ബെന്യാമിന്‍റെ "തരകന്‍സ് ഗ്രന്ഥവരി: അത്യപൂര്‍വ്വമായ ഒരു നോവല്‍ പരീക്ഷണം

നോവല്‍ രചനയുടെ സങ്കേതങ്ങളെ അപ്പാടെ മാറ്റിമറിച്ച പുസ്തകമായി ചരിത്രത്തിന്‍റെ ഭാഗമാകാന്‍ ബെന്യാമിന്‍റെ "തരകന്‍സ് ഗ്രന്ഥവരി.' ഒട്ടേറെ പ്രത്യേകതകളോടെ പുറത്തിറങ്ങുന്ന ഈ നോവല്‍ ലോകസാഹിത്യത്തിലെ തന്നെ അത്യപൂര്‍വ്വമായ പരീക്ഷണമാണ്. എവിടെ നിന്നു വായന തുടങ്ങിയാലും, ഏത് അദ്ധ്യായത്തില്‍ വച്ച് വായന അവസാനിപ്പിച്ചാലും നോവലിന്‍റെ കഥയും ആശയവും പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ കഴിയും എന്നതാണ് കൗതുകകരമായ കാര്യം. ലോക പുസ്തകദിനത്തിലാണ് പുസ്തകം പ്രഖ്യാപിച്ചത്.

"തിരുവിതാംകൂർ ചരിത്രത്തിലെ ചെറിയൊരു ഏടിനെ വളരെ കൗതുകകരമായ രീതിയിൽ, പുതിയ കാലത്തിൽ നമ്മൾ കേൾക്കുകയും പിന്നെ മറന്നുകളയുകയും ചെയ്ത ചില സംഭവങ്ങളുമായി കൂട്ടിയിണക്കാനുള്ള ശ്രമമാണ് തരകന്‍സ് ഗ്രന്ഥവരി. ആദിയും അന്ത്യവും മദ്ധ്യവും ഇല്ലാത്ത, ഏത് എവിടെ എങ്ങനെ ആയിരിക്കാം എന്ന് വായനക്കാർക്ക് നിശ്ചയിക്കാവുന്ന, അല്ലെങ്കിൽ അവർ മുൻ നിശ്ചയമില്ലാതെ കൈയ്യിലെടുന്ന അധ്യായം അറിയാതെ ഒരു ക്രമം നിശ്ചയിക്കുന്ന 120 ഗ്രന്ഥവരികളാണ് ഈ നോവലിനുള്ളത്. അതിനർത്ഥം ഇതിൽ ഒരു കഥാക്രമമോ സമയസൂചികയോ ഇല്ല എന്നല്ല, അത് വളരെ യാദൃശ്ചികമായ ക്രമവ്യത്യാസത്തോടെ ഓരോ വായനക്കാരന്റെയും കൈകളിൽ എത്തിപ്പെടുന്നു എന്നുമാത്രം. എന്നുപറഞ്ഞാൽ ഒരു വായനക്കാരൻ വായിക്കുന്ന, മനസിലാക്കുന്ന രീതിയിലേ ആവില്ല മറ്റൊരാൾ വായിക്കുകയും കഥ മനസിലാക്കുകയും ചെയ്യുന്നത്. ഒരാൾ തന്നെ രണ്ടുതവണ വായിച്ചാലും ആ മനസിലാക്കൽ രീതി വ്യത്യസ്തമായിരിക്കും. 120 ഗ്രന്ഥവരികളും വായിച്ചു പൂർത്തിയാക്കുമ്പോൾ നിങ്ങൾക്ക് കഥ എന്താണെന്ന ഒരു പൂർണ്ണരൂപം മനസിലാവുകയും ചെയ്യും' എന്ന് ബെന്യാമിന്‍ നോവലിനെ കുറിച്ച് പറഞ്ഞു.

ചരിത്രവും മിത്തും ഭാവനയും പുതിയ കാലത്തിന്റെ ചോദ്യങ്ങളും ചേര്‍ത്തു കെട്ടുന്ന ഉദ്വേഗജനകമായ കഥ, ഏറെ പുതുമകളുള്ള ആശയം, പുസ്തക നിര്‍മ്മിതിയില്‍ തന്നെ ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത മാതൃകഎന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ ഈ പുസ്തകത്തിന് ഉണ്ടാകുമെന്ന് ഡി സി ബുക്സ് അവകാശപ്പെട്ടു.

മെയ് 9 വരെ പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് ഈ പുസ്തകത്തിന്‍റെ കളക്ടേഴ്സ് എഡിഷന്‍ കോപ്പികള്‍ സ്വന്തമാക്കാന്‍ സാധിക്കും. 799 രൂപയാണ് പ്രീബുക്കിങ് വില. മെയ് 9 വരെ ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പ്രീബുക്ക് ചെയ്യാം.

Tags:    
News Summary - Tharakans Grandhavari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.