തളിക്കുളം: സി.പി.െഎയിലെ സി.സി. മുകുന്ദൻ വൻ വിജയം നേടിയ നാട്ടികയിൽ യുവ നേതാവ് രംഗത്തിറങ്ങിയിട്ടും ഗ്രൂപ്പിസവും പ്രവർത്തനമാന്ദ്യവും കാരണം യു.ഡി.എഫിെൻറ അടിത്തറ ഇളകി. കഴിഞ്ഞ തവണത്തേക്കാളും കൂടുതൽ ഭൂരിപക്ഷത്തിൽ മുകുന്ദൻ ജയിച്ചപ്പോൾ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തിലും കോൺഗ്രസിന് കനത്ത വോട്ട് ചോർച്ചയുണ്ടായി.
യു.ഡി.എഫ് പ്രതീക്ഷിച്ച തളിക്കുളം, നാട്ടിക, ചേർപ്പ്, അവിണിശ്ശേരി പഞ്ചായത്തുകളിൽ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ലാലൂർ ഏറെ പിന്നിലായി. നാട്ടിക പഞ്ചായത്തിൽ 1858 വോട്ടിെൻറ ഭൂരിപക്ഷം മുകുന്ദന് ലഭിച്ചു. ബി.ജെ.പി ഭരിക്കുന്ന അവിണിശ്ശേരിയിൽ 10,136 വോട്ടാണ് എൽ.ഡി.എഫിെൻറ ഭൂരിപക്ഷം.
കോൺഗ്രസിന് സ്വാധീനമുള്ള ചേർപ്പിൽ 1229 വോട്ടും ആർ.എം.പി ശക്തമായ തളിക്കുളത്ത് 3224 വോട്ടും മുകുന്ദന് അധികം കിട്ടി. പാറളത്ത് 2368, താന്ന്യത്ത് 5625, ചാഴൂരിൽ 5307, അന്തിക്കാട് 3267, നാട്ടിക 4024 എന്നിങ്ങനെയാണ് എൽ.ഡി.എഫ് അധികം നേടിയത്. കഴിഞ്ഞ മൂന്ന് തവണയും നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർട്ടി പട്ടികയിൽ ഉണ്ടായിരുന്ന കെ.പി.സി.സി സെക്രട്ടറി എൻ.കെ. സുധീറിനെ ഇത്തവണയും തഴഞ്ഞത് പാർട്ടിയിൽ മുറുമുറുപ്പിന് കാരണമായിരുന്നു.
സ്ഥാനാർഥി സുനിൽ ലാലൂരിനൊപ്പം ഇറങ്ങാൻ പല നേതാക്കളും തയാറായില്ല. പകര ഗുരുവായൂർ, കയ്പമംഗലം മണ്ഡലങ്ങളിലേക്ക് പ്രവർത്തനം മാറ്റി. പ്രിയങ്ക ഗാന്ധി തൃപ്രയാറിൽ വന്നിട്ടും കാറിൽ നിന്നിറങ്ങാതെ സ്ഥലം വിട്ടത് യു.ഡി.എഫ് പ്രവർത്തകരെ അമർഷത്തിലാക്കിയിരുന്നു. അവരുടെ പര്യടനം ഇത്തരത്തിൽ ക്രമീകരിച്ചതിൽ വലിയൊരു വിഭാഗത്തിന് കടുത്ത അമർഷം ഉണ്ടായിരുന്നു.
മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ പോസ്റ്ററും കൊടിതോരണങ്ങളും കുറവായിരുന്നു. സ്ഥാനാർഥിയുടെ സ്വീകരണ പരിപാടികളും വഴിപാടായി. ചിട്ടയില്ലാതെയായിരുന്നു സംഘാടനം. മികച്ച സ്ഥാനാർഥി വന്നിട്ടും പാർട്ടി-മുന്നണി സംവിധാനത്തിെൻറ പോരായ്മ വിനയാവുന്നതാണ് നാട്ടികയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.