അബൂദബി: ഓരോ നിർമിതിയിലും വിസ്മയങ്ങൾ തീർക്കുന്ന അബൂദബി എമിറേറ്റ് മറ്റൊരു ദൃശ്യാനുഭവത്തിന് കൂടി സാക്ഷിയാവാൻ ഒരുങ്ങുന്നു. എമിറേറ്റിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന സ്ഥാപനങ്ങൾ അടക്കമുള്ളവ ഉൾക്കൊള്ളുന്ന സഅദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ടിന്റെ നിർമാണം പുരോഗിമിക്കുകയാണ്. സായിദ് നാഷണൽ മ്യൂസിയം, ഗുഗൻഹെയിം അബൂദബി, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബൂദബി, ടീംലാബ് ഫിനോമിന തുടങ്ങിയ നിരവധി സാംസ്കാരിക കേന്ദ്രങ്ങളുടെ നിർമാണമാണ് അന്തിമ ഘട്ടത്തിലുള്ളത്. ഇവയുടെ 76 ശതമാനവും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. നിർമാണം പൂർത്തിയാവുന്നതോടെ സഅദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ട് അബൂദബിയിലെത്തുന്ന സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമാവുമെന്നുറപ്പാണ്. 2025ഓടെ സഅദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ട് പൂർത്തിയാവുമെന്നാണ് അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പ് ആവർത്തിക്കുന്നത്. അബൂദബി ദേശീയ ചരിത്രമ്യൂസിയമാണ് നിർമിതികളിൽ ഏറ്റവും വിസ്മയകരം.
അറേബ്യന്‍ കണ്ണിലൂടെ ഭൂമിയുടെ ചരിത്രം പറയാനൊരുങ്ങുകയാണിത്. 67 ദശലക്ഷം വര്‍ഷം പഴക്കമുള്ള ടൈറന്നോസറസ് റെക്സ് സ്കെല്‍ട്ടണ്‍ അടക്കമുള്ള അപൂര്‍വം വസ്തുക്കളാണ് മ്യൂസിയത്തിലെത്തിക്കുക. 13.8 ബില്യന്‍ വര്‍ഷത്തിനു പിന്നിലേക്കാവും മ്യൂസിയം സന്ദര്‍ശകരെ കൊണ്ടുപോവുക. ഭൂമിയുടെ പിറവി മുതല്‍ ഭാവി ലോകം എങ്ങനെയായിരിക്കുമെന്നുവരെ മ്യൂസിയത്തിലെ ഗാലറികള്‍ നമ്മോടു പറയും. ഭൂമി സംരക്ഷിക്കുന്നതിന് ഇളംതലമുറയെ പ്രചോദിപ്പിക്കുന്നതു കൂടിയാവും മ്യൂസിയത്തിന്റെ ഉള്ളടക്കം. മേഖലയുടെ ഭൗമശാസ്ത്ര ചരിത്രവും മ്യൂസിയത്തിലുണ്ടാവും. മേഖലയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമായിരിക്കും ഇത്. ലോകത്തുടനീളമുള്ള അപൂര്‍വ അസ്ഥികൂടങ്ങള്‍ മ്യൂസിയത്തിലെത്തിക്കും. 40 വര്‍ഷം മുമ്പ് ആസ്ത്രേലിയയില്‍ പതിച്ച ഏഴ് ബില്യന്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള നക്ഷത്ര പൊടിയായ മുര്ഷിസോണ് മെറ്റീയോറൈറ്റ് വരെ മ്യൂസിയത്തിലെത്തിക്കുന്നുണ്ട്. 35000 ചതുരശ്രമീറ്ററിലാണ് മ്യൂസിയം ഒരുങ്ങുന്നത്. 35000 ചതുരശ്ര അടിയിലാണ് നിർമാണം. 17000 ചതുരശ്രമീറ്ററിൽ നൂതനമായ ഒരു കലാ അനുഭവം പ്രദാനം ചെയ്യുകയാണ് ടീം ലാബ് ഫിനോമിനയിലൂടെ ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന ആഗോള പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു വ്യതിരിക്ത സാംസ്കാരിക സംഗമം ആകും ടീം ലാബിലേത്. എൻവയോൺമെന്റൽ ഫിനോമിന എന്ന പുതിയ കലാ ആശയം ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. പരിസ്ഥിതിയും അതുണ്ടാക്കുന്ന വിവിധ അപൂർവതകളുമാണ് ടീം ലാബ് ഫിനോമി അബൂദബിയിലുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.