കുന്നംകുളം: 1970 മുതലുള്ള 11 തെരഞ്ഞെടുപ്പിൽ ഏഴിൽ സി.പി.എമ്മിനെയും ഒന്നിൽ ഐക്യ കോൺഗ്രസിനെയും തുണച്ച കുന്നംകുളം തുടർച്ചയായി നാലാം വട്ടവും ഇടതുപക്ഷത്തിന് കൈകൊടുത്തു. കോൺഗ്രസുകാരനായ കെ.പി. വിശ്വനാഥനും സി.പി.എമ്മുകാരായ കെ.പി. അരവിന്ദാക്ഷനും ബാബു എം. പാലിശ്ശേരിക്കും പിന്നാലെ എ.സി. മൊയ്തീനും തുടർച്ചയായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെടുന്ന മണ്ഡലമായി കുന്നംകുളം. 26,631 വോട്ടിനാണ് മൊയ്തീൻ എതിർ സ്ഥാനാർഥിയായ കെ. ജയശങ്കറിനെ തോൽപിച്ചത്.
2006ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ബാബു എം. പാലിശ്ശേരി നേടിയ 21,785െൻറ മണ്ഡലത്തിലെ ലീഡാണ് ഇതോടെ പഴങ്കഥയായത്. മാത്രമല്ല കഴിഞ്ഞ മൂന്നുതവണ കൈപ്പത്തി ചിഹ്നത്തിലല്ലാത്ത സ്ഥാനാർഥികളാവാത്തത് യു.ഡി.എഫിന് തിരിച്ചടിയായെന്ന കോൺഗ്രസ് വിലയിരുത്തലിൽ കൊണ്ടുവന്ന കൈപ്പത്തി സ്ഥാനാർഥിക്കും അതേ ഗതിയാണ് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.
കുന്നംകുളത്തെ സിറ്റിങ് പ്രതിനിധിയായ എ.സി. മൊയ്തീൻതന്നെ വീണ്ടും സ്ഥാനാർഥിയാകട്ടെയെന്ന് പാർട്ടി ആദ്യമേ തീരുമാനിച്ചതാണ്.
2004ലെ ഉപതെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ അന്ന് സംസ്ഥാന മന്ത്രിസഭ അംഗമായിരുന്ന കെ. മുരളീധരനെ അട്ടിമറിച്ച് നിയമസഭയിൽ കന്നിക്കാരനായി എത്തിയ മൊയ്തീൻ സംഘടന പ്രവർത്തനത്തിൽ മാത്രമല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഏറ്റവുമൊടുവിൽ മന്ത്രിയെന്ന നിലയിൽ ഭരണപാടവത്തിലും മികവ് തെളിയിച്ചതിെൻറ ഫലം കൂടിയാണ് കുന്നംകുളത്തെ ജയം. വിജയിച്ചാൽ മൊയ്തീൻ മന്ത്രിയാകുമെന്ന ജനത്തിെൻറ വിലയിരുത്തൽ വോട്ടായിട്ടുമുണ്ട്. യു.ഡി.എഫിലും ബി.ജെ.പിയിലും വോട്ടുചോർച്ച ഉണ്ടായെന്ന വിലയിരുത്തലുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 2000ത്തോളം വോട്ടുകളുടെ കുറവ് ബി.ജെ.പി നേതൃത്വത്തെയും ആശങ്കയിലാക്കുന്നു.
രണ്ട് യുവാക്കളോടും അപരന്മാരോടും 'ഏറ്റുമുട്ടി'യാണ് മൊയ്തീൻ വീണ്ടും നിയമസഭയിലേക്ക് പോകുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥിയായി മൊയ്തീനും യു.ഡി.എഫ് സ്ഥാനാർഥിയായി കെ. ജയശങ്കറും എൻ.ഡി.എ സ്ഥാനാർഥിയായി നാട്ടുകാരനും ബി.ജെ.പി ജില്ല പ്രസിഡൻറുമായ കെ.കെ. അനീഷ്കുമാറും ആദ്യമേ പ്രഖ്യാപിക്കപ്പെട്ടതാണ്. കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർഥികൾ പുറമേക്ക് കാടിളക്കി നീങ്ങിയപ്പോൾ മൊയ്തീൻ മണ്ഡലത്തിൽ പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ടുറപ്പിക്കുന്നതിലാണ് ശ്രദ്ധിച്ചത്. താഴെത്തട്ട് മുതൽ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ച എൽ.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് സംവിധാനം മൊയ്തീന് കരുത്തായി. സാമുദായിക വോട്ടുകളിൽ പാർട്ടിയും മുന്നണിയും സംശയം പ്രകടിപ്പിച്ച് നിന്നപ്പോൾ മൊയ്തീൻ അതൊക്കെ കൃത്യമായി ഉറപ്പിച്ചിരുന്നു.
മണ്ഡലത്തിൽ അട്ടിമറി ജയം നേടുമെന്ന് കോൺഗ്രസ് ആവർത്തിക്കുേമ്പാഴും താഴെത്തട്ടിൽ പാർട്ടി ശൂന്യമായിരുന്നു. അവിടെയെല്ലാം ഇടതുപക്ഷം അരയും തലയും മുറുക്കി പണിയെടുത്തു. രണ്ട് പതിറ്റാണ്ട് മുമ്പ് നേടിയ വിജയം ആവർത്തിക്കുകയെന്ന കോൺഗ്രസിെൻറ സ്വപ്നമാണ് മണ്ഡലം ഇടതുപക്ഷം നിലനിർത്തിയതിലൂടെ പൊലിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.