തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. പ്രധാനമന്ത്രിയുടെ കാപട്യം ജനങ്ങൾക്ക് മനസിലായെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ നരേന്ദ്ര മോദി ഒന്നും ചെയ്തില്ലെന്നും ആന്‍റണി കുറ്റപ്പെടുത്തി.
ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്നും നല്ല നടനാണ് മോദിയെന്നും അദ്ദേഹം പരിഹസിച്ചു.
മോദിയും അമിത് ഷായും ശ്രമിക്കുന്നത് കോൺഗ്രസ് മുക്ത ഭാരതത്തിനാണ്. കോൺഗ്രസ് വരാതിരിക്കാൻ കടുത്ത മത്സരം നടക്കുന്ന സ്ഥലങ്ങളിൽ ബി.ജെ.പി എൽ.ഡി.എഫിന് വോട്ട് മറിക്കും. ആ ചതി തടയാൻ യു.ഡി.എഫ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻ.ഡി.എയുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോന്നിയിലെത്തിയ വേളയിലാണ് മോദി 'സ്വാമിയേ ശരണമയ്യപ്പാ' എന്ന് ശരണം വിളിച്ച് പ്രസംഗം ആരംഭിച്ചത്.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പവിത്ര പുണ്യ സങ്കേതങ്ങളെ തകർക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. ഊഷ്മളമായി സ്വീകരിക്കേണ്ട അയ്യപ്പ ഭക്തൻമാരെ സർക്കാർ ലാത്തി ഉപയോഗിച്ച് നേരിട്ടുവെന്ന് മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി ശരണം വിളിച്ച നടപടിയെ വിമർശിച്ച് നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.