കൊയിലാണ്ടി: അമേത്ത് തറവാടിെൻറ ചായ്പുമുറിയുടെ ജനവാതിൽ തുറന്നാൽ കാണുന്നത് കൊരയങ്ങാട് തെരുവും തൊട്ടടുത്ത് തട്ടാൻ ഇട്ട്യേമ്പിയുടെ നാഗക്കാവും. ചെണ്ടയുടെയും തുടികളുടെയും താളങ്ങൾ. കൂരിരുട്ടിനെ ഭേദിക്കുന്ന പന്തങ്ങളുടെ വെളിച്ചത്തിലുള്ള ക്രിയകൾ. പകൽ കൊരയങ്ങാട് തെരുവിലെ നെയ്ത്ത് യന്ത്രങ്ങളുടെ ശബ്ദങ്ങൾ. രാത്രിയിൽ നെടൂളാെൻറ ശബ്ദങ്ങൾ അതുവരെ കാണാത്ത കേൾക്കാത്ത ചുറ്റുപാടുകളിലായിരുന്നു ഖാദറിെൻറ ബാല്യം.
രണ്ടാം ലോകയുദ്ധത്തിെൻറ കലുഷിത സാഹചര്യത്തിൽ ബർമയിൽനിന്ന് ഉപ്പയുടെ കൈ പിടിച്ച് ഏറെ ദുരിതയാത്രക്കു ശേഷമാണ് കൊയിലാണ്ടി കസ്റ്റംസ് റോഡിലെ പിതാവിെൻറ തറവാടായ ഉസ്സങ്ങാൻറകത്ത് എത്തിയത്. അവിടെ ഉമ്മാമ്മയുടെ അനുജത്തി മറിയക്കുട്ടികഥയുടെ വിസ്മയച്ചെപ്പുകൾ ഖാദറിെൻറ മനസ്സിലേക്ക് ആവാഹിച്ചു. മാന്ത്രിക പായയിൽ ആകാശത്തിലൂടെ സഞ്ചരിക്കുന്ന രാജകുമാരെൻറയും രാജകുമാരിയുടെയും കഥകൾ പറഞ്ഞു. അവർക്കു പിന്നാലെ സഞ്ചരിക്കുന്ന ദുർമന്ത്രവാദിയുടെ ചിത്രം മനസ്സിൽ കോറിയിട്ടു .
യുദ്ധാനന്തരം ഉപ്പ തിരിച്ചു പോയപ്പോൾ ഇളയമ്മയുടെ വീടായ ബപ്പൻകാട്ടിലെ അമേത്ത് തറവാടിലേക്കു മാറി. തികഞ്ഞ ഏകാന്തതയും ഒറ്റപ്പെടലുമായിരുന്നു അവിടെ. അവിടത്തെ ചായ്പ് മുറിയായിരുന്നു പ്രധാന ലോകം. രാത്രിയിൽ ദ്രുതതാളങ്ങൾ മനസ്സിനെ മദിക്കും. ഖാദറിെൻറ സാഹിത്യജീവിതത്തിെൻറ അടിസ്ഥാനശില കൊരയങ്ങാട് തെരുവാണ്. ബാല്യകാലത്തെ കളിക്കൂട്ടുകാർ ഇവിടെയുള്ളവരായിരുന്നു. ഇവിടത്തെ ക്ഷേത്ര മുറ്റവും ഉത്സവങ്ങളുമൊക്കെ ഖാദറെ സ്വാധീനിച്ചു. ഈ മണ്ണിൽ ചവിട്ടിനിന്നാണ് മലയാള സാഹിത്യരംഗത്തേക്ക് ഖാദർ ചുവടുവെച്ചത്.
സി.എച്ച്. മുഹമ്മദു കോയയെ പരിചയപ്പെട്ടത് ഖാദറിനെ വായനയുടെ ലോകത്തേക്ക് എത്തിച്ചു. 'വിവാഹ സമ്മാനം' എന്ന കഥ സി.എച്ച് ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ പ്രസിദ്ധീകരിച്ചു. മലയാളത്തിൽ മുസ്ലിം സാമൂഹിക ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ ആദ്യനോവൽ ചങ്ങല അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അവിടെനിന്നാണ് കഥയെഴുത്തിൽ തേൻറതായ തട്ടകം വേണമെന്ന ചിന്ത ഉടലെടുത്തത്.
മലയാള സാഹിത്യത്തിൽ ആരും കൈവെക്കാത്ത രീതിയിലൂടെ വേറിട്ട തട്ടകം രൂപപ്പെടുത്തി ഖാദർ. തൃക്കോട്ടൂരിലൂടെ, കുറുമ്പ്രനാടിലൂടെ, പയ്യനാടിലൂടെ പന്തലായനിയിലൂടെ ഖാദർ യാത്ര ചെയ്തു. ദേശങ്ങളുടെ പെരുമകൾ, മിത്തുകൾ എല്ലാം കോരിയെടുത്ത് മലയാളിക്കു സമ്മാനിച്ച് പുതിയ ലോകത്തേക്ക് കഥ പറച്ചിലിനായി യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.