'... ഐരാവതി നദി എെൻറ ഓർമയിൽ ഇപ്പോഴുമുണ്ട്. അതിെൻറ മുകളിൽ മരക്കാലുകൾ നാട്ടി അതിൽ പലക നിരത്തിയായിരുന്നു ഞങ്ങളുടെ വീട് നിർമിച്ചിരുന്നത്. വെള്ളപ്പൊക്കം അതിജീവിക്കാനായിരുന്നു ആ വീടുകൾ അങ്ങനെ നിർമിച്ചത്.' പതിറ്റാണ്ടുകൾക്കപ്പുറത്തെ ഓർമകളിൽ മുങ്ങിത്തപ്പി ഒരിക്കൽ യു.എ. ഖാദർ ഏഴാം വയസിൽ വിട്ടുപോന്ന മാതൃദേശത്തെ ഓർമിച്ചെടുത്തു. വർഷങ്ങൾക്കുശേഷം താൻ പിറന്ന ബർമയിലെ ബില്ലീൻ ഗ്രാമത്തിൽ ഖാദർ പോയിരുന്നു. യുദ്ധത്തിെൻറ കെടുതിയിൽ പിതാവിെൻറ തോളിലേറി രക്ഷപ്പെട്ട അഭയാർത്ഥിയായിട്ടല്ല, അറിയപ്പെടുന്ന എഴുത്തുകാരൻ എന്ന മേൽവിലാസത്തിലായിരുന്നു ആ മടക്കയാത്ര.
ഇരുപതാം നൂറ്റാണ്ടിെൻറ തുടക്കത്തിൽ വടകര, കൊയിലാണ്ടി ഭാഗങ്ങളിൽ നിന്ന് മലയാളികൾ സിംഗപൂരിലേക്കും ബർമയിലേക്കുമൊക്കെ കുടിയേറുന്ന കാലമായിരുന്നു. ബർമയിൽ കച്ചവടത്തിനു പോയ കൊയിലാണ്ടിക്കാരൻ മൊയ്തീൻ കുട്ടി ഹാജി തെരഞ്ഞെടുത്തത് നഗരങ്ങളായിരുന്നില്ല, ചൈനീസ് അതിർത്തിയിലുള്ള ബില്ലീൻ എന്ന ഉൾഗ്രാമമായിരുന്നു. അവിടെ അയാൾ വഴിയോര കച്ചവടം തുടങ്ങി. ഐരാവതി നദിയുടെ കരയിൽ വഴിയോര കച്ചവടത്തിലേർപ്പെട്ടിരുന്നവരിൽ ഏറെയും തിബത്തൻ വനിതകളായിരുന്നു. അതിൽ മാമൈദി എന്നൊരു സുന്ദരിയുമായി മൊയ്തീൻ കുട്ടി പ്രണയത്തിലായി. അത് വിവാഹത്തിലുമെത്തി. പക്ഷേ, ആ ദാമ്പത്യം ഏറെ നാൾ നീണ്ടുനിന്നില്ല. മാമൈദി ഒരു മകന് ജന്മം നൽകി. മൂന്നാം നാൾ അവർ ഈ ലോകത്തോട് യാത്ര പറഞ്ഞു.
അമ്മയില്ലാത്ത ആ കുഞ്ഞിന് മുലപ്പാൽ പോലും കടമായി കുടിക്കേണ്ടിവന്നു. മാമൈദിയുടെ അനിയത്തിയായിരുന്നു കുഞ്ഞിനെ നോക്കിയിരുന്നത്. വലിയ ഗോഡൗൺ പോലുള്ള കെട്ടിടത്തിലെ പീടികയിൽ മൊയ്തീൻ കുട്ടി കച്ചവടത്തിലേർപ്പെടുമ്പോൾ കുട്ടിയുമുണ്ടാകും കൂടെ. രാത്രി വരെ ആ കടയിൽ തന്നെ. രാത്രിയാകുമ്പോൾ ഉപ്പയുടെ മരുമകൻ അബ്ദുറഹ്മാൻ വന്നു കൂട്ടിക്കൊണ്ടുപോകും.
ഖാദറിന് ഏഴ് വയസ്സ് പ്രായമുള്ളപ്പോൾ രണ്ടാം ലോകമഹായുദ്ധം രൂക്ഷമായി. ജപ്പാൻ ബർമക്കെതിരെ ആക്രമണം ശക്തമാക്കി. കുടിയേറ്റക്കാർ കൈയിൽ കിട്ടിയതുമെടുത്ത് പലായനമാരംഭിച്ചു. മൊയ്തീൻ കുട്ടിയും ബന്ധുക്കളും ഭാണ്ഡം കെട്ടി നാട്ടിലേക്ക് യാത്രയാരംഭിച്ചു. അപ്പോൾ മൊയ്തീൻ കുട്ടിക്കൊപ്പം ആ ഏഴുവയസ്സുകാരനുമുണ്ടായിരുന്നു. ബർമക്കാരിയിൽ ജനിച്ച കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തിൽ ഉപേക്ഷിക്കാൻ ബന്ധുക്കൾ മൊയ്തീൻ കുട്ടിയെ ഉപദേശിച്ചതാണ്. അയാളത് ചെവിക്കൊണ്ടില്ല.. 'ഇവൻ എെൻറ ചോരയാണ്... എന്തു വിലകൊടുത്തും ഞാനിവനെ സംരക്ഷിക്കും...' അയാൾ തറപ്പിച്ചു പറഞ്ഞു. മാമൈദിയോടുള്ള തെൻറ പ്രണയത്തിെൻറ അടയാളമായ ആ കുഞ്ഞിനെ തോളിലെടുത്ത് അയാൾ യാത്രയാരംഭിച്ചു. റങ്കൂണിൽ നിന്ന് ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങിലെ അഭയാർത്ഥി ക്യാമ്പായിരുന്നു ആദ്യ ലക്ഷ്യം. കൊടും മഴയും മഞ്ഞും വകഞ്ഞുമാറ്റി അറാക്കൻ മലനിരകൾ താണ്ടി മൊയ്തീൻ കുട്ടി ചിറ്റഗോങ് ലക്ഷ്യമാക്കി നടപ്പാരംഭിച്ചു. പലരും വഴിയിൽ മരിച്ചുവീണു. അപ്പോഴും അയാൾ തെൻറ നെഞ്ചിലെ ചൂടു പകർക്ക് ആ കുഞ്ഞിനെ ചേർത്തുപിടിച്ചു. ചിറ്റഗോങ്ങിലെത്തുമ്പോൾ പുറപ്പെട്ട സംഘത്തിൽ അവശേഷിച്ചത് വളരെ കുറച്ചുപേരേ ഉണ്ടായിരുന്നു. അവിടെ നിന്ന് കൽക്കത്തയിലേക്ക്. തീവണ്ടിയിൽ കേരളത്തിലേക്ക്.
ബർമയിൽ വഴിയോര കച്ചവടത്തിനു പോയ കൊയിലാണ്ടി ഉസ്സങ്ങാൻറകത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലായിരുന്നു യു.എ ഖാദർ ജനിച്ചത്. ഏഴാം വയസ്സിൽ കേരളത്തിലേക്ക് പിതാവിനൊപ്പം വന്ന ഖാദറിന് മലയാളമറിയില്ലായിരുന്നു. 1953 ൽ കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായി. ചിത്രകലയോടായിരുന്നു ആദ്യം താൽപര്യം. തുടർന്ന് മദ്രാസ് കോളജ് ഓഫ് ആർട്ട്സിൽ ചിത്രകല പഠിച്ചു. മദിരാശിക്കാലത്ത് കേരള സമാജം സാഹിതീ സഖ്യവുമായി പുലർത്തിയ അടുപ്പം എഴുത്തിന് പ്രോത്സാഹനമായി. 1956 ൽ നിലമ്പൂരിലെ മരക്കമ്പനിയിൽ ഗുമസ്ഥനായി. 1957 ൽ ദേശാഭിമാനി ദിനപത്രത്തിെൻറ 'പ്രപഞ്ചം' വാരികയിൽ സഹപത്രാധിപരായി. ആകാശവാണി കോഴിക്കോട് നിലയത്തിലും പ്രവർത്തിച്ചു. പിന്നീട് സംസ്ഥാന ആരോഗ്യവകുപ്പിൽ ജീവനക്കാരനായി. കോഴിക്കോട് മെഡിക്കൽ കോളജ് ഐ.എം.സി.എച്ചിലും ഗവ. ജനറൽ ആശുപത്രിയിലും ജോലി ചെയ്തു. 1990 ൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ചു.
മാതൃഭാഷയായ ബർമീസ് മടക്കിവെച്ച് പിതൃഭാഷയായ മലയാളം പഠിച്ച് വലിയ കഥാകാരനായി മാറിക്കഴിഞ്ഞ് ഒരുനാൾ ഖാദർ വീണ്ടും ബില്ലീനിലേക്ക് മടങ്ങിവന്നു. ഓർമകൾ തേടിയുള്ള വരവായിരുന്നു അത്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും വലിയ മാറ്റമൊന്നും ബില്ലീന് വന്നിരുന്നില്ല. പഴയ ചന്തകൾ എല്ലാം അതേപടി. കൈയിൽ പിതാവ് മൊയ്തീൻ കുട്ടിയുടെ ഒരു പഴയ ഫോട്ടോയുണ്ടായിരുന്നു. ആ ഫോട്ടോയിലുള്ളവരെ തിരിച്ചറിയുന്ന ആരെങ്കിലുമുണ്ടോ എന്ന അന്വേഷണം തൊകിയാങ് എന്ന ചൈനീസ് വൃദ്ധനിൽ എത്തി. പത്തറുപത് വർഷം മുമ്പുള്ള ആ ഫോട്ടോയിൽ നിന്ന് അയാൾ മുന്നിൽ നിൽക്കുന്നയാളെ തിരിച്ചറിഞ്ഞു.
ഐരാവതി നദിക്കു മുകളിൽ കുറ്റിനാട്ടി അതിനു മുകളിൽ പലക നിരത്തിയ വീട്ടിൽ നിന്ന് കൊച്ചുകുട്ടിയായിരിക്കെ ഖാദർ നദിയിൽ വീണുപോയിരുന്നു. അന്ന് മരണത്തിനു കൊടുക്കാതെ പുഴയിൽ ചാടി ആ കുഞ്ഞിനെ രക്ഷിച്ചത് തൊകിയാങ് ആയിരുന്നു. മാമൈദിയുടെ ബന്ധുക്കൾ ഒക്കെ അന്നത്തെയാ പലായനത്തിൽ മരിക്കുകയോ അറിയാത്ത ദിക്കുകളിലേക്ക് ചിതറുകയോ ചെയ്തതായി തൊകിയാങ് പറഞ്ഞു. സ്വന്തം വേരുകളിലൊന്നുപോലും കണ്ടെത്താനാവാതെ ഖാദറിന് നിരാശനായി മടങ്ങേണ്ടിവന്നു.
ആധുനികത ആട്ടക്കലാശമാടുന്ന കാലത്തായിരുന്നു അതിൽ നിന്ന് സ്വയം വിടുതൽ പ്രഖ്യാപിച്ച് യു.എ ഖാദർ കഥകളെഴുതിയത്. നഗര കേന്ദ്രീകൃതരായ മനുഷ്യരെക്കുറിച്ച് ആധുനികതയുടെ ചിട്ടവട്ടങ്ങൾക്കകത്തു നിന്ന് കഥകൾ തുടർച്ചയായി പിറവികൊണ്ടപ്പോൾ അതിൽ നിന്ന് മാറിയ ഖാദർ തൃക്കോട്ടൂരിെൻറ നാട്ടടരുകളിൽ നിന്ന് കഥകൾ മുങ്ങിയെടുത്തു.
'ആധുനികതയോടൊപ്പം നടക്കാതിരിക്കുക എന്നത് മനപ്പൂർവം എടുത്ത തീരുമാനമായിരുന്നു. ഞാൻ മാത്രമല്ല, സി.വി. ശ്രീരാമൻ, വൈശാഖൻ, മുണ്ടൂർ കൃഷ്ണൻകൂട്ടി, എസ്.വി. വേണുഗോപൻ നായർ തുടങ്ങിയവരും ആ കൂട്ടത്തിലുണ്ടായിരുന്നു. അത് അങ്ങേയറ്റം സാഹസികമായ നിലപാടായിരുന്നു. ആദ്യകാലത്ത് ഞങ്ങൾക്കതിന് വലിയ വിലകൊടുക്കേണ്ടിയും വന്നു. ആധുനികതയുടെ ദുഃസ്വാധീനത്തിന് വശംവദരായ ഒരുകൂട്ടം വായനക്കാർ, പത്രാധിപൻമാർ, നിരൂപകർ എന്നിവർ ഞങ്ങളുടെ കഥകളെ തിരസ്‌കരിക്കുകയും തമസ്‌കരിക്കുകയും ചെയ്തു. വായനക്കാരുടെ ശ്രദ്ധയാകർഷിക്കാൻ ആദ്യകാലത്തൊന്നും ഞങ്ങളുടെ കഥകൾക്ക് കഴിയാതെ പോയി. കോഴിക്കോട്ടെ മുട്ടത്തുവർക്കി എന്ന് ചിലരെങ്കിലും എന്നെ അധിക്ഷേപിച്ചിട്ടുണ്ട്..' ആ കാലത്തെക്കുറിച്ച് ഒരഭിമുഖത്തിൽ ഖാദർ പറഞ്ഞതിങ്ങനെ.
ഫോക്ലോർ ഗവേഷകനെക്കാൾ ആഴത്തിൽ ദേശപ്പെരുമയുടെ ഉൾക്കനങ്ങളെ തന്നിലേക്ക് ചേർത്തുവെച്ച കഥാകാരനായിരുന്നു യു.എ. ഖാദർ. നോവലുകളും കഥാസമാഹാരങ്ങളും ലേഖനങ്ങളുമായി അമ്പതിലേറെ കൃതികൾ അദ്ദേഹം രചിച്ചു. തൃക്കോട്ടൂര്‍ പെരുമയും തൃക്കോട്ടൂര്‍ കഥകളും ഖാദർ കണ്ടെടുത്ത നാട്ടുജീവിതങ്ങളുടെ അനുഭവങ്ങളായിരുന്നു. ഒ.വി.വിജയെൻറ ഖസാക്ക് പോലെ യു.എ. ഖാദറിന് തൃക്കോട്ടൂരായിരുന്നു കഥാഭൂമിക. പഴയ തിക്കോടി എന്ന പ്രദേശമാണ് യഥാർഥ തൃക്കോട്ടൂർ. തൃക്കോട്ടൂരംശവും പന്തലായനി അംശവും ഉൾപ്പെട്ട വടക്കേ മലബാറാണ് 'തൃക്കോട്ടൂർ' ആയി ഖാദർ കഥകളിൽ നിറഞ്ഞുനിൽക്കുന്ന ഗ്രാമസങ്കൽപം. ഒരു ദേശത്തിെൻറ ഉൾത്തടത്തിലേക്ക് കഥാകാരൻ തെൻറ സങ്കൽപദേശത്തെ ആവാഹിച്ചിരുത്തിയതാണ് തൃക്കോട്ടൂർ.
കേരള - കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയെങ്കിലും കേരളീയ അക്കാദമിക സമൂഹം അർഹിക്കുന്ന രീതിയിൽ യു.എ. ഖാദറിനെ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.