എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. അരുൺകുമാറിന് കന്നിമത്സരത്തിെൻറ പതർച്ചയില്ല. കനത്ത ചൂടിലും ആത്മവിശ്വാസത്തോടെ പ്രചാരണരംഗത്ത് സജീവമാണ്. രാവിലെ മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ കടയ്ക്കൽ ജങ്ഷനിൽനിന്നാണ് പ്രചാരണം ആരംഭിച്ചത്.
പര്യടനം സി.പി.എം നേതാവ് കെ. രാഘവൻ ഉദ്ഘാടനം ചെയ്തതോടെ പ്രദേശത്തെ പ്രവർത്തകർ ഒഴുകിയെത്തി. പിന്നീട് അടുത്ത സ്വീകരണ സ്ഥലത്തേക്ക്. മാർഗനിർദേശങ്ങളുമായി എൽ.ഡി.എഫ് നേതാക്കളായ കെ. രാഘവൻ, ജി.ഹരിശങ്കർ, ജേക്കബ് ഉമ്മൻ എന്നിവർ ഒപ്പമുണ്ട്. പടിഞ്ഞാറേ മുട്ടം ജങ്ഷനിലെത്തിയപ്പോൾ 10.51. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനക്കൂട്ടം കാത്തുനിന്നിരുന്നു. സ്വീകരണത്തിനുശേഷം ഹ്രസ്വമായ മറുപടി പ്രസംഗം. അനാഥശാല ജങ്ഷനിൽ നിറപറയും നിലവിളക്കും ഒരുക്കിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.
വഴിവിള ജങ്ഷനിലെ സ്വീകരണത്തിനുശേഷം അടുത്ത സ്വീകരണ സ്ഥലമായ മാമ്പറവിളയിലേക്ക് പോകുമ്പോൾ പത്തോളം അമ്മമാർ വാഹനത്തിന് കൈകാണിച്ചുനിർത്തി 'മോൻ ജയിക്കും' എന്നുപറഞ്ഞത് പ്രവർത്തകർക്ക് ആവേശമായി. മാമ്പറ ജങ്ഷനിൽ 100 മീ. ദൂരെ കാത്തുനിന്ന പ്രവർത്തകർ സ്ഥാനാർഥിയെ പുഷ്പാർച്ചന നടത്തിയാണ് സ്വീകരണ സ്ഥലത്തേക്ക് കൊണ്ടുവന്നത്.
വോട്ടർമാരിൽ ചിലർ സെൽഫിയെടുക്കാൻ അനുവാദം ചോദിക്കുമ്പോൾ ഫോൺ വാങ്ങി എടുത്തുകൊടുത്തും വോട്ട് പാട്ടിലാക്കാൻ മറക്കുന്നില്ല. സ്വീകരണ സ്ഥലങ്ങൾക്ക് സമീപമുള്ള കടകളിലും വീടുകളിലും കയറി ഭരണത്തുടർച്ചക്കും വികസനത്തുടർച്ചക്കും വോട്ട് ചോദിച്ചു. റോഡരികിൽ കാത്തുനിന്ന അമ്മമാരോട് പെൻഷനും കിറ്റും മുടക്കംകൂടാതെ റേഷനും ലഭ്യമാക്കുന്ന സർക്കാറിനെ മറക്കരുതെന്ന് ഓർമിപ്പിച്ചു. കുണ്ടോലിൽ ജങ്ഷനിൽ എത്തിയപ്പോൾ ചൂട് കനത്തിരുന്നെങ്കിലും പ്രദേശമാകെ ജനങ്ങൾ നിറഞ്ഞിരുന്നു.
അവിടെ ഓട്ടോ ഡ്രൈവർമാരോട് കുശലം. നേരെ കുന്നിൽ ജങ്ഷനിലേക്ക്. അവിടെയും ഗംഭീര സ്വീകരണം. ദൃശ്യമാധ്യമങ്ങളുടെ ഒരുകൂട്ടം പ്രവർത്തകർ അവിടെ എത്തിയിരുന്നു. കേരളത്തിൽ തുടർഭരണത്തിനായി മാവേലിക്കര എൽ.ഡി.എഫിനൊപ്പം നിൽക്കുന്ന കാര്യത്തിൽ ആശങ്കയില്ലെന്നും വിജയം സുനിശ്ചിതമാണെന്നും അരുൺകുമാറിന് ഉറപ്പ്. പിന്നീട് മുക്കുടുക്കത്ത്, പാണൂത്തറ, പാപ്പാടിമുക്ക്, വളഹാലിൽ ജങ്ഷൻ തുടങ്ങി പത്തോളം കേന്ദ്രങ്ങളിൽ സ്വീകരണം.
വൈകീട്ട് അേഞ്ചാടെ തെക്കേക്കര പഞ്ചായത്തിലെ അവസാന സ്വീകരണ സ്ഥലമായ വാഴയിൽ ജങ്ഷനിലെത്തി. ഇവിടെ നൂറുകണക്കിന് പ്രവർത്തകർ കാത്തുനിന്നിരുന്നു. മാവേലിക്കര മുനിസിപ്പാലിറ്റി പ്രദേശത്ത് നടന്ന സ്വീകരണങ്ങൾക്ക് ശേഷമാണ് ഒന്നാംഘട്ട പര്യടനം സമാപിച്ചത്.
എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചശേഷം മാവേലിക്കരയിൽ കളത്തിലിറങ്ങിയ സ്ഥാനാർഥിയാണ് യു.ഡി.എഫിെൻറ കെ.കെ. ഷാജു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ദിവസം മുതൽ പ്രവർത്തകർ പ്രചാരണത്തിലും മറ്റും സജീവമായതിെൻറ ആത്മവിശ്വാസത്തിലാണ് ഷാജു.
പന്തളം മണ്ഡലത്തിലെ മുൻ എം.എൽ.എയായിരുന്ന കെ.കെ. ഷാജുവിനെ മണ്ഡലത്തിൽ പ്രത്യകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. പന്തളം മണ്ഡലം ഇല്ലാതായതോടെ മാവേലിക്കരയിൽ സ്ഥാനാർഥിയായി രണ്ടാമൂഴമാണ് കെ.കെ. ഷാജുവിന്.
2011ൽ ജെ.എസ്.എസ് സ്ഥാനാർഥിയായി മത്സരിച്ച ഷാജു ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. വെള്ളിയാഴ്ച താമരക്കുളം പഞ്ചായത്തിലായിരുന്നു പര്യടനം. രാവിലെ ഒമ്പതിന് തീരുമാനിച്ച സമയത്തുതന്നെ പ്രവർത്തകരെ ഏറെ കാത്തുനിർത്താതെ സ്ഥാനാർഥി എത്തി. സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യാൻ കൊടിക്കുന്നിൽ സുരേഷ് എം.പി എത്തിയതോടെ പ്രവർത്തകർ ആവേശത്തിലായി.
ഉദ്ഘാടനം കഴിഞ്ഞ് സ്വീകരണം. മാവേലിക്കരയുടെ വികസനസ്വപ്നങ്ങൾ ചെറിയ വാക്കുകളിൽ പറഞ്ഞ് മറുപടി പ്രസംഗം. തുടർന്ന് സമീപത്തെ വീടുകളിലും കടകളിലും കയറി വോട്ട് അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.ആർ. മുരളീധരൻ, ഷാഹുൽ ഹമീദ് റാവുത്തർ, കെ. സാദിഖ് അലി ഖാൻ, കോശി എം.കോശി, എം.എസ്. സലാമത്ത്, ജി. വേണു, അനി വർഗീസ് എന്നിവരുടെ വൻനിര ഒപ്പം.
അടുത്ത സ്വീകരണ കേന്ദ്രമായ കല്ലിരിക്കുംവിളയിലും ഗംഭീര സ്വീകരണം. ഓരോ സ്വീകരണ വേദിയിലും തങ്ങളുടെ പഴയ എം.എൽ.എയെ കാണാൻ സ്ത്രീകളടക്കം നിരവധിപേർ എത്തി. സ്വീകരണത്തിനുശേഷം പരാതികൾ കേട്ട് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പുനൽകിയാണ് അടുത്ത കേന്ദ്രത്തിലേക്ക് പോയത്. നാടിെൻറ മുക്കിനും മൂലയിലും തയാറാക്കിയ സ്വീകരണ കേന്ദ്രങ്ങളിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നത് കാണാമായിരുന്നു. റോഡരികിൽ നിന്ന തൊഴിലുറപ്പ് തൊഴിലാളികളോട് അവരുടെ പരാതികൾ കേട്ടശേഷം വോട്ട് അഭ്യർഥിച്ചു.
എല്ലാവരെയും തോളിൽതട്ടിയും തൊഴിലാളികളെയും അമ്മമാരെയും ചേർത്തുപിടിച്ചും വനിതകൾക്ക് മുന്നിൽ കൈകൂപ്പിയും മാറ്റത്തിനായി വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചു. ഗ്രാമപ്രദേശങ്ങളിലെ വികസന മുരടിപ്പും ഭരണമാറ്റത്തിെൻറ ആവശ്യകതയും ഊന്നിപ്പറഞ്ഞാണ് സ്വീകരണ യോഗങ്ങൾ അവസാനിച്ചത്.
താമരക്കുളം അടക്കമുള്ള പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും എല്ലാ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ആവർത്തിക്കുന്ന പാറ്റൂർ ശുദ്ധജല പദ്ധതി പൂർണമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും മറുപടി പ്രസംഗത്തിൽ ഉറപ്പ്.
നാട്ടുകാരുടെ എം.എൽ.എ എന്ന വിളി മാവേലിക്കരയിൽ തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.കെ. ഷാജു. പഞ്ചായത്തിലെ 30ലധികം സ്വീകരണങ്ങൾക്കുശേഷം താമരക്കുളം ജങ്ഷനിൽ പര്യടനം അവസാനിച്ചപ്പോൾ സമയം ഏറെ വൈകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.