അഗർതല: കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ ഭൂരിഭാഗം കാലയളവിലും അധികാരത്തിലിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിരിച്ചു വരവിനൊരുങ്ങുകയാണ് കോൺഗ്രസ്. 2017ൽ 60ൽ 28 സീറ്റ് നേടിയിട്ടും അധികാരം കൈവിട്ട മണിപ്പൂരിൽ ഇത്തവണ വലിയ പ്രതീക്ഷയിലാണ് പാർട്ടി. ത്രിപുരയിൽ ബി.ജെ.പി വിമതരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പി വിട്ട മന്ത്രി സുദീപ് റോയ് ബർമൻ, ആശിഷ് സാഹ എം.എൽ.എ എന്നിവർ ഉടൻ ഡൽഹിയിൽ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേരുമെന്നാണ് കരുതുന്നത്. ദിശാബോധമില്ലാത്ത പാർട്ടിയാണ് ബി.ജെ.പി എന്നും ത്രിപുരയിലെ ജനങ്ങൾക്ക് അവരെക്കൊണ്ട് ഒരു ഗുണമില്ലെന്നും സ്പീക്കർക്ക് രാജിക്കത്ത് നൽകിയ ശേഷം റോയ് ബർമൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഉടൻ ഡൽഹിക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, ബി.ജെ.പി വിട്ടവരെ റാഞ്ചാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. റോയ് ബർമന്റെ പിതാവ് സമീർ രഞ്ജൻ ബർമൻ 1992-93 കാലയളവിൽ ത്രിപുരയുടെ അവസാന കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു. പിന്നീട് 1993 മുതൽ 2018 വരെ സി.പി.എമ്മാണ് ത്രിപുര ഭരിച്ചത്. സി.പി.എമ്മിനുശേഷമുണ്ടായ ഭരണം ത്രിപുരയിലെ ജനങ്ങളെ തൃപ്തിപ്പെടുത്തിയില്ലെന്നും ഇനി എന്തെങ്കിലും ചെയ്യാൻ കോൺഗ്രസിനാണ് സാധിക്കുക എന്നും ബർമൻ പക്ഷത്തെ ഒരു നേതാവ് പറഞ്ഞു.
ബി.ജെ.പിയുടെ സഖ്യ കക്ഷിയായ ഐ.പി.എഫ്.ടി പാർട്ടിയിലെ ഗോത്രവർഗ നേതാവ് ബ്രിഷകേതു ദെബ്ബർമ എം.എൽ.എയും അടുത്തിടെ രാജിവെച്ചിരുന്നു. ബി.ജെ.പി വിമത എം.എൽ.എമാരായ ദിപചന്ദ്ര, ബുർബ മോഹൻ എന്നിവരും പാർട്ടി വിടാനിരിക്കുെന്നന്നാണ് വാർത്തകൾ.
ത്രിപുരയിൽ സ്വാധീനമുണ്ടാക്കാൻ തൃണമൂൽ കോൺഗ്രസ് കാര്യമായ ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല. ത്രിപുരയിലെ വലിയ വിഭാഗം ബംഗാളികളും പ്രാദേശിക ഗോത്രവിഭാഗമായ ത്രിപുരികളും തൃണമൂലിനെ പിന്തുണക്കാത്തതാണ് കാരണം. പശ്ചിമ ബംഗാളും അസമും പോലെ കാര്യമായ മുസ്ലിം ജനവിഭാഗമുള്ള സംസ്ഥാനമല്ല ത്രിപുര. 2021ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മമത സംസ്ഥാനത്ത് മുസ്ലിം കാർഡ് ഇറക്കിയെങ്കിലും വോട്ടായില്ല. അതേസമയം, മുസ്ലിം ഭൂരിപക്ഷമുള്ള സൊനമുറ, കൈലസഹർ മേഖലകൾ പൂർണമായി കാവിപ്പാർട്ടിക്ക് അനുകൂലമായി നിെന്നന്ന് പ്രാദേശിക ബി.ജെ.പി നേതാവ് പറയുന്നു. ഏറെക്കാലം സംസ്ഥാനം ഭരിച്ച സി.പി.എമ്മിന് മുൻ മുഖ്യമന്ത്രി മണിക് സർക്കാറിൽതന്നെയാണ് പ്രതീക്ഷ. ബംഗാളികളും ഗോത്രവിഭാഗക്കാരുമാണ് പാർട്ടിയുടെ വോട്ട്ബാങ്ക്. സംസ്ഥാനത്തെ നിരവധി കോൺഗ്രസ് നേതാക്കളും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. നിലവിലെ മന്ത്രിമാരായ മനോജ് കാന്തി ദേബ്, രത്തൻ ലാൽ നാഥ് എന്നിവർ മുൻ കോൺഗ്രസ് നേതാക്കളാണ്.
ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള നാഗാലാൻഡും മേഘാലയയും 2023ൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. മേഘാലയയിൽ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും അദ്ദേഹത്തെ പിന്തുണക്കുന്നവരും കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. നാഗാലാൻഡിൽ കോൺഗ്രസിനൊപ്പം നിന്ന നേതാക്കളിൽ പലരും എൻ.ഡി.പി.പി, ബി.ജെ.പി, എൻ.പി.എഫ് എന്നീ കക്ഷികളിലേക്ക് മാറി. ഇപ്പോഴത്തെ നാഗാലാൻഡ് മുഖ്യമന്ത്രിയും എൻ.ഡി.പി.പി നേതാവുമായ നെയ്ഫു റിയോ മുൻ കോൺഗ്രസുകാരനാണ്. മുൻ മുഖ്യമന്ത്രി ടി.ആർ. സെലിയാങ്ങും കോൺഗ്രസ് വിട്ട് എൻ.പി.എഫ് എന്ന പാർട്ടിയുടെ നേതാവാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.