ഞാ​ൻ അ​ത്ത​ര​ക്കാ​ര​ന​ല്ല സ​ർ

പ്രശസ്ത അമേരിക്കൻ പത്രപ്രവർത്തകനായ ലൂയിഫിഷറോട് മഹാത്മാഗാന്ധി പറഞ്ഞു: ‘ഞങ്ങൾ രണ്ട് രാഷ്ട്രങ്ങളല്ല. ഇന്ത്യയിൽ ഞങ്ങൾക്കൊരു പൊതു സംസ്കാരമുണ്ട്. വടക്ക് ഉർദുവും ഹിന്ദിയും ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും അറിയാം. മദ്രാസിൽ ഹിന്ദുക്കളും മുസ്‍ലിംകളും തമിഴ് സംസാരിക്കുന്നു. ബംഗാളിൽ അവർ രണ്ടുകൂട്ടരും ബംഗാളിയും സംസാരിക്കുന്നു. അല്ലാതെ അവിടെ ആരും ഹിന്ദിയോ ഉർദുവോ സംസാരിക്കുന്നില്ല. വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെടുമ്പോൾ അവരെ എപ്പോഴും പ്രകോപിപ്പിക്കുന്നത് പശുക്കളെ കുറിച്ചുള്ള സംഭവങ്ങളും മതപരമായ ഘോഷയാത്രകളുമാണ്. ഇതിന്റെ അർഥം കുഴപ്പം സൃഷ്ടിക്കുന്നത് ഞങ്ങളുടെ അന്ധവിശ്വാസങ്ങളാണ്; അല്ലാതെ വെവ്വേറെയുള്ള ദേശീയത്വമല്ല എന്നാണ്.

പുല്ല് തിന്ന് ചാണകമിട്ട് പാലുചുരത്തുന്ന പാവം പശുവിനെ ഒരു ഭീകര ജന്തുവാക്കിയതും ഉത്സാഹം ഉൽപാദിപ്പിക്കേണ്ട മതഘോഷയാത്രകളെ, ചോരയൊഴുക്കും വിധം നിറംകെടുത്തിയതും ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രമാണ്. മഹാത്മാഗാന്ധി മറ്റാരെക്കാളും പശുവിനെ ‘മാതാവായി’ പൂജിക്കുകയും പലതവണ അക്കാര്യം ആവർത്തിക്കുകയും ചെയ്തു. മാനവികതക്ക് മുറിവേൽപിക്കാത്ത മതഘോഷയാത്രകളെയും അദ്ദേഹം എതിർത്തില്ല. എന്നിട്ടും, ദേശീയതയെ കുറിച്ചുള്ള ആലോചനയിൽ മതഘോഷയാത്രകളെയും പശുവിനെയും അദ്ദേഹം ഉൾപ്പെടുത്തിയത് കുഴപ്പമുണ്ടാക്കുന്ന അന്ധവിശ്വാസങ്ങളുടെ പട്ടികയിലാണെന്നുള്ളത് ‘പൗരത്വ’ വിവാദ കോലാഹല വർത്തമാനകാല വേളയിൽ അത്യന്തം ശ്രദ്ധേയമാണ്.

രണ്ടും സത്യത്തിൽ അപകടകരമാവുന്നത് അത് വെറും അന്ധവിശ്വാസമാവുന്നതുകൊണ്ടല്ല, ‘അധിനിവേശ’ അജണ്ടയുടെ ഭാഗമായ അന്ധവിശ്വാസമാവുന്നതുകൊണ്ടും ‘ഭരണകൂട’ത്താൽ ആ അന്ധവിശ്വാസങ്ങൾ ആഘോഷിക്കപ്പെടുന്നതുകൊണ്ടും കൂടിയാണ്. ഇന്ത്യൻ നവഫാഷിസം പശുവിനെയും മതഘോഷയാത്രകളെയും മുൻനിർത്തി മുമ്പേ ആരംഭിച്ച വിസ്തൃത ദേശീയ ഐക്യം തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ പൗരത്വത്തിന്റെ അടിസ്ഥാനത്തെ ‘മത’മാക്കി തീർക്കാനുള്ള ഒരുക്കങ്ങളിലും തെളിയുന്നത്.

പശു, മതഘോഷ യാത്രകൾ, ഭാഷ, വിശ്വാസം, വസ്ത്രം, അഭിരുചികൾ ഇവയൊന്നും സ്വയം സംഘർഷം സൃഷ്ടിക്കുകയില്ല. ഇവയുടെ പേരിൽ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ വെച്ചുപുലർത്തുന്ന അന്ധവിശ്വാസങ്ങൾ പോലും അതവരിൽ മാത്രമായി ഒതുങ്ങിനിൽക്കുമെങ്കിൽ ഒരു രാഷ്ട്രത്തെ കീഴ്മേൽ മറിക്കുംവിധം അപകടകരമായി തീരുകയില്ല. നവോത്ഥാന ശ്രമങ്ങൾകൊണ്ടും രാഷ്ട്ര നയങ്ങൾകൊണ്ടും ഏറക്കുറെ അതിന് തടയിടാനും കഴിയും.

എന്നാൽ, ഒരു ജന്തുവിനെ ആരാധിക്കാനുള്ള അവകാശവും അതേ ജന്തുവിനെ ആരാധിക്കാതിരിക്കാനുള്ള അവകാശവും വ്യത്യസ്ത സമീപനങ്ങൾ സൗഹൃദപൂർവം നിലനിർത്തി മുന്നോട്ടുപോയാൽ മഹാത്മാഗാന്ധി കണ്ട ഒരു കുഴപ്പവും ‘ദേശീയത’യിൽ ഉണ്ടാവുകയില്ല.

മനുഷ്യർ വ്യത്യസ്തതകളെ ഉൾക്കൊള്ളുംവിധം സാംസ്കാരികമായി ഉയർന്നാൽ, ഏത് ജന്തുവിനെ തിന്നാലും തിന്നില്ലെങ്കിലും പരസ്പരം കൊല്ലരുതെന്ന്, ‘ആയുസിന്റെ പുസ്തക’ത്തിൽ വിറക്കാത്ത കൈകളോടെ ഒപ്പുവെക്കാനവർക്ക് കഴിയും. പൗരത്വമെന്നത് ഒരു ദേശത്ത് പരസ്പര സൗഹൃദത്തോടെ ജനായത്ത മൂല്യങ്ങൾ സ്വാംശീകരിച്ച് സ്വന്തം രാജ്യത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരുടെയും അവകാശമാണ്. തൊഴിൽപരമായോ മറ്റു കാരണങ്ങളാലോ ഇപ്പോഴുള്ള പൗരത്വം ഉപേക്ഷിച്ച്, മറ്റു രാഷ്ട്രങ്ങളുടെ പൗരത്വം സ്വീകരിക്കാനും ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്.

എന്നാൽ, ഇവിടെ ജനിച്ചവരും ഇവിടെ ജീവിക്കുന്നവരും ഇവിടെത്തന്നെ തുടരാൻ ആഗ്രഹിക്കുന്നവരുമായ ആരുടെയും ഒരു മുടിയിഴ പിഴുതെടുക്കാൻപോലും ജനായത്തമൂല്യങ്ങൾ പിന്തുടരുന്ന ഒരു സാമൂഹിക ക്രമത്തിൽ ആർക്കും സ്വാതന്ത്ര്യമുണ്ടാവുകയില്ല. ദേശീയത കൽപിക്കലും അനുസരിക്കലുമല്ല, വ്യത്യസ്തതകൾ നിലനിർത്തിയുള്ള ഒത്തുചേരലും ഒത്തുപോവലും ഒന്നിക്കലുമാണ്. ‘പോടാ ബ്രിട്ടാ’ എന്ന് മുമ്പ് സ്വാതന്ത്ര്യ സമരകാലം ഒന്നിച്ചാർത്തു വിളിച്ചത്, അവർ പുറത്തുനിന്ന് വന്നവരായതുകൊണ്ടല്ല, അകത്ത് പലതരം ‘കുഴപ്പങ്ങൾ’ ഉണ്ടാക്കിയതുകൊണ്ടാണ്. പൗരത്വ നിയമങ്ങൾ കാലോചിതമാക്കേണ്ടത് ഒരു ജനതയുടെ ‘കരുത്ത് വർധിപ്പിക്കാനാവണം.

കുഴപ്പമുണ്ടാക്കാനാവരുത്. സൂക്ഷ്മാർഥത്തിൽ ദേശീയതയും പൗരത്വ പരികൽപനകളും പരമാവധി പഴയ ‘മുൻവിധി’കളിലധിഷ്ഠിതമായ ‘കുഴപ്പങ്ങൾ’ ഒഴിവാക്കാനുള്ളതാണ്. നമ്മൾ പരസ്പരം മുൻവിധികൾ മാറ്റിവെച്ച് കൈപിടിച്ച് കുലുക്കുകയും ഒരു കപ്പിൽനിന്നും ചായ കുടിക്കുകയും ചെയ്തിരുന്നുവെങ്കിൽ ‘പാകിസ്താൻ’ ഉണ്ടാവുമായിരുന്നില്ലെന്ന് ‘നിശ്ശബ്ദതയുടെ മറുപുറം’ എന്ന ശ്രദ്ധേയമായ പുസ്തകത്തിൽ ഉർവശി ബുട്ടാലിയ എഴുതിയത് മറന്നുപോവരുത്. ‘ഇന്നലെ ഞാനും നാരായണൻ കുട്ടിയും അയൽക്കാരായിരുന്നു. ഇപ്പോൾ ഞങ്ങൾ രണ്ട് രാഷ്ട്രങ്ങളായി’ എന്ന് റഫീക്ക് അഹമ്മദ്!

ദേശീയത ഒരു രാഷ്ട്രത്തിലെ ജനങ്ങൾ തമ്മിലുള്ള രക്തബന്ധമല്ല, വംശശുദ്ധിയല്ല, അവർ പങ്കുവെക്കുന്ന ഏകമത ബോധമല്ല, ഒന്നിനോടുമുള്ള ആരുടെയും നിരുപാധിക കൂറല്ല, ഭൂ ഭക്തിയല്ല, ദേശപൂജയല്ല, പുണ്യ-പാപ സമീപനവുമല്ല, അനാദിയായ ഒരത്ഭുതവുമല്ല, അതൊരു ചരിത്ര ചട്ടക്കൂടിനകത്തെ രാഷ്ട്രീയ സത്യവും അതിനോടനുബന്ധമായി സൃഷ്ടിക്കപ്പെടുന്ന വൈകാരിക അനുഭവങ്ങളുടെ സംഗ്രഹവുമാണ്. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾക്ക് സംവാദാത്മക സൗഹൃദം പുലർത്താൻ കഴിഞ്ഞാൽ ദേശീയത സുഗന്ധം പരത്തും. ഇല്ലെങ്കിൽ അതുമതി കെട്ട് നാറാൻ! ദേശീയതയുടെ പ്രാണനായി നിലകൊള്ളേണ്ട ‘പൗരത്വ നിയമം’, അതിന്റെതന്നെ ചങ്ക് പിളർക്കും വിധം മൂർച്ചയുള്ള ഒരായുധമായി മാറുമോയെന്ന ഉത്കണ്ഠ ഇന്ത്യയിൽ ഇന്ന് ഉയർന്നുകഴിഞ്ഞു. ആ ഉത്കണ്ഠയാണ് മലയാളത്തിന്റെ അഭിമാനമായ എൻ.എസ്. മാധവൻ ‘മുംബൈ’ എന്ന, ഇപ്പോൾ വീണ്ടും വായിക്കേണ്ട കഥയിൽ മുമ്പേതന്നെ അഗാധമാംവിധം ആവിഷ്കരിച്ചത്.

സത്യമായും ആരൊക്കെ എന്തൊക്കെ സാന്ത്വന വാക്യങ്ങൾ ഉച്ചരിച്ചാലും ബീരാൻ കുഞ്ഞിന്റെയും ഫാത്തിമയുടെയും മകൻ മലപ്പുറം പാങ്ങ് സ്വദേശി അസീസിന്റെ അസ്വസ്ഥത ‘ഒരു സമകാലിക ഇന്ത്യൻ സത്യമായി തുടരും. ‘പിതാവിന്റെ പിളർന്ന ഹൃദയത്തിൽ കൈക്കുഞ്ഞിനെ അടക്കം ചെയ്ത ഘാതകന്റെ പരിഹാസ നീതി’ ന്യായത്തെയല്ല, പരമമായ നീതിയെയാണ് ഫാഷിസ്റ്റ് വെറുപ്പിന്റെ തീയിലേക്ക് കീറിയെറിയുന്നത്. സ്വന്തം പൗരത്വം തെളിയിക്കാനാവാതെ നിസ്സഹായനായ അസീസ് രോഷാകുലനായി, നിങ്ങളെങ്ങനെ സ്വന്തം പൗരത്വം തെളിയിക്കുമെന്ന്, പ്രമീളാദേവിയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇത്രമാത്രം ‘ഞാനെന്റെ പേര് പറയും’, പ്രമീളാദേവി ചിത്പാവൻ ബ്രാഹ്മിൻ മഹാരാഷ്ട്രക്കാരി. അതിൽ എല്ലാമുണ്ട്. ഭൂമിശാസ്ത്രവും തത്ത്വചിന്തയും ദേശീയതയും. എന്നിട്ടവർ അസീസിന്റെ നേരെ തിരിഞ്ഞ് പരിഹാസത്തോടെ ചോദിച്ചു: ‘അങ്ങനെ​യാണോ നിന്റെ പേര്?’

അകാലത്തിൽ സ്വന്തം പുസ്തക പ്രകാശന ദിവസം നമ്മെ വിട്ടുപിരിഞ്ഞ പ്രിയ ഗഫൂർ അറക്കലിന്റെ ‘ഞാൻ അത്തരക്കാരനല്ല സാർ’ എന്ന കവിതയും പങ്കുവെക്കുന്നത് പൗരത്വ നഷ്ടഭീതിയുടെ പുകച്ചിലാണ്. ഇതൊന്നും പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്നും വരുന്ന പീഡിതർക്ക്, പൗരത്വം നൽകുന്നതിനെ കുറിച്ചല്ല, സ്വന്തം രാജ്യത്തെ പൗരരെ മതാടിസ്ഥാനത്തിൽ സംശയത്തിന്റെ സൂചിമുനയിൽ അകാരണമായി കുത്തനെ നിർത്തുന്നതിനെ കുറിച്ചോർത്താണ് ഉള്ളുരുകുന്നത്. സ്വന്തം പൗരാവകാശങ്ങൾക്ക് മേൽ, സംശയത്തിന്റെ നിഴൽ വീഴുന്നൊരവസ്ഥയെയാണ്, സ്വന്തം രാജ്യത്ത് ഒരനാവശ്യ വസ്തുവായി തങ്ങൾ മാറ്റപ്പെടുമോ എന്നൊരാശങ്കയെയാണ്, മതനിരപേക്ഷ സമൂഹമൊന്നാകെ പൗരത്വ സംവാദത്തിൽ ഇന്ന് പങ്കുവെക്കുന്നത്. ‘The greatest disease in the world is not cancer, AIDS, leprosy; but it is the feeling of being unwanted’ (മദർ തെരേസ).

പുറത്തുനിന്ന് അകത്തേക്ക് മനുഷ്യരെ പ്രവേശിപ്പിക്കാനും അകത്തുള്ളവരെ പുറത്തേക്ക് തള്ളാനും കഴിയും വിധമാണ് പൗരത്വ ഭേദഗതി നിയമം പ്രവർത്തിക്കുക. ജീവിതത്തിൽ ഒരു ഇംഗ്ലീഷ് വാക്കുപോലും അറിയാത്ത അസമിലെ സാധാരണക്കാർപോലും ഇന്ന് ‘ലെഗസി ഡോക്യുമെന്റ്, ലിങ്ക് പേപ്പർ, റീ വെരിഫിക്കേഷൻ, റഫ്യൂജി സർട്ടിഫിക്കറ്റ്, സർട്ടിഫൈഡ് കോപ്പി’ എന്നെല്ലാം ഏതുറക്കത്തിലും വിളിച്ചുപറയും. സ്​പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ പഠിച്ചിട്ടല്ല, പൗരത്വ പ്രതിസന്ധിയിൽ പെട്ടതുകൊണ്ട്!

‘ജീവിതത്തിൽ ആദ്യമായാണ് സാർ

നമ്മുടെ ഇന്ത്യയുടെ മാപ്പ് വരച്ച്...

ലഹള നടന്നപ്പോൾ പേടിച്ചോടിയ ഗുജറാത്തിലെ കച്ചും

സ്വാതന്ത്ര്യ ദിനത്തിൽ കൊടിയേറ്റുന്ന ചെങ്കോട്ടയുള്ള ഡൽഹിയും

പെൻസിൽകൊണ്ട് അടയാളപ്പെടുത്തിയത്.

പക്ഷേ, സത്യമായും ഞാനിതുവരെ

കശ്മീരിൽ പോയിട്ടില്ല സാർ.

ചിത്രകല പഠിച്ചിട്ടുമില്ല സാർ.

കശ്മീർ അതിലില്ലാത്തത്

അറിവില്ലായ്മ കൊണ്ടുവന്ന തെറ്റാണ് സാർ.

ഞാൻ അത്തരക്കാരനല്ല സാർ.

ഇന്ത്യാ മാപ്പിന്റെ നടുക്കു ഭോപാലിൽ

സിമന്റ് ചുമന്നിട്ടാണ് സാർ

എന്റെ പിടലിക്ക് ഇത്ര വണ്ണം വെച്ചത്.

എന്നെ ഭീകരവാദിയാക്കി

ജാമ്യം കിട്ടാത്ത വകുപ്പ് ചാർത്തി

ജീവിതകാലം മുഴുവൻ ജയിലിലാക്കല്ലേ സാർ.

ഭാര്യയും മക്കളുമുള്ള ഞാൻ

എങ്ങനെയെങ്കിലും ജീവിച്ചോട്ടെ സാർ...’

2010ൽ ഖത്തർ പൗരത്വത്താൽ ആദരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ, 2011ൽ ‘രാജ്യഭ്രഷ്ടനായി ലണ്ടനിലെ റോയൽ ബ്രോംടൺ ഹോസ്പിറ്റലിൽ മരിച്ചിട്ടില്ലായിരുന്നെങ്കിൽ ‘ഇന്ത്യൻ പിക്കാസോ’ എന്ന് പ്രശംസിക്കപ്പെട്ട എം.എഫ്. ഹുസൈൻ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹവും വരക്കുക, പൗരത്വ നഷ്ടഭീതിയുടെ ചങ്ക് പിളർക്കുന്ന ദൃശ്യങ്ങളായിരിക്കും. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളത്തിന്റെ മുഖ്യമ​ന്ത്രി പിണറായി വിജയൻ, സർവമനുഷ്യരുടെയും ഒരുമിച്ച് പരിക്കേൽക്കാതെ ജീവിക്കാനുള്ള ഇച്ഛയെ, ഫാഷിസ്റ്റ് ആക്രോശങ്ങളെ അവഗണിച്ച്, ‘പൗരത്വ’ നിയമം കേരളത്തിൽ നടപ്പാക്കുകയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചത്. അത് അരക്ഷിതത്വം അനുഭവിക്കുന്നവർക്കിടയിലും ഒരു വിഭാഗത്തെ അരക്ഷിതത്വത്തിലേക്ക് വലിച്ചെറിയുന്നത് തങ്ങളെയും അനാഥരാക്കുമെന്ന് തിരിച്ചറിയുന്നവർക്കിടയിലും ഉൽപാദിപ്പിച്ചത് മതനിരപേക്ഷ ഊർജമാണ്.

ഴാങ് അനൂയിയുടെ പ്രശസ്തമായ ‘ആന്റിഗണി’ നാടകത്തിൽ സർവ അധികാരശക്തികളെയും കിടിലംകൊള്ളിച്ചുകൊണ്ട്, സ്വയം ഭീകരാധികാരത്തിന് വെളിയിൽ കടക്കാനൊട്ടും എളുപ്പമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, രാജ്യദ്രോഹിയായി മുദ്രകുത്തി, കഴുകുകൾക്ക് കൊത്തിവലിക്കാനും അതുവഴി ജനങ്ങളെ ഭീതിപ്പെടുത്താനും വേണ്ടി മറവുചെയ്യാതെ ഉപേക്ഷിക്കപ്പെട്ട സ്വന്തം സഹോദരൻ പോളിനോസസിന്റെ മൃതദേഹം, രാജശാസനകൾ വെല്ലുവിളിച്ച് ആരുടെയും സഹായമില്ലാതെ, ആന്റിഗണി മറവുചെയ്യാൻ ശ്രമിക്കുന്നതും പിടിക്കപ്പെടുന്നതും ഒടുവിൽ ഗുഹയിലടച്ചു കൊല്ലുന്നതും അത്യന്തം ഉദ്വേഗഭരിതമാണ്.

എന്നാൽ, സർവാധികാരിയായ ഒരു ‘കേന്ദ്രത്തെ’ നിന്നെപ്പോലൊരു സംസ്ഥാനത്തിന് ഒന്നുംചെയ്യാൻ കഴിയില്ലെന്ന് പരിഹസിച്ച ക്രയോൺ രാജാവിനോട് ആന്റിഗണി അവസാനമായി പറഞ്ഞത്, ‘നിന്റെയധികാരത്തെ കുറിച്ചൊക്കെ നിന്നേക്കാൾ എനിക്ക് നന്നായറിയാം, പക്ഷേ, ക്രയോൺ ഒരാൾക്ക് ചെയ്യാൻ കഴിയുന്നത് അയാൾ ചെയ്തിരിക്കണം. അങ്ങനെയങ്ങനെ എല്ലാവരും തങ്ങൾക്കാവുന്നത് ചെയ്യാൻ തുടങ്ങിയാൽ പിന്നെ നീയും നിന്റെ കോട്ട കൊത്തളങ്ങളും പൊളിയും’. കേരള മുഖ്യമന്ത്രി പൗരത്വഭേദഗതി നിയമകാര്യത്തിലിടപ്പെട്ടുകൊണ്ട് പഞ്ഞതുപോലെ എല്ലാ മുഖ്യമന്ത്രിമാരും പറയാനാരംഭിച്ചാൽ മതനിരപേക്ഷ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നവരെല്ലാവരും ഒന്നിച്ചാൽ, പിന്നെന്ത് ക്രയോൺ!

Tags:    
News Summary - Neo-fascism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.