തൃശൂർ: മുംബൈയിലെ ഗ്ലാമർ റോളുകളിൽ നിന്ന് ‘പരദേശി’യിലെ ആമിനയിലേക്കുള്ള പ്രവേശമാണ് തന്റെ ഉള്ളിലെ നടിയെ പൂർണാർഥത്തിൽ വാർത്തെടുത്തതെന്ന് നടി ശ്വേത മേനോൻ. ആമിന എന്ന കഥാപാത്രം പൂർണമാകുന്നത് നടി സീനത്തിന്റെ ശബ്ദം കൊണ്ട് കൂടിയാണെന്നും അവർ പറഞ്ഞു. ‘പി.ടി. കലയും കാലവും’ സാംസ്കാരിക മേളയുടെ രണ്ടാം ദിവസത്തെ ചലച്ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്വേതാമേനോൻ. മലയാള സിനിമയിലെ അഭിനയത്തിന്റെ ആദ്യ പാഠങ്ങൾ താൻ പഠിച്ചത് ‘പരദേശി’യുടെ ചിത്രീകരണ വേളയിലായിരുന്നുവെന്നും ശ്വേത ഓർമിച്ചു.
രാഷ്ട്രീയ, സമുദായ മേഖലകളിൽ സൗകര്യപൂർവം മാറ്റിനിർത്തിയതും കാണാതെ പോയതുമായ പ്രശ്നങ്ങളാണ് പി.ടിയുടെ സിനിമകൾ ആവിഷ്കരിച്ചതെന്ന് ജി.പി. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഗർഷോം സിനിമയുടെ 25ാം വാർഷികത്തിന്റെ ഭാഗമായി അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും ആദരിച്ചു. ജി.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. പോക്കർ, കെ. ഗിരീഷ് കുമാർ, എ.ഒ. സണ്ണി, സുനിൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പി.ടി. മലയാള സിനിമയെ അട്ടിമറിച്ചു -ഡോ. പി.കെ. പോക്കർ
തൃശൂർ: പി.ടി. മലയാള സിനിമയിൽ നടത്തിയത് അട്ടിമറിയാണെന്നും അത് കൃത്യമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഡോ. പി.കെ. പോക്കർ. സൈദ്ധാന്തികനായ എഡ്വേർഡ് സൈദിന്റെ പാശ്ചാത്യ-കേന്ദ്രീകൃത വാദത്തിന്റെ പിന്തുടർച്ചയെന്നോണമാണ് മലയാള സിനിമയിലൂടെ പി.ടി. തമസ്ക്കരിക്കപ്പെട്ട സമൂഹത്തെ വെളിച്ചത്തേക്ക് കൊണ്ടു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പി.ടി. കലയും കാലവും’ സാംസ്കാരിക മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രം വരച്ചതിന്റെ പേരിൽ രാജ്യം വിട്ട് പോവേണ്ടി വന്ന കലാകാരന്മാർ ഉള്ള മതേതര രാജ്യമാണ് ഇന്ത്യയെന്നും ഇവിടെ മതേതരത്വത്തിന്റെ പ്രസക്തി എന്താണെന്ന് യുക്തിയോടെ വീണ്ടുവിചാരം നടത്തണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.