കണ്ണൂർ: അട്ടിമറി പ്രവചിക്കപ്പെട്ട മണ്ഡലമാണ് കൂത്തുപറമ്പ്. വലതുപാളയം വിട്ട് ഇടതിനൊപ്പം ചേർന്ന എൽ.ജെ.ഡിയുടെ കെ.പി. മോഹനന് മുസ്ലിം ലീഗിലെ പൊട്ടങ്കണ്ടി അബ്ദുല്ല കടുത്ത വെല്ലുവിളിയാകുന്നതാണ് പ്രചാരണത്തിൽ കണ്ടത്.
വലിയ തോതിൽ കാരുണ്യപ്രവർത്തനം നടത്തി ജനപ്രിയനായ പ്രവാസി വ്യവസായി കൂടിയായ പൊട്ടങ്കണ്ടി അബ്ദുല്ലക്ക് രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യത മണ്ഡലത്തിലുണ്ട്. എന്നാൽ, കൂത്തുപറമ്പ് വോട്ട് ചെയ്തത് രാഷ്ട്രീയമായി തന്നെയാണ്.
അട്ടിമറി വിജയം നേടുമെന്ന് പ്രതീക്ഷിച്ച പൊട്ടങ്കണ്ടി അബ്ദുല്ലക്ക് വോട്ടെണ്ണലിെൻറ ഒരു ഘട്ടത്തിൽപോലും മുന്നിലേക്ക് വരാനായില്ല. 2016ൽ കെ.കെ. ശൈലജ ടീച്ചർക്ക് 12,291 വോട്ടിെൻറ ഭൂരിപക്ഷമാണ് കൂത്തുപറമ്പിൽ കിട്ടിയത്. കെ.പി. മോഹനനു വേണ്ടി ശൈലജ മട്ടന്നൂരിലേക്ക് മാറിയപ്പോൾ ഇത്രയും നാൾ യു.ഡി.എഫിനൊപ്പമായിരുന്ന മോഹനന് സി.പി.എം വോട്ടുകൾ കിട്ടുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ, അതെല്ലാം അസ്ഥാനത്താണെന്നാണ് വോട്ടുനില വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് മുസ്ലിം ലീഗിന് അധികമായി കിട്ടിയ സീറ്റാണ് കൂത്തുപറമ്പ്.
ന്യൂനപക്ഷ സ്വാധീന മേഖലകൂടിയായ കൂത്തുപറമ്പിൽ ലീഗിന് കനത്ത പോരാട്ടം കാഴ്ചവെക്കാൻ സാധിക്കുകയും ചെയ്തു. എന്നാൽ, കേരളമാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിൽ മുസ്ലിം ലീഗിെൻറ പോരാട്ടം ഒടുങ്ങുന്ന കാഴ്ചയാണ് കാണാനായത്.
ബി.ജെ.പി സ്ഥാനാർഥി സി. സദാനന്ദൻ മാസ്റ്റർക്ക് പ്രതീക്ഷിച്ച നേട്ടമൊന്നും തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ തവണയും ഇദ്ദേഹം തന്നെയായിരുന്നു ഇവിടെ ബി.ജെ.പി സ്ഥാനാർഥി. വോട്ട് നിലയിൽ ചെറിയൊരു വർധന മാത്രമാണ് ബി.ജെ.പി സ്ഥാനാർഥിക്ക് നേടാനായത്.
2016ലെ വോട്ടുനില
കെ.കെ. ശൈലജ ടീച്ചർ (സി.പി.എം) 67,013
കെ.പി. മോഹനൻ (ജനതാദൾ യു) 54,722
സി. സദാനന്ദൻ മാസ്റ്റർ (ബി.ജെ.പി) 20,787
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.