ചേലക്കര: ഇടവേളക്ക് ശേഷം മത്സരിച്ച കെ. രാധാകൃഷ്ണന് ചേലക്കര നൽകിയത് മതിവരാത്ത സ്നേഹം. ജില്ലയിലെ ചരിത്ര ഭൂരിപക്ഷമാണ് ചേലക്കരയിൽ കെ. രാധാകൃഷ്ണന് ലഭിച്ചത്. 39,000 കടന്ന ഭൂരിപക്ഷം 2016ൽ പുതുക്കാട്ട് സി. രവീന്ദ്രനാഥ് നേടിയതിനും അപ്പുറമാണ്. സിറ്റിങ് എം.എൽ.എയും ഒരുതവണ മാത്രം മത്സരിച്ചയാളുമായ യു.ആർ. പ്രദീപിനെ മാറ്റി വീണ്ടും രാധാകൃഷ്ണനെ മത്സരിപ്പിക്കുന്നതിൽ പലയിടത്തുനിന്നും ഉയർന്ന വിമർശനങ്ങളെ അപ്രസക്തമാക്കുന്നതാണ് രാധാകൃഷ്ണെൻറ വിജയം. 81,885 വോട്ടാണ് രാധാകൃഷ്ണന് ലഭിച്ചത്.
ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും കെ.പി.സി.സി സെക്രട്ടറിയുമായ സി.സി. ശ്രീകുമാർ ആയിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. 43,150 വോട്ടാണ് ശ്രീകുമാറിന് ലഭിച്ചത്. രാധാകൃഷ്ണന് ലഭിച്ച വോട്ടിെൻറ പകുതി മാത്രം. എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചത് പട്ടികജാതി മോർച്ചയുടെ പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാടായിരുന്നു. 23,716 വോട്ടാണ് ഇവിടെ എൻ.ഡി.എ നേടിയത്. 2016ൽ എൻ.ഡി.എ നേടിയ വോട്ടിനേക്കാൾ കുറവാണ് ഇത്തവണ നേടിയതെന്നതും ശ്രദ്ധേയം.
1996 മുതൽ 2016 വരെയും ചേലക്കരയെ പ്രതിനിധാനം ചെയ്ത രാധാകൃഷ്ണൻ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ നായനാർ സർക്കാറിൽ പട്ടികജാതി- യുവജനക്ഷേമ മന്ത്രിയും 2006ൽ വി.എസ് സർക്കാറിൽ സ്പീക്കറുമായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ രണ്ട് ലക്ഷത്തിെൻറ ഭൂരിപക്ഷമാണ് യു.ഡി.എഫ് നേടിയത്. അന്ന് ചേലക്കരയിലും യു.ഡി.എഫിനായിരുന്നു ലീഡ്. 23,695 വോട്ടാണ് രമ്യ ഹരിദാസ് ചേലക്കരയിൽ ഭൂരിപക്ഷം നേടിയത്.
ഈ ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ് ഇത്തവണ ചേലക്കര പിടിക്കാനിറങ്ങിയത്. അട്ടിമറി നേടുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, പ്രവചനങ്ങളെയും പ്രഖ്യാപനങ്ങളെയും കാറ്റിൽപറത്തിയാണ് കനത്ത ഭൂരിപക്ഷത്തോടെ ചേലക്കര അവരുടെ രാധനെ ചേർത്തുപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.