സമൂഹമാധ്യമങ്ങളിൽ ഇടപെടുന്ന നിരവധി മുസ്ലിം വനിത ആക്ടിവിസ്റ്റുകളുടെ ഫോട്ടോകൾ ചുരണ്ടിയെടുത്ത് സംഘ്പരിവാറിന്റെ സൈബർശാഖയിലെ സ്വയംസേവകർ 'സുള്ളി ഡീൽസ്' എന്ന പേരിൽ വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നു. തങ്ങൾക്ക് ആവശ്യമുള്ള മുസ്ലിം സ്ത്രീകളെ തിരഞ്ഞെടുക്കാനും ലേലം വിളിക്കാനും ഹിന്ദുത്വ ആൺകൂട്ടത്തിന് അവസരം നൽകുന്നതായിരുന്നു ഇതിന്റെ സംവിധാനം. ഹിന്ദുത്വവാദികൾ മുസ്ലിം സ്ത്രീകളെ വിളിക്കുന്ന ഹിന്ദി തെറിവാക്കാണ് 'സുള്ളി'. അവരുടെ സ്വകാര്യ സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും കലാപാഹ്വാന മുറവിളികളിലും ഈ വാക്ക് പ്രയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രശ്നം സവിശേഷ വിശകലനം അർഹിക്കുന്നു.
മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ സൈബർ ഇടത്തിൽ പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ ഇത് ആദ്യമായല്ല. 2013ൽ, മുസഫർനഗർ കലാപം നടന്നു മൂന്നുവർഷങ്ങൾക്കുശേഷം, ഹിന്ദുത്വർ 'റേപ് വിഡിയോകൾ' പ്രചരിപ്പിക്കുന്ന വിവരം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മുസഫർനഗറിൽ ഇരുനൂറോളം സ്ത്രീകൾ കൂട്ട ബലാത്സംഗത്തിനിരയായിട്ടും അതിൽ ഏഴു പേർ മാത്രമാണ് നിയമ പോരാട്ടത്തിനു തയാറായതെന്നു ഔട്ട്ലുക്ക് മാഗസിനിൽ (ജൂലൈ 2014 ) 'ഷാഡോ ലൈൻ' എന്ന പേരിൽ റിപ്പോർട്ട് തയാറാക്കിയ പ്രമുഖ മാധ്യമ പ്രവർത്തക നേഹ ദീക്ഷിത് പറയുന്നു. പിന്നീടു നേഹ ദീക്ഷിതിനെ 'രാജ്യദ്രോഹിയായി' ചിത്രീകരിച്ച് ഹിന്ദുത്വർ നിരന്തരം സൈബർ വേട്ട നടത്തി. നിർഭയ സംഭവ ശേഷം ക്രിമിനൽ അമൻഡ്െമൻറ് ആക്ടിൽ (2013) വർഗീയ കലാപങ്ങളിൽ ഉൾപ്പെട്ട ബലാത്സംഗങ്ങളെ തടയാൻ ചേർത്ത സെക്ഷൻ 376(2)(ജി) ഒക്കെയുണ്ടെങ്കിലും നീതി പുലരുന്നതു കാണാൻ കഴിഞ്ഞില്ലെന്ന് 2018 ആഗസ്റ്റിൽ 'ദി ക്വിൻറി'നു നൽകിയ അഭിമുഖത്തിൽ നേഹ ദീക്ഷിത് പറയുന്നുണ്ട്. സംഘ്പരിവാര പ്രചോദിതമായ ഹിന്ദുത്വ ആണത്ത രാഷ്ട്രീയത്തിന്റെ മുഖ്യ ഇരകളാണ് മുസ്ലിം സ്ത്രീകൾ. അതായത്, സാമൂഹിക ശരീരത്തിൽ വ്യാപിച്ച ഹിന്ദുത്വ ബലാത്സംഗ സംസ്കാരത്തിന്റെ പ്രതിഫലനമാണ് 'സുള്ളി ഡീൽസ്'.
മലയാളി വിദ്യാർഥിയും ആക്ടിവിസ്റ്റുമായ ലദീദ ഫർസാനയെ അടക്കം ഈ വെബ് സൈറ്റിൽ ലേലത്തിന് വെച്ചിരിക്കുന്നു. ഒറ്റപ്പെട്ട സൈബർ ആൾക്കൂട്ടമൊന്നുമല്ല ഇത്. ആൺ ഈഗോ മുറിപ്പെടുമ്പോൾ നടക്കുന്ന പതിവു സൈബർ അറ്റാക്കിന്റെ മനഃശാസ്ത്ര രീതികളുമല്ല. ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ സംസ്കാരമാണിത്. രാജ്യത്തെ വിവിധ സർവകലാശാലകളിലും നഗരങ്ങളിലും ടൗണുകളിലും പ്രവർത്തിക്കുന്ന വിവിധ മുസ്ലിം സ്ത്രീ ആക്ടിവിസ്റ്റുകളെ തികഞ്ഞ സംഘടിത ബുദ്ധിയോടെയാണ് 'ലൈംഗിക അടിമകൾ' എന്ന രീതിയിൽ ഓൺലൈൻ ലേലത്തിനു വെച്ചത്. വാങ്ങാനും വിൽക്കാനും കഴിയുന്ന 'ചരക്കാക്കി' സ്ത്രീ ശരീരത്തെ കാണുന്ന ഈ ഫാഷിസ്റ്റുകൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. നിയമനടപടികൾ മാത്രം സ്വീകരിച്ചാൽ പോരാ. ശക്തമായ ജനകീയ പ്രതിരോധം തന്നെ ആവശ്യമാണ്.
പൗരത്വ പ്രക്ഷോഭം ഇന്ത്യയിലെ ആൺ കേന്ദ്രീകൃത മുസ്ലിം രാഷ്ട്രീയത്തിന്റെ മുൻഗണനകൾ തന്നെ മാറ്റിയിരുന്നു. മുസ്ലിം സ്ത്രീകളുടെ മുൻകൈയിൽ നടന്ന പ്രക്ഷോഭമായിരുന്നു അത്. പൗരത്വ പ്രക്ഷോഭത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഗുൽഫിഷ ഫാത്തിമ, ഇശ്റത് ജഹാൻ തുടങ്ങിയ മുസ്ലിം സ്ത്രീകൾ ഇന്നും ജയിലിലാണ്. ചെറിയ ഇടങ്ങൾ മാത്രമുള്ള മുസ്ലിം സ്ത്രീ ആക്ടിവിസിറ്റുകൾ കൈവരിച്ച രാഷ്ട്രീയ മുന്നേറ്റത്തെ ഇല്ലാതാക്കാൻ, ഈ പുതിയ രാഷ്ട്രീയ പ്രതിരോധത്തെ തകർക്കാൻ ഹിന്ദുത്വർ ആവിഷ്കരിച്ച തന്ത്രത്തിന് അവരുടെ ആചാര്യന്മാരുടെ ആഹ്വാനങ്ങൾ തന്നെയാണ് അവലംബം. ബലാത്സംഗത്തെ രാഷ്ട്രീയായുധമാക്കണമെന്നു പഠിപ്പിച്ച വി.ഡി. സവർക്കറുടെ വാക്കുകൾ അക്ഷരംപ്രതി അനുഷ്ഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം വേറൊരു വഴിയില്ല. സംഘ്പരിവാറിനെതിരായ മുസ്ലിം ന്യൂനപക്ഷ പ്രതിരോധത്തെയും അതിജീവന പരിശ്രമങ്ങളെയും തകർക്കാനും തളർത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്. മുസ്ലിം സമുദായത്തിലെ സ്ത്രീജനങ്ങളെ ആക്രമിച്ചും അവഹേളിച്ചും പൗരത്വ പ്രക്ഷോഭം ഉയർത്തിയ പുത്തൻ പ്രതിരോധ രാഷ്ട്രീയത്തെ തകർക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ഇന്ന് ശക്തമായ സൈബർ ആക്ടിവിസത്തിന്റെ പ്രശ്നമണ്ഡലവും ഇതിനോടനുബന്ധിച്ച് വിലയിരുത്തേണ്ടതുണ്ട്. ലോകത്ത് ഇൻറർനെറ്റ് അഫോഡബിലിറ്റിയിൽ പതിനെട്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ, ഇൻറർനെറ്റ് ലഭ്യമാക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ അമ്പതു ശതമാനം കുറവാണ് എന്നാണ് ബ്രിട്ടൻ കേന്ദ്രമാക്കിയുള്ള ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്യൂണിക്കേഷൻ പുറത്തുവിട്ട 'കണക്റ്റഡ് വുമൺ: എ മൊബൈൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട്' പറയുന്നത്. ഈ സാഹചര്യത്തിലാണ് ടിറ്ററിലും ഫേസ്ബുക്കിലും സജീവമായ മുസ്ലിം സ്ത്രീ ആക്ടിവിസ്റ്റുകളെയും വിദ്യാർഥികളെയും ലക്ഷ്യം വെച്ചുള്ള സൈബർ ഹിംസ അരങ്ങേറുന്നത്. പൗരത്വ പ്രക്ഷോഭം നൽകിയ മുസ്ലിം സ്ത്രീ ദൃശ്യത ഒരു പരിധിവരെ സമൂഹമാധ്യമങ്ങൾ കൂടി സാധ്യമാക്കിയതാണ്. ജാതി / മത / ലിംഗ കേന്ദ്രീകൃതമായ പരമ്പരാഗത ഇന്ത്യൻ അധികാരത്തെ എതിർക്കുന്ന മുസ്ലിം സ്ത്രീകൾ ഉന്നയിക്കുന്ന രാഷ്ട്രീയ വിമർശനം അതിന്റെ മുഴുവൻ ശക്തിയും പ്രകടിപ്പിക്കുന്ന ഇടങ്ങൾ കൂടിയാണ് സമൂഹ മാധ്യമങ്ങൾ. അതുകൊണ്ടുതന്നെ, അവരെ നിശ്ശബ്ദമാക്കാനുള്ള ഹിന്ദ്വത്വ ആൺകൂട്ടത്തിന്റെ ശ്രമം മുസ്ലിം സ്ത്രീ ആക്ടിവിസ്റ്റുകൾ നേടിയെടുത്ത ദൃശ്യതയെയും സ്വയം നിർണയാവകാശത്തെയും ഇല്ലാതാക്കാൻ കൂടിയാണ്.
ഈ വാർത്ത വന്നിട്ട് ദിവസങ്ങളായി. ലോകത്തെ വിവിധ കോണുകളിലെ മുസ്ലിം സ്ത്രീകൾ സമുദായത്തിൽ അടിച്ചമർത്തപ്പെടുന്നുവെന്ന് ആകുലരാകുന്ന മലയാളിയുടെ സ്ത്രീപക്ഷവാദം പക്ഷേ, ദുരൂഹ മൗനത്തിലാണ്. വിധ്വംസക സംഘമായ ദാഇഷിന്റെ ലൈംഗിക അടിമകളെക്കുറിച്ചുള്ള പുസ്തകം വരെ മലയാളത്തിൽ ചർച്ച ചെയ്യപ്പെട്ടതാണല്ലോ. എന്നാൽ, മാധ്യമങ്ങളിലും സാമൂഹിക മുന്നേറ്റങ്ങളിലും സജീവമായി ഇടപെടുന്ന മലയാളി വിദ്യാർഥിനികളെ സംഘ്പരിവാറിന്റെ ആണത്ത-വർഗീയ ഭീകരർ ഓൺലൈനിൽ ലേലത്തിനു വെച്ചിട്ടും ചർച്ച ചെയ്യാനോ അപലപിക്കാനോ തക്കതായ ഒരു വിഷയമാണതെന്ന് സാംസ്കാരിക കേരളത്തിനോ മുഖ്യധാരാ ഫെമിനിസ്റ്റുകൾക്കോ തോന്നിയിട്ടില്ല. ചുരുക്കം ചില സ്ത്രീവാദികളോ മുസ്ലിം / കീഴാള രാഷ്ട്രീയ പ്രവർത്തകരോ മാത്രമാണ് വിഷയം സജീവ ചർച്ചയാക്കിയത്. വളരെ ഒബ്സസിവായി തന്നെ മുസ്ലിം സ്ത്രീകളെപറ്റി ചർച്ച ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അർഹിക്കുന്ന ഗൗരവത്തോടെ ഇത് ചർച്ച ചെയ്യപ്പെടുന്നില്ല.'സ്ത്രീപക്ഷ കേരളം' സാധ്യമാക്കണമെന്ന് ആവേശം കൊള്ളുന്നവർക്ക് ഇത്തരം ഹിന്ദുത്വ ആണത്ത ദേശീയതയോട് എതിർപ്പൊന്നുമില്ലേ?
(യു.കെയിലെ വാർവിക് സർവകലാശാലയിൽ ഗവേഷകയാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.