കണ്ണൂർ: ഒറ്റക്കൊമ്പൻ സിനിമയിലെ സുരേഷ്ഗോപിയെ പോലെ മഹീന്ദ്ര ജീപ്പിെൻറ ബോണറ്റിൽ പ്രൗഢിയിലിരിക്കുന്ന ചെമ്പക്കാട് നാരായണൻ വാട്സ്ആപ് സ്റ്റാറ്റസുകളായും ഫേസ്ബുക്ക് ചുമരുകളിൽ പോസ്റ്ററുകളായും കേരളം മുഴുവൻ സഞ്ചരിക്കുകയാണ്.
ബേഡഡുക്ക ആറാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി ചെമ്പക്കാട് നാരായണനെപോലെ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം സമൂഹമാധ്യമങ്ങളിൽ ഷെയറുകളും പോസ്റ്റുകളുമായി ന്യൂെജൻ ലുക്കിൽ കറങ്ങിനടക്കുന്നുണ്ട്. സിനിമയെ വെല്ലുന്ന തരത്തിലുള്ള പോസ്റ്ററുകളും വിഡിയോകളുമായാണ് ഇത്തവണ മുന്നണികൾ വോട്ടുതേടുന്നത്.
ആറ്റുവക്കിൽ കയറുപിരിക്കുന്ന രാധമ്മയും തയ്യൽമെഷീനിൽ തുണിതയ്ക്കുന്ന വത്സലയും തെങ്ങുകയറാൻ തളപ്പുമായി നിൽക്കുന്ന മനോഹരനുമെല്ലാം നിറമുള്ള പോസ്റ്ററുകളായപ്പോൾ ആരും വോട്ടുചെയ്തുപോകും. വർണാഭമായ ഘോഷയാത്ര കണക്കെ പരിവാരങ്ങളുമായി വോട്ടുപിടിക്കാനെത്തിയിരുന്ന സ്ഥാനാർഥികളെ കോവിഡ് പൂട്ടിയപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രചാരണം കളർഫുളാവുകയാണ്.
സ്ഥാനാർഥികളുടെ ജീവിതരീതികളെയും തൊഴിലിനെയും പോസ്റ്ററിൽ പ്രമേയമാക്കിയ കാസർകോട് ബേഡഡുക്കയിലെ എൽ.ഡി.എഫിെൻറ പോസ്റ്റർ പ്രചാരണം ഇതിനകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. കഴിഞ്ഞവർഷം വരെ വീടുകയറിയുള്ള വോട്ടുപിടിത്തമാണ് പ്രധാന പ്രചാരണായുധമെങ്കിൽ ഇന്ന് സ്റ്റാറ്റസിലൂടെയും ഇമോജികളിലൂടെയും ചിരിക്കുന്ന മുഖവുമായി സ്ഥാനാർഥികൾ ഓരോ വോട്ടറുടെയും മൊബൈൽ ഫോണിലെത്തുന്നു. ഭരണനേട്ടങ്ങളും കോട്ടങ്ങളും പ്രമേയമാക്കിയ ട്രോളുകളും സജീവമാണ്.
പഴയ ചായക്കടയും കടത്തുതോണിയും ചുമരെഴുത്തും കോളാമ്പി അനൗൺസ്മെൻറുമെല്ലാം അനിമേഷൻ രൂപത്തിൽ സ്ഥാനാർഥികൾക്കായി വോട്ടുപിടിക്കുകയാണ്. ഫ്ലക്സ് ബോർഡുകൾ അരങ്ങൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ പരീക്ഷണങ്ങളുമായി പാർട്ടികളെത്തിയത്. ഇതിനായി സ്റ്റുഡിയോകളും േഫാട്ടോഗ്രാഫർമാരും പ്രത്യേകം പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.