കലികാലകാളിയൻ -കവിത

ഞാൻ, തെളിഞ്ഞൊഴുകിയ പുഴ
നീ, ഉഗ്രവിഷമുള്ള കാളിയൻ .
നീ വിഷം ചീറ്റി എന്നിൽ പടർന്നു കയറി
എൻ്റെ നിർമലമായ ജീവിതത്തിൽ
കാളിമ കലർന്നു.
എന്നിലെ പ്രണയ മത്സ്യങ്ങൾ
ചത്തൊടുങ്ങി
നിന്റെ വിഷക്കാറ്റേറ്റ്
എന്റെ ചിദാകാശത്തിൽ
പറന്നുയർന്ന
സ്വപ്നമോഹങ്ങൾ തൻ
പക്ഷികൾ
ചിറകു കരിഞ്ഞു താഴെ വീണു.

എന്റെ പ്രത്യാശയുടെ പശുക്കുട്ടികൾ
നിന്റെ വിഷജലം കുടിച്ച്
ജീവിതക്കരയിൽ വന്നടിഞ്ഞു
നാളെയുടെ പ്രതീക്ഷകൾ
എന്റെ ബാലകൻമാർ
നീ ചീറ്റുന്ന
വിഷം കലർന്ന
വെള്ളം കുടിച്ച്
എന്റെ ഓരത്ത് മരിച്ചു മരവിച്ചു കിടന്നു
നവകാളിയന്റെ
ദുർവൃത്തിയുടെ പത്തികളിൽ
നൃത്തമാടാൻ
കൃഷ്ണാ നീയെവിടെ ?
കപട സ്നേഹത്തിൻ
വിഷം ചീറ്റും
നവകാളിയന്റെ ഹൃദയം
തല്ലിത്തകർക്കാൻ
കൃഷ്ണാ നീയെവിടെ?
അഭിനവ കാളീയന്റെ
അഹന്തയുടെ പത്തികളിൽ
നടനമാടാൻ
രക്ഷകനായി
കൃഷ്ണാ നീയെന്നു വരും.
എന്നിലെ പ്രണയ മത്സ്യങ്ങൾ
എന്ന് തിരിച്ചു വരും.
എന്റെ സ്വപ്നമോഹങ്ങൾ തൻ
പക്ഷികൾക്ക്
കണ്ണാ നീയെന്ന് ജീവനേകും
എന്റെ പ്രത്യാശയുടെ ഗോക്കൾക്ക്
ചേതനയേകി
കണ്ണാ നീയെന്ന് ദാഹജലം പകരും
എന്റെ നാളെയുടെ പ്രതീക്ഷകൾ
ബാലകൻമാർ
അവർക്ക്
കൃഷ്ണാ നീയെന്ന്
പുതുജീവൻ നൽകും
പുരാണത്തിലെ കാളിയനെ മർദ്ദനത്തിലൂടെ
കണ്ണാ നീയകറ്റി
കാളിന്ദിയെ ശുദ്ധീകരിച്ചു
ഇന്നെന്റെ ജന്മ നദിയെ
പുതിയ കാളിയൻ
വിഷമയമാക്കി മാറ്റി.
കണ്ണാ നീ എന്റെ
ജന്മനദിയെ വിമലീകരിച്ച്
എനിക്ക്
ഒരു പുതിയ ജീവിതം നൽകൂ.
ഇന്ന്  ഇന്നലെ ഓർമ്മയാണ്
നാളെ സ്വപ്നവും.

പ്രമോദ് കുറ്റിയിൽ        വര: ഉണ്ണി അരുൺ


 


Tags:    
News Summary - Poetry by Pramod Kuttiyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.