കോഴിക്കോട്: ‘‘ബാല്യകാലസഖി ജീവിതത്തില്‍നിന്ന് വലിച്ചുചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്ക് ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത പേടിയും അറപ്പും തോന്നാം. ബോധക്ഷയംതന്നെ സംഭവിച്ചേക്കാം.
അങ്ങനെയുള്ളവര്‍ സൂക്ഷിച്ചിട്ടു വേണം ഈ പുസ്തകം വായിക്കുവാന്‍...’’ 1944ൽ പ്രസിദ്ധീകരിച്ച ബാല്യകാലസഖിക്ക് അവതാരികയെഴുതിയ എം.പി. പോൾ വായനക്കാർക്ക് നൽകുന്നത് ഈ മുന്നറിയിപ്പാണ്. പക്ഷേ, 80 വർഷങ്ങളായി മാറിമാറി വരുന്ന തലമുറ നെഞ്ചോടു ചേർത്തുവെക്കുകയാണ് ബഷീറിന്റെ ആത്മകഥാംശമുള്ള ഈ നോവൽ. അന്ന് നെഞ്ചിൽ കയറിക്കൂടിയ മജീദും സുഹ്റയും മലയാളികളുടെ മനസ്സിൽനിന്ന് കുടിയിറങ്ങിയിട്ടില്ല.
നോവൽ എന്നതിനെക്കാൾ, 76 പേജുകൾ മാത്രമുള്ള ഒരു നീണ്ടകഥയാണ് ബാല്യകാലസഖി. മജീദിന്റെയും സുഹ്റയുടെയും അധ്യാപകനായ തലയോലപ്പറമ്പ് മുഹമ്മദീയൻ സ്കൂളിലെ പുതുശേരി നാരായണപിള്ള സാർ മണ്ടശ്ശിരോമണിയെന്നാണ് മജീദിനെ വിളിക്കുന്നത്.
സാർ മജീദിനോട് ചോദിക്കുന്ന ചോദ്യത്തിന് നൽകിയ ഉത്തരം ജീവിതത്തിൽ ഒരിക്കലെങ്കിലും കളിയായി പറയാത്ത മലയാളികളുണ്ടാവില്ല. ഒന്നും ഒന്നും കൂടി കൂട്ടിയാൽ എത്രയാണെന്ന ചോദ്യത്തിന് ‘ഇമ്മിണി ബല്യ ഒന്ന്’ എന്ന് പരിഭ്രമത്തോടെ മജീദ് ഉത്തരം പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചത് നാരായണപിള്ള സാറിന്റെ ക്ലാസിലെ കുട്ടികൾ മാത്രമല്ല, 80 വർഷങ്ങളായി ബാല്യകാലസഖി വായിക്കുകയും കേൾക്കുകയും ചെയ്ത മലയാളികളാണ്.
1944ലാണ് ഇന്നു കാണുന്ന രൂപത്തിലുള്ള ബാല്യകാലസഖി വെറും 75 പേജുകളുമായി പുറത്തുവരുന്നത്. ബഷീറിന് 34 വയസ്സുള്ളപ്പോൾ. രണ്ടു തവണയാണ് ബാല്യകാലസഖി സിനിമയായത്.
നസീറും ഷീലയും ഒന്നിലും മമ്മൂട്ടിയും ഇഷ തൽവാറും മറ്റൊന്നിലും മജീദും സുഹ്റയുമായി പ്രേക്ഷകർക്കു മുന്നിലെത്തി. നോവൽ 18 ഭാഷകളിൽ വിവർത്തനം ചെയ്തു. സ്കൂൾ, കോളജ് വിദ്യാർഥികളടക്കം നിരവധിപേർ നോവൽ വിഷയമാക്കി ഗവേഷണം നടത്തി. ബാല്യകാല സഖിയുടെ പേരിൽ സാഹിത്യപുരസ്കാരവും നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.