പൊൻകുന്നം: കേരള കോൺഗ്രസിെൻറ മുന്നണി മാറ്റത്തിലൂടെ ശ്രദ്ധാകേന്ദ്രമായ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ആർക്കൊപ്പം നിലകൊള്ളുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മണ്ഡലം പൊതുവിൽ യു.ഡി.എഫിനോടും പ്രത്യേകിച്ച് കേരള കോൺഗ്രസിനോടും മമത കാണിച്ചിട്ടുണ്ട്. ഇടത് വലത് മുന്നണികളിലും എൻ.ഡി.എക്കും ശക്തരായ സ്ഥാനാർഥികൾ വന്നതോടെ മത്സരം കനത്തതായി. മൂന്നു സ്ഥാനാർഥികളും നിയമസഭയിൽ കഴിവ് തെളിയിച്ചവരാണെന്നതും മത്സരത്തിന് വീറും വാശിയുമേറുന്നു. ഹാട്രിക് വിജയം നേടിയ ഡോ. എൻ. ജയരാജ് മൂന്നു തവണയും യു.ഡി.എഫ് സ്ഥാനാർഥിയായാണ് മത്സരിച്ചതെങ്കിൽ ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർഥിയാണ്.
പഴയ കാഞ്ഞിരപ്പള്ളിയിൽ ഒരു തവണ മത്സരിക്കുകയും പിന്നീട് മൂവാറ്റുപുഴ എം.എൽ.എയുമായിരുന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കനാണ് യു.ഡി.എഫ് സ്ഥാനാർഥി. മുൻ കാഞ്ഞിരപ്പള്ളി എം.എൽ.എയും കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനമാണ് എൻ.ഡി.എ സ്ഥാനാർഥി.
ജയരാജിലൂടെ മണ്ഡലം തിരികെ പിടിക്കാമെന്ന് എൽ.ഡി.എഫും ജോസഫ് വാഴക്കനെ പോലൊരു സംസ്ഥാന നേതാവിലൂടെ മണ്ഡലം നിലനിർത്താമെന്ന് യു.ഡി.എഫും കണക്ക് കൂട്ടുന്നു. ഏറെ നാളുകൾക്കുശേഷം കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ കിട്ടിയതിെൻറ ആവേശം കോൺഗ്രസിനുമുണ്ട്. കഴിഞ്ഞ തവണ മുപ്പതിനായിരത്തിലധികം വോട്ടുകൾ നേടി ശ്രദ്ധേയ മത്സരം കാഴ്ചവെച്ച ബി.ജെ.പി അൽഫോൻസ് കണ്ണന്താനത്തിലൂടെ അട്ടിമറി വിജയമാണ് കണക്ക് കൂട്ടുന്നത് .
രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കൾ മണ്ഡലത്തിലെത്തിയതോടെ കാഞ്ഞിരപ്പള്ളിയുടെ മത്സരത്തിന് പ്രാധാന്യമേറി. 2011 ലാണ് ഇന്നത്തെ കാഞ്ഞിരപ്പള്ളി മണ്ഡലം രൂപം കൊള്ളുന്നത്. ചരിത്രത്തിെൻറ ഭാഗമായ പഴയ വാഴൂർ മണ്ഡലത്തിെൻറ ആറ് പഞ്ചായത്തുകളും പഴയ കാഞ്ഞിരപ്പള്ളിയിലെ രണ്ട് പഞ്ചായത്തുകളും പുതുപ്പള്ളിയിലെ ഒരു പഞ്ചായത്തും ചേർന്നതാണ് ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി.
കേരള കോൺഗ്രസിെൻറ രൂപവത്കരണത്തിന് കാരണഭൂതനായ പി.ടി. ചാക്കോയും ഡോ. എൻ. ജയരാജിെൻറ പിതാവും കേരള കോൺഗ്രസ് സ്ഥാപകാംഗവും ആറ് തവണ വാഴൂരിൽനിന്ന് വിജയിക്കുകയും ചെയ്ത പ്രഫ. കെ. നാരായണ കുറുപ്പും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രനും വിജയികളായതോടെ വാഴൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായി. പഴയ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽനിന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.ജെ. തോമസ്, അൽഫോൻസ് കണ്ണന്താനം എന്നിവരും നിയമസഭയിലെത്തി.
ഡോ. എൻ. ജയരാജ് 2006ൽ സി.പി.ഐയിലെ കാനം രാജേന്ദ്രനെ 6666 വോട്ടുകൾക്കും 2011ൽ സി.പി.ഐയിലെ അഡ്വ. സുരേഷ്. ടി. നായരെ 12,260 വോട്ടുകൾക്കും 2016ൽ സി.പി.ഐയിലെ അഡ്വ. വി.ബി. ബിനുവിനെ 3890 വോട്ടുകൾക്കുമാണ് പരാജയപ്പെടുത്തിയത്.
കേരള കോൺഗ്രസിെൻറ മുന്നണി മാറ്റത്തിലൂടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിയതായും വിജയം നേടാനാകുമെന്നും ഇടത് മുന്നണി വിലയിരുത്തുന്നു. പരമ്പരാഗതമായി യു.ഡി.എഫ് വിജയിക്കുന്ന മണ്ഡലത്തിൽ കേരള കോൺഗ്രസിെൻറ മുന്നണി മാറ്റം ബാധിക്കില്ലെന്നും കൈപ്പത്തി ചിഹ്നത്തിലൂടെ വിജയം നേടാനാകുമെന്നും യു.ഡി.എഫ് കണക്ക് കൂട്ടുന്നു. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെക്കാനായ കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനത്തിലൂടെ അട്ടിമറി വിജയം ബി.ജെ.പിയും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.