ചെങ്ങന്നൂർ: വോട്ട് കച്ചവട ആരോപണത്തെ തുടർന്ന് ഇക്കുറി വിവാദ മണ്ഡലമാണ് ചെങ്ങന്നൂർ. ബി.ജെ.പിക്കടക്കം വളക്കൂറുള്ള മണ്ണ്. ഗതി നിർണയിക്കുക മിക്കവാറും ജാതി-മത -രാഷ്ട്രീയ സമവാക്യങ്ങളിൽ അതത് കാലത്ത് സംഭവിക്കുന്ന ഏറ്റക്കുറച്ചിൽ അതല്ലെങ്കിൽ വോട്ട്ചോർച്ച.
ഇക്കുറി ബി.ജെ.പി വോട്ട് മറിക്കുമെന്ന് പ്രഖ്യാപിച്ചത് ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറാണ്. ഓർത്തഡോക്സ് സഭ പരസ്യമായി തെരഞ്ഞെടുപ്പ് നിലപാടെടുത്ത 2018ലെ ഉപതെരഞ്ഞെടുപ്പിലാണ് ഇവിടെനിന്ന് അവരുടെ കൂടി പിന്തുണയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ സി.പി.എമ്മിലെ സജി ചെറിയാൻ എം.എൽ.എയായത്. എന്നാൽ, ഇക്കുറി സഭ നിലപാട് യു.ഡി.എഫിന് അനുകൂലമാണ്. ഇത് സജി ചെറിയാന് വെല്ലുവിളിയുമാണ്.
കോൺഗ്രസ് മുൻ എം.എൽ.എ എം. മുരളിയാണിവിടെ എതിർ സ്ഥാനാർഥി. എൻ.എസ്.എസ് വോട്ടുകളും നിർണായകമായ ചെങ്ങന്നൂരിൽ ഇത് മുരളിക്ക് അനുകൂലമാകുമെന്നാണ് സൂചന.
ചെങ്ങന്നൂരിലും ആറന്മുളയിലും സി.പി.എമ്മിന് വിജയം ഉറപ്പാക്കാൻ ബി.ജെ.പിയുമായി ഒത്തുകളിയെന്നായിരുന്നു ബാലശങ്കറിെൻറ വെളിപ്പെടുത്തൽ. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിൽ പ്രത്യുപകാരം എന്ന നിലയിൽ ഡീൽ ഉണ്ടെന്നാണ് ആരോപണം. ചെങ്ങന്നൂരിലെ സ്ഥാനാർഥി ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ സി.പി.എമ്മിന് വേണ്ടപ്പെട്ടയാളാണെന്നും വികല കാഴ്ചപ്പാടുള്ള സംസ്ഥാന നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കിൽ 30 കൊല്ലത്തേക്ക് ബി.ജെ.പിക്ക് വിജയസാധ്യതയില്ലെന്നുമാണ് ബാലശങ്കർ തുറന്നടിച്ചത്. ആരോപണം ബി.ജെ.പി തള്ളിയെങ്കിലും മുമ്പ് പലപ്പോഴായി വോട്ട് മറിച്ചതടക്കം വെളിപ്പെടുത്തൽ മുതിർന്ന നേതാക്കളിൽ നിന്നുണ്ടായി. ആരോപണത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബാലശങ്കർ ഇപ്പോഴും. 87 മുതൽ ബി.ജെ.പി മത്സര രംഗത്തുള്ള ചെങ്ങന്നൂരിൽ പ്രമുഖർ മത്സരിച്ചപ്പോഴൊക്കെ വോട്ട് കൂടി വരുന്ന പ്രവണതയാണ് പ്രകടമായത്. 2016 ലും 2018 ലും ഇപ്പോഴത്തെ മിസോറം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയായിരുന്നു സ്ഥാനാർഥി. ശ്രീധരൻപിള്ള ആദ്യ തവണ 42,682 ഉം ഉപതെരഞ്ഞെടുപ്പിൽ 35,270 വോട്ടുമാണ് നേടിയത്. സംസ്ഥാനഭരണം പിടിക്കുമെന്ന് കണക്കുനിരത്തുന്ന ബി.ജെ.പിക്ക് ഇത്തവണ സ്വാഭാവികമായും വോട്ട് കൂടണം. ഇതുണ്ടായില്ലെങ്കിൽ വോട്ട് ബാലശങ്കർ പറഞ്ഞിടത്തേക്കാണോ അതല്ല മറ്റെവിടേക്കെങ്കിലുമാണോ പോയതെന്ന് കണ്ടെത്തേണ്ടിവരും.
സി.പി എം-ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്ന വെളിപ്പെടുത്തൽ സി.പി.എമ്മിലും ബി.ജെ.പിയിലും ഉയർത്തിയ ആശങ്കയുടെ നിഴൽ മാഞ്ഞിട്ടില്ല. വിവാദ പശ്ചാത്തലത്തിൽ ആർ.എസ്.എസ് നിലപാട് മുറുകുമോ അയയുമോ എന്നത് ബി.ജെ.പി വോട്ട് വിഹിതത്തെ ബാധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.