പരിസ്ഥിതിക്കുവേണ്ടി പ്രതകരിച്ചതിനു കവി വീരാൻ കുട്ടിയുടെ കവിത കത്തിച്ചതിനെതിരെ നാനാതുറകളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ വീരാൻ കുട്ടി പങ്കുവെച്ച അഭിപ്രായങ്ങളിലുള്ള അമർഷമാണ് കവിത കത്തിക്കുന്നതിലേക്ക് നയിച്ചത്. ഇത്, കവിയെയും വേദനിപ്പിച്ചു. എന്നാൽ, വീരാൻകുട്ടിക്കെതിരെയുള്ള നീക്കത്തിനെതിരെ ഇന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് എൽ.ഐ.സി കോർണറിൽ കൾച്ചറൽ ഫോറത്തിെൻറ ആഭിമുഖ്യത്തിൽ പ്രതിഷേധ കവിതകളുമായി കവികൾ ഒത്തുചേരുന്നു. ആശയസംവാദം പുസ്തകം കത്തിക്കുന്നതിലേക്ക് മാറിയപ്പോൾ വീരാൻ കുട്ടി വേദനിച്ചു. പിന്നീട് എന്താണ് വിഷയമെന്നറിയാൻ അന്വേഷിച്ചവർക്കായി ഈ വിഷയത്തിൽ വീരാൻ കുട്ടി നടത്തിയ അഭിപ്രായങ്ങളെല്ലാം ഒന്നിച്ച് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു.
പോസ്റ്റ് പൂർണരൂപത്തിൽ:``ഫേസ് ബുക്കിൽ എന്താണു നടന്നതെന്നറിയാൻ പലരും വിളിക്കുന്നു. അവർക്കായി പരിസ്ഥിതി വിരുദ്ധ വാദക്കാരുടെ നിലപാടിനെതിരെ ഞാനിട്ട മുഴുവൻ പോസ്റ്റും ഇവിടെയിടുന്നു.പുതുവത്സര പോസ്റ്റായി ഈ ഗ്രൂപ്പിൽ പെട്ട Tedy എന്ന ഒരാളുടെ ആഹ്ളാദ പ്രകടനം വായിക്കാനിടയായി.2022 തനിക്ക് സന്തോഷം തന്ന വർഷമാണെന്നും കേരളത്തിലെ കവികളും കപട പരിസ്ഥിതിവാദികളും സൃഷ്ടിച്ച കുറ്റബോധത്തിൽ നിന്നും മലയാളിയെ രക്ഷിക്കാൻ കഴിഞ്ഞു എന്നുമായിരുന്നു അതിലെ ഉള്ളടക്കം.കേരളത്തിലെ മൃഗങ്ങളുടെ എണ്ണവും വനവിസ്തൃതിയും വർദ്ധിച്ചത് ഡാറ്റയുടെ അടിസ്ഥാനത്തിൽ പ്രൂവ് ചെയ്യാൻ കഴിഞ്ഞതു സന്തോഷത്തിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റബോധമില്ലാതെ വനം വെട്ടുകയും യഥേഷ്ടം ക്വാറികൾ തുടങ്ങുകയുമാണ് കേരളത്തിൽ ഉടനെ വേണ്ടത് എന്നതായിരുന്നു ആ പോസ്റ്റിൻ്റെ താൽപര്യം .അതിൽ വന്ന കമൻ്റുകൾ അതിനേക്കാൾ പരിസ്ഥിതി വിരുദ്ധ ആശയങ്ങൾ നിറഞ്ഞതായിരുന്നു.അതിനെ സൂചിപ്പിച്ചായിരുന്നു എൻ്റെ ആദ്യ പോസ്റ്റ്.
കാല്പനിക പ്രകൃതിവാദികളേ സ്റ്റാൻ്റ് വിട്ടോളൂ
ഇതാ എത്തിപ്പോയി പുത്തൻ കുറ്റബോധമുക്തിസേന !
ഇനി നമുക്ക്
കുറ്റബോധമില്ലാതെ കുന്നിടിക്കാം
കുറ്റബോധമില്ലാതെ അനധികൃത കരിങ്കൽ ക്വാറി നടത്താം
കുറ്റബോധമില്ലാതെ മണലൂറ്റാം
കുറ്റബോധമില്ലാതെ കാട് തരിശാക്കാം...
അതിനു മാത്രം കാടും
അതിനു മാത്രം കുന്നും
അതിനു മാത്രം പുഴയും ഇവിടെയുള്ളപ്പോൾ നമ്മുടെ സുഖം നാമായിട്ടെന്തിനു വേണ്ടെന്നു വെക്കണം?
വരൂ നമുക്ക് കുറ്റബോധമില്ലാത്തവരായി
കേരളത്തിൻ്റെ അടിക്കല്ല് മാന്താം.
സുഗതകുമാരി ടീച്ചറും പരിഷത്തും ചേർന്ന് സൈലൻറുവാലിയുടെ ജീവൻ കാത്തത് തെറ്റ്,
അട്ടപ്പാടിയിലെ മൊട്ടക്കുന്നുകളെ കാടാക്കി മാറ്റിയതു തെറ്റ്,
വർഷങ്ങളായി വനം വകുപ്പും
നൂറായിരം സംഘടനകളും മരത്തൈ മരത്തൈ എന്നു
നാടാകെ വിളിച്ചു കൂവിയത് തെറ്റ്,
പരിസ്ഥിതി സമരങ്ങൾ
പ്രബന്ധരചന
ചിത്രംവര
കവിതയെഴുത്ത്
എല്ലാമെല്ലാം അടിയങ്ങളുടെ വലിയ പിഴ വലിയ പിഴ.
പ്രിയപ്പെട്ട ഗ്രെറ്റ തുംബർഗ് !
നീ കേരളത്തിൽ ജനിക്കാഞ്ഞത് ഭാഗ്യം!
അല്ലായിരുന്നെങ്കിൽ മലയാളിയുടെ മരംമുറിജന്യ കുറ്റബോധത്തിന് നീയും സമാധാനം പറയേണ്ടിവന്നേനെ!
കുറ്റബോധമുക്തിവാദത്തിൻ്റെ പൊരുൾ ഏതാണ്ടിതുപോലെയാണ്:
ഭൂമിയിൽ ആവശ്യത്തിലേറെ മനുഷ്യരുണ്ട്.
ഹിംസിക്കാനുള്ള ത്വര മനുഷ്യസഹജവുമാണ്. ആകയാൽ നമുക്ക്
കുറ്റബോധമില്ലാതെ
മനുഷ്യരെ കൊല്ലുന്നവരാകാം.
..........................................................................
കമൻറ് ബോക്സിൽ പരിസ്ഥിതി വിരുദ്ധ വാദവുമായി വന്നവരിൽ ഇടതുപക്ഷ ചിന്തകരെ കണ്ടപ്പോൾ ഞാനിങ്ങനെ എഴുതി.
പോസ്റ്റ് - 2
മരക്കുറ്റബോധ നിർമ്മാർജന സൈബർസേനയിൽ ഇടതുപക്ഷ പോരാളികളെ കൂടുതലായി കാണുന്നു.അവർക്കായി ഒരു
കുറ്റബോധപ്പാട്ട്
കുഞ്ഞുന്നാളിൽ
ബാലസംഘത്തിന് പോയപ്പോൾ
ചേട്ടന്മാർ പാടിത്തന്നു:
"ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ?"
യുറീക്ക വായിക്കാൻതന്ന മാമൻ പറഞ്ഞു:
"സൈലൻറ് വാലി,പശ്ചിമഘട്ടം, പ്രളയം,മാധവ് ഗാഡ്ഗിൽ..."
വിദ്യാർത്ഥി ഫെഡറേഷൻ്റെ വനവൽക്കരണ യജ്ഞത്തിൽ
ഉച്ചത്തിൽ പാടി :
"ദുരമൂത്ത് നമ്മൾക്ക് പുഴ കറുത്തു,
ചതി മുത്ത് നമ്മൾക്ക് മലവെളുത്തു.... "
രക്തനക്ഷത്രം തുന്നിയ പതാകയുമേന്തി
ക്വാറി പൂട്ടിക്കാൻ പോയപ്പോൾ ചുരുട്ടിയ മുഷ്ടിക്കൊപ്പം
വായിൽ ചൊറിഞ്ഞുവന്നു:
"മല തീണ്ടിയശുദ്ധം ചെയ്തവർ
തലയില്ലാതൊഴുകണമാറ്റിൽ "
പാർട്ടി ക്ലാസ്സിൽ കേട്ട് കോരിത്തരിച്ചു: ബൂർഷ്വാ വികസന നയം അറബിക്കടലിൽ,
കുത്തകകൾ ഗോബാക്ക്..
അതെല്ലാമുള്ളിൽവെച്ച്
കടൽ നികത്താനും
അതിവേഗ പാതയ്ക്കും വേണ്ട
പാറയും മണ്ണും
എവിടെ നിന്നെടുക്കും
എന്നു ചോദിച്ചതേയുള്ളു,
ദംഷ്ട്രയും കൊമ്പും പുറത്തു കാട്ടി
അവർ ഹാജരാക്കാൻ കല്പിക്കുന്നു
വീടുകെട്ടാനുപയോഗിച്ച കല്ലിൻ്റെയും മണ്ണിൻ്റെയും കണക്ക്,
പഴയ തീവണ്ടി ടിക്കറ്റ്,
വീടിൻ്റെ ലൊക്കേഷൻ മാപ്പ്.
ഇപ്പോൾ ശരിക്കും പഠിച്ചു:
പഠിച്ച പാഠങ്ങളെല്ലാം മായ്ക്കാനുള്ളതാണ്,
പാടിയ പാട്ടെല്ലാം
മറക്കാനുള്ളതാണ്..
വികസനത്തിൻ്റെ കാരണഭൂതർ എഴുന്നള്ളുമ്പോൾ
വേഗം ചെന്നു നമിക്കാനുള്ളതാണ്.
O...............................................................
തെറി വിളിച്ചും ഭീഷണി മുഴക്കിയും സംഘടിതമായി എന്നെ കമൻ്റ് ബോക്സിൽ നേരിടാൻ ശ്രമമുണ്ടായപ്പോൾ ഇട്ടതാണ് അടുത്ത രണ്ടു പോസ്റ്റ്.
പോസ്റ്റ് - 3
അന്താരാഷ്ട്ര ക്വാറി മുതലാളിയുടെ തോക്കിനെ പേടിച്ചില്ല.പിന്നല്ലേ പാവം മരകുറ്റബോധ നിർമ്മാർജ്ജന സേനയുടെ സൈബറമ്പുകൾ....
എൻ്റെ നാടിനു കോട്ടയായി നിലകൊള്ളുന്ന ചെങ്ങോട് മലയെ കേരളത്തിലെ ഏറ്റവും വലിയ ക്വാറിയാക്കി പൊട്ടിച്ചു കൊണ്ടു പോകാനായിരുന്നു മുതലാളിയുടെ വരവ്. അദാനിക്കു കടൽ നികത്താനുള്ള കല്ലായിരുന്നു സ്വപ്നത്തിൽ .മൂന്നു വർഷം നാടൊന്നടങ്കം കുട്ടികളെന്നോ വൃദ്ധരെന്നോ ഇല്ലാതെ വീടുള്ളവരെന്നോ ഇല്ലാത്തവരെന്നോ നോക്കാതെ ആയിരങ്ങൾ ഒരുമിച്ച് രാപ്പകൽ സമരമുഖത്തിറങ്ങി.മാർക്സിസ്റ്റ് പാർട്ടി അടക്കം മുഴുവൻ രാഷ്ടീയ കക്ഷികളും സമരത്തിൽ ഒരുമിച്ചു നിന്നു. എതിർ ഭാഗത്തുനിന്നും ആക്രമണങ്ങൾ,കേസുകൾ, പ്രലോഭനങ്ങൾ ഭരണകൂടത്തെ സ്വാധീനിച്ചുള്ള ചടുല നീക്കങ്ങൾ.. അണുകിട വിട്ടുകൊടുക്കാതെ ജനം ഒറ്റനില്പ്. മലയ്ക്കു വേണ്ടി കുട്ടികളുടെ ഉഗ്രൻ പോരാട്ടം. നാടകം, കവിത, മലയെ ചുറ്റി പതിനായിരം പേരുടെ സംരക്ഷണ വലയം.കോടതി വഴിയുള്ള നീക്കങ്ങൾ...
ഒടുവിൽ ചെങ്ങോട് മല തൊട്ടു പോകരുതെന്ന് സർക്കാർ നിയോഗിച്ച സമതി. കോടതിയുടെ ഇടപെടൽ. ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ അനുകൂല നിലപാട്. ഒടുവിലെന്തായി?
സമരം വിജയിച്ചു.
ആ ചരിത്രപോരാട്ടത്തെ നെഞ്ചുവിരിച്ച് മുന്നിൽ നിന്നു നയിച്ച അനേകരിൽ ഒരുവനാണ് ഈ വീരാൻകുട്ടി.
വെറുതെ ഉടുക്കു കൊട്ടി പേടിപ്പിക്കല്ലേ...
പോസ്റ്റ് - 4
ഭരണകൂടങ്ങൾ നല്കുന്ന സ്ഥാനമാനങ്ങൾ അക്കാദമികളടക്കമുള്ള സ്ഥാപനങ്ങളിലെ അംഗത്വം,നാവു പണയം വെച്ചാൽ കിട്ടുന്ന മറ്റു സുഖ പദവികൾ ഒന്നും വേണ്ടെന്ന് പ്രഖ്യാപിക്കുകയും വാഗ്ദാനം നിരസിക്കുകയും ചെയ്ത ഒരെളിയ എഴുത്തുകാരനാണു ഞാൻ. എയറിൽ കയറ്റി മടുക്കുമ്പോൾ അക്കാര്യം കൂടി ഒന്നോർക്കണേ മരക്കുറ്റബോധ നിർമ്മാർജ്ജന സൈബർ സമിതി പോരാളികളേ!
.......................................................................
കമൻ്റുകളുടെ ഒരു പൊതു ഭാഷ കല്ലും മണലും ഉപയോഗിച്ച് വീടുണ്ടാക്കിയവർക്ക്, മൊബൈൽ ഫോൺ ഉപയോഗിക്കന്നവർക്ക് പരിസ്ഥിതിയെപ്പറ്റി മിണ്ടാൻ പാടില്ല എന്ന മട്ടിലായിരുന്നു.എൻ്റേതല്ലാത്ത വീടിൻ്റെ പ്രാഫൈൽ ചിത്രം വരെ അവരതിന് ഉപയോഗിച്ച. അതിനുള്ള മറുപടിയാണ് അടുത്ത രണ്ട് പോസ്റ്റുകൾ.
പോസ്റ്റ് - 5
ഭൂമിയിലെ ഒറ്റ മനുഷ്യനും പ്രകൃതിനാശത്തെപ്പറ്റി മേലാൽ മിണ്ടിപ്പോവരുത്.
അതെന്താ ? കല്ലുകൊണ്ട് തറ കെട്ടി മണ്ണു കൊണ്ട് ചുമരു കെട്ടി വീടുണ്ടാക്കുന്നവരല്ലേ മനുഷ്യർ.അവർക്ക് പരിസ്ഥിതിയെപ്പറ്റി പറയാൻ അവകാശമില്ല.
ശരി.മൃഗങ്ങൾക്ക് പ്രതിഷേധമാകാമോ? പാടില്ല. മല തുരന്നുണ്ടാക്കിയ ഗുഹയിൽ പാർക്കുന്ന മൃഗത്തിന് മണ്ണു മാന്തിയെക്കുറിച്ച് പറയാനെന്തവകാശം?
സമ്മതിച്ചു.പക്ഷികൾക്ക് കാല്പനികമായിട്ടെങ്കിലും മരം മരം എന്നു പാടാമോ? ഒട്ടും പാടില്ല. മരത്തിലുണ്ടാകുന്ന കായ്കനിയെല്ലാം തിന്നുമുടിച്ചിട്ട് മരത്തിനു വേണ്ടി പാടുകയോ?
അപ്പോൾ പിന്നെ എന്തുചെയ്യും? നാം മിണ്ടാതിരിക്കുന്ന തക്കം നോക്കി നമ്മുടെ മലയും കാടും പുഴയുമെല്ലാം മൂലധനശക്തികൾ കൊണ്ടു പോയാലോ? അതു സാരമില്ല. ഇപ്പോൾ അവരെ കണ്ടാൽ നമ്മളാണെന്നേ തോന്നു.അതിനേക്കാളൊക്കെ വലുതാണ് ഞങ്ങൾ സൈബർ വെട്ടുകിളികൾ അനുഭവിക്കുന്ന മരക്കുറ്റബോധം. മനസ്സിലായോ ?
o
പോസ്റ്റ് - 6
ന്യൂയോർക്ക് സിറ്റിയിലെ യു.എൻ ആസ്ഥാനം, ആമസോൺ വനത്തിലെ ഏറുമാടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. ബഹുനില കോൺക്രീറ്റ് കെട്ടിടത്തിലിരുന്നുകൊണ്ട് പരിസ്ഥിതി വിഷയം സംസാരിക്കുന്നതിനോട് കേരളത്തിലെ ഒരു കൂട്ടം മരക്കുറ്റബോധ ബാധിതർ എതിർപ്പു പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി.
യു.എൻ പരിസ്ഥിതി പദ്ധതി അണ്ടർ സെക്രട്ടറി ജനറൽ Inger Anderson താൻ മേലിൽ കാറിൽ യാത്ര ചെയ്യില്ലെന്നും തീരുമാനമെടുത്തു. പരിസ്ഥിതിയെപറ്റി പറയുന്നവർ കാർ ഉപയോഗിക്കുന്നതിലെ ഇരട്ടത്താപ്പിനെതിരെ കേരള മരക്കുറ്റബോധ സമിതി നടത്തിയ സൈബർ ആക്രമണത്തെ തുടർന്നാണ് ഈ തീരുമാനം. പകരം അവരിൽ നിന്നും അയച്ചു കിട്ടുന്ന കാളവണ്ടിയിലായിരിക്കും ഇനി മുതൽ തൻ്റെ യാത്രയെന്നും അവരറിയിച്ചു.പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ താൻ നടത്തിയ ട്വീറ്റ് പിൻവലിക്കുന്നതായും അവർ പറഞ്ഞു. ചികിത്സയിലിരുന്നപ്പോൾ പ്ലാസ്റ്റിക് സിറിഞ്ച് ഉപയോഗിച്ചതിൻ്റെ ഫോട്ടോ കുത്തിപ്പൊക്കിയവരോടുള്ള ആദരസൂചകമായിട്ടാണ് അങ്ങിനെ ചെയ്യുന്നതെന്നും അവർ പറഞ്ഞു.
അതിനിടെ ലളിത ജീവിതത്തെപ്പറ്റി പറഞ്ഞ ഗാന്ധിജി വിമാനത്തിൽ പലവട്ടം സഞ്ചരിച്ചതിന് അദ്ദേഹത്തിൻ്റെ കുടുംബം മാപ്പു പറയണമെന്ന വാദവും സമിതി ഉയർത്തുന്നുണ്ട്.
ബെർമനിലും മാഞ്ചസ്റ്ററിലും ടെക്സ്റ്റൈൽ ഫാക്ടറിയുണ്ടായിരുന്ന വൻ ബൂർഷ്വയായ ഏംഗൽസ്, മുതലാളിത്തത്തെ വിമർശിച്ചു കൊണ്ട് ഗ്രന്ഥമെഴുതിയതിനെയും സമിതിയിലെ ബുദ്ധിജീവികൾ ചോദ്യം ചെയ്യുന്നുണ്ട്. കോർപ്പറേറ്റുകൾ ഭരണകൂടവുമായി ചേർന്ന് ഭൂമി കൊള്ളചെയ്യുന്നതിനെതിരെ പ്രതികരിക്കുന്നവരുടെ വീട്ടുനമ്പറും വാഹന റജിസ്ട്രേഷനും ഗവേഷണം ചെയ്തു കണ്ടെത്തി അത് മനോഹരമായ ഭാഷയിൽ അവതരിപ്പിക്കുന്ന കേരളത്തിലെ സൈബർ ഗുണ്ടകളുടെ ബുദ്ധിശക്തിയെ അടുത്ത ഭൗമ ഉച്ചകോടിയിൽ ആദരിക്കാനും തീരുമാനമായി.
o..............................................................
ഡാറ്റകൾ വെച്ച് എല്ലാം ശരിയാക്കും എന്നൊരു ലൈനാണ് അവരുടേത്. ഞാനൊരു ഡാറ്റാബാങ്ക് സ്പെഷ്യലിസ്റ്റ് അല്ല. ഇന്നുച്ചയ്ക്ക് കൊള്ളുന്ന വെയിലിൻ്റെ കാഠിന്യമാണെൻ്റെ ഡാറ്റ.ക്വാറികൾ തിന്നു ബാക്കിയിട്ട അസംഖ്യം മലകളാണെൻ്റെ ഡാറ്റ.എങ്കിലും വനംവകുപ്പ്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവരുടെ ചുരുക്കം ഡാറ്റ ഞാനും വച്ചു.അതോടെ ഡാറ്റാക്കടന്നലുകൾ ഇളകി. അതാണ് ഒടുവിലത്തെ പോസ്റ്റ്.
ഡാറ്റകൾ വച്ചുതന്നെ നമുക്ക് സംസാരിക്കാം
കേരളത്തിലെ കുടിയേറ്റ മേഖലകളിലടക്കം കാട്ടുമൃഗങ്ങളോടു മല്ലിട്ടു ജീവിക്കേണ്ടിവരുന്ന വലിയൊരു വിഭാഗം സാധാരണ മനുഷ്യരുണ്ട്. ബഫർ സോൺ വിഷയത്തിലടക്കം അവരുടെ ആശങ്ക തീവ്രമായി പങ്കുവെയ്ക്കപ്പെടുന്നുമുണ്ട്. എൻ്റെ പോസ്റ്റിനു മാന്യമായി കമൻ്റിട്ട ചിലർ അക്കൂട്ടത്തിൽ പെട്ടവരാണ്. അവരെ നമുക്ക് മനസ്സിലാകും. അവരിൽ ആദിവാസികളുണ്ട്. മുമ്പേ ജീവിച്ചുവരുന്ന തദ്ദേശീയരുണ്ട്.
പരിസ്ഥിതി കാൽപ്പനികത തലയ്ക്കു പിടിച്ച് വനം - ആദിവാസി മേഖലയിൽ ഭൂമി വാങ്ങി, പ്രകൃതി
കൃഷിയെല്ലാം ചെയ്തു ഭൂമിയോടിണങ്ങി ജീവിക്കാമെന്നു സ്വപ്നം കണ്ട്, ശരിക്കും പെട്ടുപോയ ചില പാവം മനുഷ്യരും ഈ കുട്ടത്തിലുണ്ട്. റിസോർട്ട് തുടങ്ങാനും മറ്റും ഭൂമി വാങ്ങിച്ചു കൂട്ടിയവരെപ്പോലെ, ആദിവാസികളെ പറ്റിച്ച് ഭൂമി കൈവശപ്പെടുത്തിയവരെപ്പോലെ അവരെ കണരുത്.
വിചാരിച്ച പോലെ കൃഷിയോ സംരംഭങ്ങളോ സാധ്യമായില്ല. കാട്ടുമൃഗങ്ങളുടെ ശല്യം പതിന്മടങ്ങ് വർദ്ധിച്ചു. ഭൂമി കൈമാറ്റംപോലും സാധ്യമാകാതെ വന്നു. സത്യത്തിൽ അവരായിരുന്നു ശരിക്കും കാല്പനിക പ്രകൃതിവാദികൾ. തങ്ങൾക്കുണ്ടായ തിരിച്ചടി അവരെ പ്രകൃതി വിരോധത്തിലേക്ക് നയിച്ചിരിക്കാം. ആ വഴിക്ക് രക്ഷപ്പെടാനുള്ള ശ്രമമവർ നടത്തുന്നതാകാം.അവർക്ക് സൈദ്ധാന്തികരും സൈബർ സംഘവുമുണ്ടായി. അവരുടെ രവിചന്ദ്രൻ മോഡൽ താത്വികവാദങ്ങളിൽ ആകൃഷ്ടരായ ചെറുപ്പക്കാരും ഇതിലൊന്നും പെടാത്ത ചില പാവങ്ങളും കേരളത്തിൽ പുതിയൊരു പരിസ്ഥിതി വിരുദ്ധ ആർമിയുടെ ഭാഗമായി.ബഷീറും സുഗതകുമാരിയും അവരുടെ ശത്രുക്കളായി. കേരളത്തിലെ പരിസ്ഥിതി സ്നേഹികളും കവികളുമാണ് തങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണം എന്ന് അവർ കരുതാൻ തുടങ്ങി. എത്ര ശക്തമാണ് അവരുടെ നെറ്റ് വർക്ക് എന്നറിയാൻ എൻ്റെ പോസ്റ്റുകൾക്കെതിരെ കമൻ്റ് ബോക്സിൽവന്ന കൂട്ട ആക്രമണം നോക്കിയാൽ മതി.
അവരുടെ രോഷം അവരെ രക്ഷിക്കട്ടെ. എന്നാൽ ഒന്നോർക്കണം. ഇന്ത്യയിലെ വനനിയമങ്ങൾ, ഭൂമി കൈമാറ്റ നിയമങ്ങൾ ഒന്നും കവികൾ ഉണ്ടാക്കിയതല്ല. അതുണ്ടാക്കിയതും അതിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതും ഭരണകൂടങ്ങളാണ്. അവർക്കും പരിമിതിയുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും ആദിവാസികളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിച്ചുകൊണ്ടും വേണം തീരുമാനമെടുക്കാൻ.
ആ നിയമങ്ങൾ ഇല്ലായിരുന്നെങ്കിൽ നമ്മുടെ പശ്ചിമഘട്ടം ഇതിനോടകം പൂർണ്ണമായി ഖനിരാജാക്കന്മാരുടെ കൈകളിലെത്തുമായിരുന്നു എന്ന വസ്തുതയും നാമോർക്കണം.ആ നിയമങ്ങൾ ഇല്ലായിരുന്നെങ്കിൽ രവിചന്ദ്രൻ സ്വപ്നം കാണുന്നതുപോലെ ആദിവാസികൾ തുടച്ചു മാറ്റപ്പെടുമായിരുന്നു എന്നുമറിയുക. അതിൻ്റെ പാരിസ്ഥിതിക ആഘാതം നാം സങ്കല്പിച്ചതിലും വലുതാകുമായിരുന്നു.
എന്നു കരുതി അതിൽ കാലാനുസൃതമായ മാറ്റം വരേണ്ട എന്നല്ല. ബാധിത ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടുക തന്നെവേണം. അവരുടെ രക്ഷയ്ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. അക്കാര്യത്തിലൊന്നും പരിസ്ഥിതിവാദികൾ എതിരു നില്ക്കുന്നുമില്ല.
ഓരോ നാട്ടിലും മുതലാളിമാർ വന്ന് സാധാരണക്കാരൻ്റെ ജീവിതം ദുസ്സഹമാക്കുമ്പോൾ നില്ക്കക്കള്ളിയില്ലാതെയാണ് മാവൂർ ഉൾപ്പെടെ കേരളത്തിലെ പരിസ്ഥിതി സമരങ്ങൾ ഉണ്ടായത്.ചെങ്ങോട് മല സമരത്തിൻ്റെ സാഹചര്യവും വ്യത്യസ്തമല്ല.
കോർപ്പറേറ്റുകൾ ഭരണകൂടത്തിൻ്റെ ഒത്താശയോടെ മലയിടിക്കാനും ജലസ്രോതസ് അടക്കം ഇല്ലാതാക്കാനും ശ്രമിച്ചാൽ ജനം ഇളകും. തീർച്ചയായും പരിസ്ഥിതി സ്നേഹികളും കവികളും അതിനൊപ്പമുണ്ടാകും.
കേരളത്തിലെ പ്രകൃതി വിഭവങ്ങളെ ബാലൻസിംഗ് നിലനിർത്തിക്കൊണ്ട് എടുക്കാനും അതുപയോഗിച്ച് വീടുണ്ടാക്കാനും റോഡുകൾ അടക്കമുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്താനും ഇന്നുവരെ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അവിടെയൊന്നും കവികളോ പരിസ്ഥിതി വാദികളോ തടസ്സവാദവുമായി നിന്നിട്ടില്ല. കേരളത്തിൽ ഇപ്പോൾ നടക്കുന്ന ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി ലക്ഷക്കണക്കിന് മരങ്ങൾ മുറിച്ചു. ആരെങ്കിലും എതിർപ്പുന്നയിച്ചോ? കവിതയെഴുതിയോ? അടിസ്ഥാന വികസനത്തെപ്പറ്റി അവർക്കും നല്ല ബോധ്യമുണ്ട്. കെ.റയിലിനെ എതിർത്തത് ശരിയാണ്. മുൻഗണനാഗണത്തിൽ വരാത്തതും വൻ കടബാധ്യത സംസ്ഥാനത്തിനുണ്ടാക്കുന്നതും സമ്പന്നർക്കു മാത്രം ഉദ്ദേശിക്കപ്പെട്ടതുമായ ഒരു പദ്ധതി എന്ന നിലയിലാണ് ആ സംവാദം ഉണ്ടായത്. മാത്രവുമല്ല കവികൾ പറഞ്ഞതു ശരിയായിരുന്നു എന്നു സ്ഥാപിക്കുന്ന മട്ടിൽ ആ പദ്ധതി ഏതാണ്ട് ഉപേക്ഷിക്കുന്ന ഘട്ടത്തിൽ എത്തുകയും ചെയ്തിരിക്കുന്നു.
കേരളത്തിലെ വികസനത്തിൻ്റെ ശത്രുപക്ഷത്ത് കവികളെയും പരിസ്ഥിതി സ്നേഹികളെയും സ്ഥാപിക്കുന്നവർ ഇക്കാര്യമൊന്നും അറിയാത്തവരല്ല. അവർക്ക് അരിശം തീർക്കാൻ ഒരു ശത്രുവിനെ വേണം. ഭരണകൂടത്തോട് കലഹത്തിനു ചെന്നാൽ പണി കിട്ടുമെന്നറിയാം. അതിനാൽ പാവം കവികളുടെ മേൽ പാഞ്ഞുകയറുക.മരിച്ചു മണ്ണോടുചേർന്ന സുഗതകുമാരി ടീച്ചറെപ്പോലും ഫ്രോഡെന്നും ക്രിമിനൽ എന്നും വിളിച്ച് സായൂജ്യമടയുക. പാരിസ്ഥിതിക കുറ്റബോധവാദമവതരിപ്പിച്ച് കയ്യടി നേടുക. പരിസ്ഥിതി സമ്മേളനങ്ങളെ തടയുക - അങ്ങനെ പോകുന്നു അവരുടെ മോഹഭംഗ മനസ്സിലെ പ്രതികാരങ്ങൾ.
ഇനി കേരളത്തിൽ കവർന്നെടുക്കാൻ ആവശ്യത്തിനു പ്രകൃതി വിഭവമുണ്ട് എന്ന വാദത്തെപ്പറ്റി ഒന്നു പറയട്ടെ.ഒന്നര നൂറ്റാണ്ടു മുമ്പ് കേരളത്തിൻ്റെ 70% വനമായിരുന്നു. വനം വകുപ്പിൻ്റെ പുതിയ കണക്കിൽ അത് ഇപ്പോൾ 29 % ആണ്. ഈ കണക്കിൽ തോട്ടങ്ങളും വനമല്ലാത്ത പരിസ്ഥിതി ലോല പ്രദേശങ്ങളും ഉൾപ്പെടും. അപ്പോൾ റിസർവ്വ് വനത്തിൻ്റെ യഥാർത്ഥ കണക്ക് 20% ന് അടുത്തേ വരൂ.എഴുപതിൽ നിന്ന് ഇരുപതിലേക്ക് ചുരുങ്ങുന്നത് എങ്ങനെ വളർച്ചയായി പരിഗണിക്കും?
വനത്തിൻ്റെ വിസ്തൃതിയിൽ ഇന്ത്യയിലാകെ വരുന്ന നാമമാത്രമായ വർദ്ധനവിൽ കേരളവും പെടും എന്നത് ശരിയാണ്.എന്നാൽ വനത്തിനു പുറത്തുള്ള പച്ചപ്പിൻ്റെ വിസ്തൃതിയിൽ കുറവും സംഭവിക്കുന്നുണ്ട്. ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളം ഒന്നാം സ്ഥാനത്താണ് എന്ന മട്ടിലുള്ള വാദങ്ങൾ അടിസ്ഥാന രഹിതമാണ്. പതിനാലാം സ്ഥാനമാണ് കേരളത്തിനുള്ളത്.
വന വിസ്തുതി കൂടുന്നു എന്നു സമ്മതിച്ചാൽതന്നെ അതിനു സെലക്ഷൻ ഫെല്ലിംഗ് തടയുന്നതു പോലെയുള്ള നമ്മുടെ മാറിവന്ന വനനിയമങ്ങൾ, സർക്കാർ മെഷിനറിയും സംഘടനകളും ചേർന്ന് പതിറ്റാണ്ടുകളായി നടത്തിയ വനവൽക്കരണയത്നം, കവികളും പരിഷത്ത് അടക്കമുള്ള സംഘടനകളും സൃഷ്ടിച്ച പാരിസ്ഥിതിക അവബോധ നിർമ്മിതി എന്നിവയും ചെറിയ തോതിലെങ്കിലും കാരണമായിട്ടുണ്ട് എന്നു സമ്മതിച്ചാൽ വല്ല കുറച്ചിലും സംഭവിക്കുമോ? ജനുവരിത്തണുപ്പിലും പുറത്തിറങ്ങാൻ പറ്റാത്ത വിധം ചൂടിൽ നാം വിയർക്കുമ്പോൾ, പരിസ്ഥിതി സൗഹൃദപരമായ സമീപനത്തെ നാമെങ്ങനെ കയ്യൊഴിയും?
ഒരു കാര്യം ഉറപ്പാണ്. പലരും പറയുന്നപോലെ കോർപ്പറേറ്റുകൾക്ക് യഥേഷ്ടം കൊള്ളയടിച്ചു കൊണ്ടുപോകാനുള്ള വിഭവങ്ങൾ
കേരളത്തിലില്ല. കരുതലോടെ ഉപയോഗിച്ചാൽ നമ്മുടെ ആവശ്യത്തിനു മുട്ടും വരില്ല. തമിഴ്നാട്ടിലെ പരിസ്ഥിതി നിയമങ്ങൾ നമ്മുടേതിനേക്കാൾ കടുത്തതാണ്. കുറച്ചു വർഷം മുമ്പ് നീലഗിരി ജില്ലയിലെ ജനവാസ കേന്ദ്രങ്ങൾ നിറഞ്ഞ ഒരു താലൂക്ക് മൊത്തമായി വനത്തോട് കൂട്ടിച്ചേർക്കപ്പെട്ടു. സ്ഥലത്തിൻ്റെ ക്രയവിക്രയം തടഞ്ഞു. റജിസ്റ്റാർ ആപ്പീസ് പൂട്ടി സീൽ വച്ചു.ആയിരങ്ങൾ ഇന്നും അതിൻ്റെ ദുരിതം പേറുന്നു. അതാണ് അവിടത്തെ പരിസ്ഥിതി നിയമം.കേരളത്തിലെ കാര്യം അതിനേക്കാൾ ഭേദമാണ് എന്നു പറയാം. പ്രകൃതി വിഭവങ്ങൾ കരുതലോടെ ചെലവിടുകയും ബാക്കിയുള്ളവ വരുംതലമുറയ്ക്കായി മാറ്റി വയ്ക്കുകയും ചെയ്യുക എന്ന അവബോധമാണ് എൻ്റെ പരിസ്ഥിതി ചിന്തയുടെ കാതൽ.അതിനായി പ്രവർത്തിക്കും, എഴുതും. ആരു തെറി വിളിച്ചാലും അതിൽ നിന്നൊരു പിന്മടക്കമില്ല തീർച്ച.
വീരാൻകുട്ടി
ഇത് ആശയസംവാദമാണ്. അത് പുസ്തകം കത്തിച്ച് ആഘോഷിച്ചപ്പോൾ ഞാൻ പിൻ വാങ്ങി''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.