പഠനകാല ഓർമകളിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ കോട്ടയം സി.എം.എസ് ഹൈസ്കൂളിലെ പ്രൈമറി ക്ലാസിൽ പഠിപ്പിച്ച ആ ഗണിതശാസ്ത്ര അധ്യാപകനാണ് ആദ്യം ഓർമയിലെത്തുക. ഗണിതം, ജീവിതത്തിൽ ഒരുതരത്തിലും ആവശ്യമില്ലെന്നായിരുന്നു അന്ന് ഞങ്ങൾ കുട്ടികളുടെ ധാരണ. എന്നാൽ, എത്ര പഠിച്ച് എന്ത് ജോലിചെയ്താലും ഗണിതശാസ്ത്ര ജ്ഞാനം ഇല്ലാതെ ഒരു മേഖലയിലും വിജയം കാണാൻ കഴിയില്ലെന്ന ആ അധ്യാപകന്റെ വാക്കുകളോളം എന്റെ കരിയറിനെയും ജീവിതത്തെയും സ്വാധീനിച്ച മറ്റൊന്നില്ല. പിന്നെ, വർഷങ്ങൾ കഴിഞ്ഞ് ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയപ്പോൾ, അന്ന് പ്രൈമറി ക്ലാസിലെ ഗണിതാധ്യാപകൻ പറഞ്ഞുതന്ന ചിന്തകൾ ഓർമയിലെത്തി. രോഗിക്ക് മരുന്ന് കുറിക്കുന്നതുമുതൽ ചെയ്യുന്ന ഓരോ കാര്യങ്ങളിലുമുണ്ടല്ലോ ഗണിതത്തിന്റെയും ചില വശങ്ങൾ. അങ്ങനെ, നിസ്സാരമെന്ന് തോന്നാമെങ്കിലും ആ ഉപദേശങ്ങൾ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നതായിരുന്നു.
അങ്ങനെ കുഞ്ഞുനാൾതൊട്ട് അറിവ് പകർന്നുതന്ന ഓരോ അധ്യാപകരും നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ നിർണായകമായിരുന്നു. അവരിൽ പലരുമായും പിന്നീടുള്ള കാലവും ഇപ്പോഴും ബന്ധം നിലനിർത്താൻ കഴിയുന്നുവെന്നത് അഭിമാനത്തോടെയാണ് ഈ അധ്യാപക ദിനത്തിൽ ഓർക്കുന്നത്.
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പഠിപ്പിച്ച നാല് പ്രഫസർമാർ മികച്ച അധ്യാപകരും ഏറ്റവും നല്ല സുഹൃത്തുക്കളുമായിരുന്നു. ഡോ. പ്രഫ. എസ്.കെ. കഖർ, ഡോ. പ്രഫ. ബി.എം. അബ്രോൾ, പ്രഫ. സൂദ്, പ്രഫ. ഘോഷ് എന്നീ നാലുപേർ ഞങ്ങൾക്ക് വെറും അധ്യാപകർ മാത്രമായിരുന്നില്ല. പഠന പ്രവർത്തനങ്ങളിൽ നയിക്കുന്നതിനൊപ്പം മാർഗദർശികളും ഏറ്റവും നല്ല സുഹൃത്തുക്കളുമായി മാറി. 1978ൽ എയിംസ് പഠനം കഴിഞ്ഞിറങ്ങി, വർഷങ്ങൾക്കുശേഷം മകന്റെ വിവാഹം ക്ഷണിക്കാനായി വിളിച്ചപ്പോൾ, എന്റെ ഇരട്ട മക്കളുടെ പേരെടുത്തുപറഞ്ഞ്, അവരിൽ ആരുടെ വിവാഹമാണെന്ന് ചോദിച്ചത് ഇന്നും ഓർമയിലുണ്ട്. ഓരോ വർഷവും നിരവധി വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകർ, കുറെ വർഷം മുമ്പ് പഠിപ്പിച്ച ഒരു വിദ്യാർഥിയുടെ കുടുംബവിവരങ്ങൾ പോലും ഓർമയിൽ സൂക്ഷിക്കുന്നുവെങ്കിൽ ആ ഗുരുശിഷ്യ ബന്ധം ഏറെ ദൃഢമാണ്. അന്ന്, ഞങ്ങൾക്ക് അവർ പുസ്തകത്തിനപ്പുറം തന്ന കരുതലും മാർഗനിർദേശങ്ങളും കൂടിയാണ് ഓരോരുത്തരുടെയും ജീവിതവിജയമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. വ്യക്തിപരമായി അവരുമായി ഏറെ അടുപ്പം സൂക്ഷിക്കാൻ എനിക്കും കഴിഞ്ഞിരുന്നു. ഞങ്ങൾ എല്ലാവരും ഒരു കുടുംബമായി എപ്പോഴും പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അവരിൽ, പ്രഫ. എസ്.കെ. കഖർ മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ബാക്കി മൂന്നുപേരും ഓർമയായി. എങ്കിലും അവർ തെളിച്ച അറിവിന്റെയും സത്യത്തിന്റെയും വെളിച്ചം എന്നും ഞങ്ങളെ നയിക്കാനുണ്ട്.
ഡോക്ടറായും ഖത്തറിലും കേരളത്തിലും പൊതുപ്രവർത്തകനായുമുള്ള എന്റെ നേട്ടങ്ങളെക്കുറിച്ച് അറിയുമ്പോൾ അവർ അത് അവരുടേത് കൂടിയായി പരിഗണിച്ച് സന്തോഷിക്കും. അവശ്യ സന്ദർഭങ്ങളിൽ ഉപദേശങ്ങൾ നൽകിയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും പഴയ അധ്യാപകർ നമുക്കൊപ്പമുണ്ടാവുമ്പോൾ അവർ നമുക്ക് എന്നും വിളക്കായി മാറും.
പുതുതലമുറയിലെ അധ്യാപകരോടും എനിക്ക് പറയാനുള്ളത് ഈ മാതൃകകളാണ്. പാഠപുസ്തകത്തിനപ്പുറത്തേക്ക്, ഓരോ വിദ്യാർഥിയുമായും അടുത്ത സൗഹൃദവും ആത്മബന്ധവും വളർത്തിയെടുക്കാൻ കഴിയുമ്പോഴേ നല്ലൊരു തലമുറയെ സൃഷ്ടിക്കാൻ കഴിയൂ. ഇപ്പോൾ, നാട്ടിലെ കാമ്പസുകളിൽനിന്നും കേൾക്കുന്ന അശുഭകരമായ വാർത്തകൾക്കപ്പുറത്തേക്ക് കുട്ടികളെ നന്മയിലേക്ക് നയിക്കാൻ നമ്മുടെ അധ്യാപകർക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
(ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമാണ് പ്രമുഖ ഇ.എൻ.ടി വിദഗ്ധനായ ഡോ. മോഹൻ തോമസ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.