കുട്ടനാട്: പ്രചാരണത്തിൽ ഇഞ്ചോടിഞ്ച് പോരാടിയ കുട്ടനാട് എങ്ങോട്ട് ഒഴുകുമെന്ന ചർച്ചകളിൽ ആരും ഒന്നും തറപ്പിച്ച് പറയുന്നില്ല. യു.ഡി.എഫ് -എൽ.ഡി.എഫ് മുന്നണികൾ തികഞ്ഞ പ്രതീക്ഷയിലാണ്.
മറ്റ് മണ്ഡലങ്ങളിലേത് പോലെ പാർട്ടികൾക്കുള്ളിലെ വിഭാഗീയതയും പടലപ്പിണക്കങ്ങളുമൊന്നും ഇവിടെ ബാധകമല്ല. പതിവിൽനിന്ന് വ്യത്യസ്തമായ തീപാറും പ്രചാരണമാണ് ഇത്തവണ കണ്ടത്. ജയം ഉറക്കെ ഉറപ്പിച്ച് പറയുന്നില്ലെങ്കിലും ഒരേസ്വരത്തിൽ എല്ലാവരും പറയുന്നത് ആര് ജയിച്ചാലും നാമമാത്ര ഭൂരിപക്ഷമെന്നാണ്.
ഇത്തവണ ജനവിധി തേടിയ യു.ഡി.എഫ് സ്ഥാനാർഥി ജേക്കബ് എബ്രഹാം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 4891 വോട്ടിനാണ് പിന്നിലായത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തോമസ് ചാണ്ടി നേടിയ ഭൂരിപക്ഷം മറികടക്കാനുള്ള വോട്ട് ജേക്കബ് എബ്രഹാം നേടുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ക്രൈസ്തവ വോട്ടുകളിൽ ധ്രുവീകരണം പ്രതീക്ഷിക്കുന്നില്ല. നായർ വോട്ടുകളും ഈഴവ വോട്ടുകളും ഏറെ നിർണായകമാണ്. 17 ശതമാനമുള്ള മണ്ഡലത്തിലെ നായർ വോട്ടുകളിലേറെയും യു.ഡി.എഫ് പെട്ടിയിലാക്കിയെന്നതാണ് അവരുടെ പ്രതീക്ഷ.
കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് ലഭിച്ച 33,044 വോട്ടുകൾ ഇത്തവണ ലഭിച്ചേക്കില്ലെന്നും വിലയിരുത്തലുണ്ട്. ഇതിൽ കുറഞ്ഞേക്കാവുന്ന 5000 ത്തോളം വോട്ടുകളിൽ ഇരുകൂട്ടരും കണ്ണുവെക്കുന്നുണ്ട്. ബി.ഡി.ജെ.എസിന് വോട്ടു കുറഞ്ഞാൽ ആ വോട്ടുകളിലേറെയും ഇടതിലെത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
നായർ വോട്ടുകളും ഈഴവ വോട്ടുകളിലെ പകുതിയും ലഭിച്ചാൽ കുട്ടനാട് നീന്തി കടക്കുമെന്നാണ് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിെൻറ വിലയിരുത്തൽ. ഇടത് വോട്ടുകളിലെ ഉറപ്പും ബി.ഡി.ജെ.എസ് വോട്ടുകളിലെ അടിയൊഴുക്കുമാണ് എൻ.സി.പിയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.