്ടുകളിൽ അശ്രദ്ധയിൽ രമിച്ചിരുന്ന ചെമ്പോലകളും ലിഖിതങ്ങളും താളിയോലകളും പരതി നടന്നാണ് ഇതിലേക്ക് വേണ്ട വിവരങ്ങൾ ഇവർ ശേഖരിച്ചത്. എഴുത്തുകാർ പണ്ഡിതർ മാത്രമല്ല ഗവേഷകർകൂടിയാണ് എന്നതുകൊണ്ടുതന്നെ അതിന്റെ മേന്മ വായനക്കാർക്ക് ബോധ്യമാവും. മാപ്പിളമാരുടെ സാംസ്കാരിക ജീവിതത്തെ പ്രതിയുള്ള സമ്പൂർണ ചരിത്രം ഈ പുസ്തകം മുന്നോട്ടുവെക്കുന്നുണ്ട്. ഒപ്പനപ്പാട്ടും അമ്മായി പാട്ടും മിഹ്റാജ് പാട്ടുകളും ഇരവും മദ് ഹും തുടങ്ങി പടപ്പാട്ടുകൾ വരെ ഈ അധ്യായങ്ങളിൽ വന്നുനിറയുന്നു. ഇതോടൊപ്പം കാളി മുഹമ്മദ് മുതൽ കുഞ്ഞായിൻ മുസ്ലിയാരും മോയിൻകുട്ടി വൈദ്യരും ചേറ്റുവായും ഉണ്ണി മമ്മദും അവരുടെ നിരവധി പിൻതലമുറക്കാരും സർവ പ്രൗഢിയോടെയും വന്നുനിന്ന് പുസ്തകത്തിൽ നമ്മോട് സംവാദം നടത്തുന്നു.
ഗവേഷകർക്കും വിദ്യാർഥികൾക്കും മാപ്പിളപ്പാട്ട് കുതുകികൾക്കും ഇതൊരു അമൂല്യ ശേഖരം തന്നെയാണ്. പുസ്തകത്തിന്റെ അവസാന ഭാഗം പക്ഷേ വർത്തമാനകാലത്ത് അനിവാര്യമായൊരു ദത്ത ശേഖരമാണ്. പ്രവാചകന്റെ കാലത്ത് തന്നെ മലയാളത്തിൽ വേരുപിടിച്ച വിശ്വാസത്തിന്റെ ദീപ്തികൊണ്ടും ജനതയുടെ അധ്വാനത്തിന്റെ മാസ്മരികതകൊണ്ടും ഇവിടെ തിടംവെച്ച് വളർന്ന മുസ്ലിം സമൂഹത്തെ പിൽക്കാലത്ത് വികസിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്ത ഒരു നേതൃസംഘമുണ്ട്. ഇത് പ്രതിഭാശാലികളുടെ ഒരു മഹാനിരയാണ്. സാമൂഹിക നായകർ, എഴുത്തുകാർ, കവികൾ, മത പണ്ഡിതർ, സാംസ്കാരിക പ്രവർത്തകർ, ചലച്ചിത്ര പ്രതിഭകൾ ഇവരൊക്കെയും ഇതിൽ ഉൾപ്പെടുന്നു. ഇവരൊക്കെയും ഒന്നുചേരുന്ന ഒരു സംഗമബിന്ദുവുണ്ട്. അത് കേരളീയ മുസ്ലിം സാമൂഹികതയുടെ വിപുലതയാർന്ന പുരോഗാനം തന്നെയാണ്. ഇവരെ പ്രതിയുള്ള വിപുലമായ ഒരു ഡയറക്ടറിയാണ് ഈ ഭാഗം. എണ്ണൂറോളം പുറങ്ങളിലേക്ക് വികസിക്കുന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.