തെരത്തിപായൽ മൂടിക്കിടന്ന തുരുത്തിലൂടെ വർഷങ്ങൾക്ക് ശേഷം നടന്നപ്പോൾ നാരങ്ങാമിഠായിയുടെ രൂപമുളള പഴയ മാങ്ങാ സോപ്പിന്റെ ഗന്ധം അയാളുടെ മൂക്കിനെ ഒരു തവണകൂടി തൊട്ടു. രോമങ്ങൾ ജലത്തിന്റെ നനവിൽ വിറയാർന്നുയരുന്നതായി അയാൾക്ക് തോന്നി. കാതുകളിൽ പരിചിതമായ ശബ്ദം മുഴങ്ങി: കണ്ണാ കുളിക്കുന്നില്ലേ നീ? വീഴാതെ പതിയെ ഇറങ്ങി വാ.
പൊടുന്നനെ അയാളുടെ നെഞ്ചിൽ ഭാരമനുഭവപ്പെട്ടു. കണ്ണുകൾ നനവാർന്നു. വരണ്ട ചുണ്ടിൽ ഒരു പേരുതിർന്നു: കുഞ്ഞമ്മിണി. വഴിച്ചാമ്പലിൽനിന്ന് കുഞ്ഞമ്മിണിക്കൊപ്പം കുളിക്കാനിറങ്ങിയ കരിങ്കൽക്കെട്ടുകളെ അയാൾ സ്നേഹത്തോടെ നോക്കി. തന്നോട് തന്നെ ചോദിച്ചു. ആരായിരുന്നു കുഞ്ഞമ്മിണി. ബാല്യത്തിൽ തുണനിന്ന അച്ഛൻ പെങ്ങൾ, മുള്ളൻപഴമടർത്തിയിട്ട് ആനന്ദത്തിന്റെ അന്നമൂട്ടിയ ഉപാധികളില്ലാത്ത സ്നേഹം, തുള്ളിപ്പനിച്ച രാത്രികളിൽ ഉറക്കമൊഴിച്ചിരുന്ന് നെറ്റിയിൽ തിരുഹൃദയത്തിന്റെയിലയരച്ചിട്ട് പനിച്ചൂടാറ്റിയ വാത്സല്യം, വീടും പറമ്പും പണയപ്പെടുത്തി വിയർത്തൊലിച്ചുണ്ടാക്കിയ പൊന്നുവിറ്റ് തന്നെ കടലുകടത്തിയ പുണ്യം.
തുരുത്തിലെ കടവിൽ കുഞ്ഞമ്മിണി കുളിക്കാൻ പോയപ്പോൾ അവളുടെ തലവഴി ഒരടയ്ക്കാമരം വീണു. കരയിലെ മൂഞ്ചിക്കോതകൾ അന്നടക്കം പറഞ്ഞു: അറിഞ്ഞോ തെനാലയുടെ പെണ്ണിന് ഭ്രാന്തായി. സത്യത്തിൽ കുഞ്ഞമ്മിണിക്ക് ഭ്രാന്തുണ്ടായിരുന്നോ? നിങ്ങൾ എന്നെ കെട്ടിക്കണ്ട എനിക്കീ വീടും പറമ്പുംമാത്രം മതി. അവളുടെ ഭ്രാന്തായിരുന്നോയിതു പറയിച്ചത്? നൂറ്റിമുപ്പത് ഷാപ്പിലിരുന്ന് മൂക്കറ്റം പാലക്കാടൻ നോന്തി മോന്തി കണ്ണിൽ കാണുന്നവരോടൊക്കെ ജീവിച്ചാലും മരിച്ചാലും ഞാൻ കന്യകയായിരിക്കുമെടാ എന്ന് വീമ്പുപറഞ്ഞത് അവളുടെ മാനസികനില തെറ്റിയതുകൊണ്ടായിരുന്നോ? ലതാ തിയറ്ററിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ പിന്നാമ്പുറത്ത് പിടിച്ചവനെ ലൂണാറൂരിയടിച്ചത് ഭ്രാന്തിന്റെ സൂചനയായിയുന്നോ? തന്നെ തിരിഞ്ഞു നോക്കാത്ത സഹോദരന് മുന്തിയ രോഗം പിടിപെട്ടപ്പോൾ അയാളെ മരണംവരെ നോക്കിയത് അവൾക്കുവട്ടുണ്ടായിട്ടാണോ? ചെറുപ്പത്തിൽ ഉപ്പുമാവുകൊടുത്തു എന്ന ഒറ്റ കാരണത്താൽ തുരുത്തിൽ വെള്ളം പൊങ്ങിയ കൊല്ലം പൗലോച്ചന്റെ മലപോലെയിരുന്ന തള്ളയെ പൊക്കിയെടുത്ത് അക്കര നിറമേലെത്തിച്ചത് അവളുടെ ഉന്മാദമായിരുന്നോ?
ഭാര്യയുടെ വാക്കുകേട്ട് അയാൾ തിരുത്തിലേക്ക് വന്നത് കുഞ്ഞമ്മിണി തന്റെ പേരിലെഴുതിവെച്ച പുരയിടത്തിന്റെ ആധാരം സ്വന്തമാക്കാനായിരുന്നു. എന്നാൽ, വീടിനകത്ത് പ്രവേശിച്ചതും അയാളെ കുറ്റബോധം തീണ്ടി. കുഞ്ഞമ്മിണിയുടെ മരണത്തിനുപോലും എത്താതിരുന്ന താനൊരു മനുഷ്യനെല്ലന്ന് അയാൾക്ക് തോനി. കുഞ്ഞമ്മിണി അയാൾക്കായി കരുതിവെച്ച ആധാരം അയാൾ കരഞ്ഞുകൊണ്ട് കീറിയെറിഞ്ഞു. പക്ഷേ, തുരുത്തിൽനിന്ന് മടങ്ങുമ്പോൾ അയാളുടെ കൈയിൽ വലിയൊരു പെട്ടിയുണ്ടായിരുന്നു. അതിൽ കുഞ്ഞമ്മിണി അയാൾക്ക് വാങ്ങിക്കൊടുത്ത കളിപ്പാട്ടങ്ങളായിരുന്നു. കുഞ്ഞുടുപ്പുകളായിരുന്നു. കുഞ്ഞുനാളിൽ അയാളെഴുതിയ മുത്തുള്ള സ്ലേറ്റും ചോക്കുപെൻസിലും മഷിത്തണ്ടുകളുമായിരുന്നു. കുഞ്ഞമ്മിണിയും അയാളും നിൽക്കുന്ന ഒരു പഴഞ്ചൻ ഫോട്ടോ അയാൾ മാറോട് ചേർത്തിരുന്നു. അതായിരുന്നു അയാളുടെ സ്വത്ത്. മുന്നോട്ടു നടക്കുമ്പോൾ ആരോ അയാളോട് പറയുന്നുണ്ടായിരുന്നു: കണ്ണാ വീഴല്ലേ... പതിയെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.