മുക്കം: സഞ്ചാര സാഹിത്യകാരൻ എസ്.കെ പൊറ്റെക്കാടിന്റെ ഓർമക്കായി മുക്കം കടവ് പാലത്തിനുസമീപം നിർമിച്ച സ്മൃതി കേന്ദ്രത്തിന് ശാപമോക്ഷമാവുന്നു. കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി സ്മൃതി കേന്ദ്രം നവീകരണത്തിന് മൂന്നുലക്ഷം രൂപ അനുവദിച്ചു. 18 വർഷം മുമ്പ് നിർമിച്ച സ്മൃതി കേന്ദ്രത്തിന് ഇതാദ്യമായാണ് നവീകരണത്തിന് തുക അനുവദിക്കുന്നത്.
കേന്ദ്രത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാലുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, വ്യായാമത്തിനായി നടക്കാൻ എത്തുന്നവർക്ക് ഇന്റർലോക്ക് കട്ടകൾ വിരിച്ച് സൗകര്യപ്പെടുത്തൽ തുടങ്ങിയവയാണ് നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര പറഞ്ഞു.
ഘട്ടം ഘട്ടമായി മിനി പാർക്കും സാംസ്കാരിക കേന്ദ്രവുമായി സ്മാരകത്തെ ഉയർത്തിക്കൊണ്ടുവരും. 2005ലാണ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് കടവിലെ ചെറുപുഴയുടെ തീരത്ത് സ്മൃതി കേന്ദ്രം നിർമിച്ചത്.
ഏതാനും വർഷം മാത്രമാണ് ഇത് തുറന്നുപ്രവർത്തിച്ചത്. കാടുമുടിക്കിടക്കുകയായിരുന്നു. വെള്ളപ്പൊക്ക ബാധിത മേഖലയായതിനാൽ കെട്ടിടത്തിന്റെ മേൽക്കൂരക്കും ബലക്ഷയം നേരിട്ടു. പിന്നീട് വെന്റ് പൈപ്പ് പാലത്തിനുപകരം ഉയരം കൂടിയ കോൺക്രീറ്റ് പാലം നിർമിച്ചതോടെ സ്മൃതികേന്ദ്രം പാലത്തിന് അടിയിലുമായി. ഇടക്ക് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വൃത്തിയാക്കിയെങ്കിലും നവീകരണ പ്രവൃത്തി ഒന്നും നടത്തിയില്ല.
സാംസ്കാരിക പരിപാടിക്കും മറ്റും സ്റ്റേജ്, വായനശാല തുടങ്ങിയവയൊക്കെ ഉണ്ടായാൽ വിശ്വസഞ്ചാര സാഹിത്യകാരന് ഉചിതമായ സ്മരകമായും മാറും. ഇരുപുഴകളുടെ സംഗമവും പച്ചത്തുരുത്തും വൈ ആകൃതിയിൽ മൂന്ന് കരകളെ ബന്ധിപ്പിച്ച് ഉയർന്നുനിൽക്കുന്ന വേറിട്ട മാതൃകയിലുള്ള പാലവും ചേർന്ന് മുക്കം കടവ് ഇപ്പോൾത്തന്നെ ആളുകളെ ആകർഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.