എസ്.പി. വെങ്കിടേഷ്

ഓണപ്പാട്ടിന്നീണവുമായി

മലയാളത്തിൽ നൂറ്റി അമ്പതോളം ഗാനങ്ങൾക്ക് സംഗീതം നൽകിയ എസ്.പി. വെങ്കിടേഷിന്റെ പാട്ടുകൂട്ടങ്ങളിൽ ഓണപ്പാട്ടുകളുമുണ്ട്. ഓണത്തെ കുറിച്ചും ഓണപ്പാട്ടുകളെ കുറിച്ചും പാട്ടനുഭവങ്ങളെ കുറിച്ചും സംസാരിക്കുകയാണ് എസ്.പി. വെങ്കിടേഷ്

ഓണം എന്നു പറയുമ്പോൾ ഓർമ വരുന്നത് ഓണക്കോടിയും സദ്യയും ഒന്നുമല്ല; പാട്ടുകളാണ്- ഓണപ്പാട്ടുകൾ. മനോഹരമായ പാട്ടുകളുള്ള കാസറ്റുകൾ ഇറങ്ങും, പണ്ട് കേരളത്തിൽ ഓണക്കാലത്ത്. ഓരോ കാസറ്റിലും എട്ടോ പത്തോ പാട്ടുകളുണ്ടാകും. മലയാളി എവിടെയുണ്ടോ, അവിടെയെല്ലാം അതു വാങ്ങാൻ കിട്ടും.

ഓണപ്പാട്ടുകൾക്കായി മലയാളികൾ കാത്തിരുന്നു. പുതിയ ഓണപ്പാട്ടുകൾ അവർ പാടിനടന്നു. ഓണക്കാലമായാൽ കടകളിലും വീടുകളിലും ഒരേ പാട്ടുകൾ കേൾക്കാം. ഓണപ്പാട്ടുകളെ മലയാളികൾ എന്നും സ്നേഹിച്ചു. ഓണത്തിനിറങ്ങുന്ന സിനിമകളോടും പ്രത്യേക ഇഷ്ടമുണ്ടായിരുന്നു മലയാളിക്ക്.

അത്തരത്തലൊരു ഓണപ്പടമായാണ് 1992ൽ കിഴക്കൻ പത്രോസ് എത്തിയത്. മുട്ടത്തുവർക്കിയുടെ കഥക്ക് ഡെന്നീസ് ജോസഫ് തിരക്കഥയൊരുക്കിയ ചിത്രം. ടി.എസ്. സുരേഷ് ബാബു സംവിധാനം. മമ്മൂട്ടി ടൈറ്റിൽ റോളിൽ അഭിനയിച്ചു. ഉർവശിയും പാർവതിയും ഇന്നസെന്റും കെ.പി.എ.സി ലളിതയുമൊക്കെയായി വലിയ താരനിര.


എറണാകുളത്ത് പടത്തിന്റെ പൂജ നടക്കുന്നു. മമ്മൂട്ടിയും സുരേഷ് ബാബും ഡെന്നീസ് ജോസഫും ​നിർമാതാവും മറ്റു ഗസ്റ്റുകളും ഇരിക്കുന്നുണ്ട്. ഗിറ്റാറിൽ ഒരു ട്യൂൺ ​​പ്ലേ ചെയ്യാൻ ഡെന്നിസ് പറഞ്ഞു. ഞാൻ വായിച്ചു. എല്ലാവർക്കും ഇഷ്ടമായി.

വേനൽചൂടിൽ ഉരുകിയ മണ്ണിൽ വേരിറങ്ങി

അരിയൊരു കൊന്ന പൂത്തു...

നീരാഴിപ്പെണ്ണിന്റെ ആരാരും കാണാത്ത

നീലക്കൽ കൊട്ടാരം ദൂ​െ​​്ര...

തുടികൊട്ടിപ്പാടുന്ന മേഘം

മധുമാരി പെയ്യുന്ന നേരം...

മൂന്നു പാട്ടുകൾ കിഴക്കൻ പത്രോസിൽ ഉണ്ട്. പാട്ടുകൾ ഒ.എൻ.വിയാണ് എഴുതുന്നത്. പുതിയതായി ഞാൻ കേൾപ്പിച്ച ഈണത്തിലും ഒരു പാട്ടു വേണം എന്ന് ഡെന്നിസ് ജോസഫ് നിർബന്ധം പിടിച്ചു. എല്ലാവരും സപ്പോർട്ട് ചെയ്തു. ഒ.എൻ.വി. എഴുതാമെന്നേറ്റു. ആ പാട്ടുപാടി അഭിനയിക്കാൻ മമ്മൂട്ടിയും താൽപര്യം പറഞ്ഞു.

ആ പാട്ടാണ് ‘പാതിരാക്കിളീ...’

വളരെ മനോഹരമാണ് ആ പാട്ടിലെ വരികൾ.

‘‘പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ

ഓണമായിതാ തിരുവോണമായിതാ...

പാടിയാടി വാ പുലർമേടിറങ്ങി വാ

പൂവു നുള്ളി വാ മലർ കാവിലൂടെ വാ...’’

യേശുദാസ് അതു പാടിയപ്പോൾ കൂടുതൽ മനോഹരമായി. ‘പത്രോസി’ലെ മറ്റു പാട്ടുകളും ദാസ് തന്നെയാണ് പാടിയത്. ‘നീരാഴിപ്പെണ്ണിന്റെ...’ ചിത്രയും ചേർന്നാണ് പാടുന്നത്.

‘പാതിരാക്കിളി’ റെക്കോർഡിങ് ഒക്കെ കഴിഞ്ഞു. പക്ഷേ, സിനിമയിൽ അതു ചേർക്കാൻ പറ്റിയ സന്ദർഭങ്ങൾ ഒന്നും ഇല്ലായിരുന്നു. മാറ്റിവെക്കാനും അവർക്ക് മനസ്സ് വരുന്നില്ല. അങ്ങനെ അത് ടൈറ്റിൽ സോങ്ങായി. എല്ലാർക്കും ഇഷ്ടമായി, ഹിറ്റായി ആ പാട്ട്. ‘യോദ്ധ’യും ‘പടകാളി ചണ്ഡി ചങ്കരി...’യും ഒക്കെ ഇറങ്ങിയ സമയമാണ്. ‘അദ്വൈതം’ ആയിരുന്നു മറ്റൊരു ഓണപ്പടം. എം.ജി. രാധാകൃഷ്ണൻ സംഗീതം ചെയ്ത ‘മഴവിൽ കൊതുമ്പിലേറിവന്ന’, ‘അമ്പലപ്പുഴെ ഉണ്ണികണ്ണനോട് നീ’, ‘നീലക്കുയിലേ ചൊല്ലൂ’ എന്നീ പാട്ടുകളും ഉണ്ട്. എന്നാലും ‘പാതിരാക്കിളി’ക്ക് സ്വന്തമായ ഇടം മലയാളികളുടെ മനസ്സിൽ കിട്ടി. അതൊരു ഓണപ്പാട്ട് ആയിരുന്നതു കൊണ്ടു കൂടിയാവാം ഇത്ര സ്വീകാര്യത കിട്ടിയത്.

അന്നും ഇന്നും ‘കിഴക്കൻ പത്രോസ്’ എന്ന സിനിമ തന്നെ അറിയപ്പെടുന്നത് ആ പാട്ടിലൂടെയാണ് എന്നതാണ് സന്തോഷം.

ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നായി ഇപ്പോഴും പാതിരാക്കിളി മനസിലേക്ക് വരാറുണ്ട്.

ആ പാട്ട് വളരെ ഇഷ്ടപ്പെട്ട ഒരാൾ കൂടി ഉണ്ടായിരുന്നു, പ്രിയദർശൻ. പ്രിയന് ആ ഈണം നന്നായി പിടിച്ചു. ടൈറ്റിൽ സോങ്ങ് ആവേണ്ടതായിരുന്നില്ല, കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ആ പാട്ട് പ്ലേസ് ചെയ്യേണ്ടതായിരുന്നു എന്നൊക്കെ പ്രിയനു തോന്നി. ‘ആ ഈണം ഞാൻ ഉപയോഗിക്കും, തടസ്സം പറയരുത്’ എന്ന് അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു.

പിന്നീട് പ്രിയദർശൻ 1998ൽ ‘തേൻമാവിൻ കൊമ്പത്ത്’ ഹിന്ദിയിൽ (സാത് രംഗ് കേ സപ്‌നേ) എടുത്തപ്പോൾ ‘ജൂത് ബോൽ നാ സച് ബാത് ബോൽ ദേ’ എന്നു തുടങ്ങുന്ന പാട്ടിന് ‘പാതിരാക്കിളി’യുടെ ഈണം ഉപയോഗിച്ചു. ഉദിത് നാരായൺ ആണു പാടിയത്. നദീം-ശ്രാവൺ ആണ് സംഗീതം. ഹിന്ദിയിലും പാട്ട് ഹിറ്റായി. അമിതാഭ് ബച്ചനാണ് ചിത്രം നിര്‍മിച്ചത്. അരവിന്ദ് സ്വാമിയുടെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു. ജൂഹി ചൗളയും അനുപം ​ഖേറുമൊക്കെയാണ് അഭിനയിച്ചത്.

1997ൽ സൂപ്പർമാൻ സിനിമയിൽ വീണ്ടും ഓണപ്പാട്ട് ചെയ്തു. എസ്. രമേശൻ നായരായിരുന്നു രചന. ആനന്ദഭൈരവി രാഗത്തിലാണ് പാട്ട് ചിട്ടപ്പെടുത്തിയത്. റാഫി മെക്കാർട്ടിൻ ചിത്രം. ജയറാമും ശോഭനയുമാണ് നായകവേഷം ചെയ്തത്.

‘‘ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ

ഓർമകള്‍ മേയും കാവില്‍ ഒരു തിരി വയ്ക്കൂ നീ’’

എന്നു തുടങ്ങുന്ന പാട്ട് യേശുദാസിന്റെ ശബ്ദത്തിൽ ശ്രദ്ധേയമായി.

1987-ൽ റിലീസായ ‘വഴിയോരക്കാഴ്ചകൾ’ സിനിമയിൽ ഒരു പാട്ടുണ്ട്, ‘ഓണനാളിൽ താഴേ കാവിൽ...’ ഷിബു ചക്രവർത്തിയുടെതാണ് വരികൾ. ജോഗ് രാഗത്തിൽ ചിട്ടപ്പെടുത്തിയ പാട്ട് കെ.എസ്. ചിത്രയാണ് പാടിയത്. അംബിക കൂട്ടുകാർക്കൊപ്പം പാടി നൃത്തം ചെയ്യുന്നതായാണ് സിനിമയിൽ.

ഏറെ ശ്രദ്ധിക്കപ്പെട്ട മോഹൻലാൽ ചിത്രം. രതീഷും ചാരുഹാസനും സുരേഷ് ഗോപിയുമുണ്ട്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ഡെന്നീസ് ജോസഫ് ആണ്.

1993ൽ പുറത്തിറങ്ങിയ ജോഷി ചിത്രം ‘ധ്രുവ’ത്തിലെ ‘‘തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ’’ പാട്ട് ഓണത്തെ ഓർമപ്പെടുത്തുന്നതാണ്. തുമ്പിയും തു‌മ്പയും മുല്ലപ്പൂവും തരിവളയും ഇളവെയിലും കസവു തുന്നിയ മിന്നുംപുടവയുമെല്ലാം ചേർത്തുവെച്ച് ഷിബു ചക്രവർത്തി എഴുതിയ ഈ ഗാനം യേശുദാസും സുജാതയും വേണുഗോപാലും ചേർന്ന് പാടി മനോഹരമാക്കി.

മമ്മൂട്ടിയും ജയറാമും ഗൗതമിയും രുദ്രയുമെല്ലാമാണ് സീനിൽ വരുന്നത്. സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ധ്രുവം. ഒപ്പം തുമ്പിപ്പെണ്ണേ വാവാ, തളിർവെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാൻ... തുടങ്ങിയ പാട്ടുകളും ഹിറ്റായി.

ഒരുപക്ഷേ, ഓണത്തെപ്പോലെ മറ്റൊരു ഉത്സവത്തിനും നമ്മുടെ നാട്ടിൽ ഇത്രയേറെ പാട്ടുകൾ ഉണ്ടാവുന്നുണ്ട് എന്നു തോന്നുന്നില്ല. ഓണം പാട്ടിന്റെ കൂടി മഹോത്സവമാണ്.

Tags:    
News Summary - Onappattineenavumayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.