തിരുവനന്തപുരം: ത്രികോണപോരാട്ടം കനക്കുന്ന കഴക്കൂട്ടം മണ്ഡലത്തിൽ വരുംദിവസങ്ങളിൽ സി.പി.എം- ബി.ജെ.പി സംഘർഷത്തിന് സാധ്യതയെന്ന് ഇൻറലിജൻസ് മുന്നറിയിപ്പ്.
കഴിഞ്ഞദിവസങ്ങളിൽ കുളത്തൂരും അണിയൂരും നടന്ന അക്രമങ്ങൾ ഇതിെൻറ തുടക്കം മാത്രമാണെന്നും കരുതിയിരുന്നില്ലെങ്കിൽ രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് അടക്കം കാര്യങ്ങൾ നീങ്ങുമെന്നും രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകി.
പലയിടങ്ങളിലും പൊലീസിെൻറയും സ്പെഷൽ ബ്രാഞ്ചിെൻറയും വീഴ്ചയാണ് അക്രമങ്ങൾക്ക് കാരണമെന്നും പ്രമുഖ രാഷ്ട്രീയനേതാക്കളുടെ ഇടപെടൽമൂലം കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ കഴിയുന്നില്ലെന്നും പകരം ഒത്തുതീർപ്പ് ചർച്ചകൾ മാത്രമാണ് സ്റ്റേഷൻ ഓഫിസർമാർ നടത്തുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ദേവസ്വംമന്ത്രി കടകംപള്ളി മത്സരിക്കുന്ന കഴക്കൂട്ടം മണ്ഡലത്തിൽ കോൺഗ്രസിനായി ഡോ. എസ്.എസ്. ലാലും ബി.ജെ.പിക്കായി സംസ്ഥാന വൈസ് പ്രസിഡൻറും ദേശീയ നിർവാഹസമിതി അംഗവുമായ ശോഭാസുരേന്ദ്രനുമാണ് മത്സരിക്കുന്നത്. ശബരിമല പ്രധാനവിഷയമായി ഉയർന്നുകഴിഞ്ഞ മണ്ഡലത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടയിൽ ചെറുതും വലുതുമായ നിരവധി അക്രമങ്ങളാണ് നടന്നത്. എന്നാൽ, പലതിലും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പൊലീസ് കേസെടുത്തിട്ടില്ല.
കഴിഞ്ഞ 22ന് കുളത്തൂർ ജങ്ഷനിൽ ശോഭാ സുരേന്ദ്രെൻറ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകനായ സിബി സോമനെ കുളത്തൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇവരുടെ പേരുസഹിതം തുമ്പ പൊലീസ് സ്റ്റേഷനിൽ സിബി പരാതി നൽകിയിട്ടും നാളിതുവരെ കേസ് രജിസ്റ്റർ ചെയ്യാൻ പോലും തുമ്പ പൊലീസ് തയാറായില്ല.
ഫ്ലക്സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അക്രമസംഭവങ്ങൾക്ക് സാധ്യതയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ചിനും പൊലീസിനും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊലീസിെൻറ അനാസ്ഥക്കെതിരെ ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ നേരിട്ട് രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് കഴിഞ്ഞദിവസം അണിയൂരിലുണ്ടായ അക്രമം. ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ അടക്കമുള്ള പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് രണ്ട് സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ശനിയാഴ്ച വൈകീട്ട് ഇവിടെ പൊലീസ് റൂട്ട് മാർച്ചും നടത്തി. മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ് സമയത്ത് അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്തെ ക്രിമിനലുകളെയും രാഷ്ട്രീയഗുണ്ടകളെയും ഗുണ്ടാ ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുകയോ ആറുമാസത്തേക്ക് നാടുകടത്തുകയോ ചെയ്യാറുണ്ടെങ്കിലും ഇത്തവണ മണ്ഡലത്തിൽ അത്തരമൊരു നടപടി പൊലീസ് കാര്യമായി സ്വീകരിച്ചിട്ടില്ല.
ശോഭാ സുരേന്ദ്രെൻറ പ്രചാരണത്തിന് ചുക്കാൻപിടിക്കുന്നതിന് ജില്ലക്ക് പുറത്തുള്ള ബി.ജെ.പി പ്രവർത്തകർ മണ്ഡലത്തിൽ എത്തിയിട്ടും ഇതിന്മേൽ കാര്യമായ യാതൊരു അന്വേഷണവും സ്പെഷൽ ബ്രാഞ്ച് നടത്തിയിട്ടില്ല.
തിരുവനന്തപുരം: ചെമ്പഴന്തി അണിയൂരിൽ സി.പി.എം പ്രവർത്തകനെ മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘം ആക്രമിച്ചു. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി അഡ്വ. വേണുഗോപാലനെയാണ് രാത്രി 9.30ഓടെ വീടിനടുത്ത് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ വേണുഗോപാലനെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരെന്ന് സി.പിഎം ആരോപിച്ചു. വെള്ളിയാഴ്ച രാത്രി ഇവിടെ ബി.ജെ.പി-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു.
സംഘർഷവേളയിൽ ഇദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ഉണ്ടായിരുന്നു. എന്നാൽ, സംഭവത്തിൽ ഇരുകൂട്ടരുമായി പൊലീസ് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാത്രിയോടെ വേണുഗോപാലിനെതിരെ ആക്രമണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.