കുമളി (ഇടുക്കി): ദുഃഖവെള്ളിയാഴ്ച പീഡാനുഭവ സ്മരണ പുതുക്കി വിശ്വാസികൾക്കൊപ്പം മലകയറി പീരുമേട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസും എൽ.ഡി.എഫ് സ്ഥാനാർഥി വാഴൂർ സോമനും. സിറിയക് തോമസ് രാവിലെ 8.30ന് ഏലപ്പാറ കോഴിക്കാനത്തെ കുരിശുമലയാണ് കയറിയത്. തുടർന്ന് ചീന്തലാർ, മേമല എന്നിവിടങ്ങളിലെ മരണവീടുകൾ സന്ദർശിച്ചു. ഉച്ചയോടെ പെരുവന്താനം ജുമാമസ്ജിദിലെത്തി വിശ്വാസികളോട് വോട്ട് തേടി.
വാഴൂർ സോമനും വണ്ടിപ്പെരിയാറിൽ വിശ്വാസികൾക്കൊപ്പം മലകയറി. പിന്നീട് വണ്ടിപ്പെരിയാറിലെ ക്രിസ്ത്യൻ, മുസ്ലിം ആരാധനാലയങ്ങളും മേമാരി ആദിവാസി കോളനിയും സന്ദർശിച്ചു.
അടിമാലി: ദുഃഖവെള്ളി ദിനത്തിൽ നിശ്ശബ്ദ പ്രചാരണവുമായി ദേവികുളത്തെ ഇടതു-വലത് സ്ഥാനാർഥികൾ. വളരെക്കുറച്ച് പ്രവർത്തകരെ ഒപ്പംകൂട്ടി തോട്ടം മേഖലയിലായിരുന്നു രാവിലെ മുതൽ പ്രചാരണം. യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാർ പള്ളികളിലെത്തി പുരോഹിതരെയും വിശ്വാസികളെയും കണ്ടു. എൽ.ഡി.എഫ് സ്ഥാനാർഥി എ. രാജയും തോട്ടംമേഖലയിൽതന്നെ നിശ്ശബ്ദ പ്രചാരണം നടത്തി.
നെടുങ്കണ്ടം: ഉടുമ്പന്‍ചോല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഇ.എം. ആഗസ്തി ദുഃഖവെള്ളിയാഴ്ച രാവിലെ എഴുകുംവയല്‍ കുരിശുമലയിലേക്കുള്ള പിഢാനുഭവ യാത്രയില്‍ പങ്കെടുത്തു. മലയിറങ്ങിയ ശേഷം മണ്ഡലത്തിലെ വിവിധ പള്ളികള്‍ സന്ദര്‍ശിച്ചു.
ശനിയാഴ്ച നെടുങ്കണ്ടം പഞ്ചായത്തിലാണ് പര്യടനം. രാവിലെ കല്‍ക്കൂന്തലില്‍ പര്യടനത്തിന് തുടക്കംകുറിക്കും. എൽ.ഡി.എഫ് സ്ഥാനാർഥി എം.എം. മണി അടിമാലി ഇരുപതേക്കറിലെ വീട്ടില്‍ തന്നെയായിരുന്നു. എങ്കിലും വിശ്രമമില്ലായിരുന്നു. രാവിലെ മുതല്‍ പലെരയും ഫോണില്‍ ബന്ധപ്പെട്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലായിരുന്നു. ശനിയാഴ്ച സേനാപതി, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ പര്യടനം നടത്തും.
രാവിലെ പൂപ്പാറയില്‍ പര്യടനം ആരംഭിക്കും. എന്‍.ഡി.എ സ്ഥാനാർഥി സന്തോഷ് മാധവന് വെള്ളിയാഴ്ച രാവിലെ കൈലാസപ്പാറ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് മറ്റ് ചില ക്ഷേത്രങ്ങളില്‍ പോയി. പിന്നീട് എസ്.എന്‍.ഡി.പി അടക്കം ചില മതസംഘടനകളുടെ നേതാക്കളെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.