കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശമുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു.
ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാന്‍ പാടില്ല. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ കേട്ടയം ജില്ലയിലും ഓണ കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നല്‍കണമെന്ന് വി.ഡി സതീഷൻ അഭ്യർഥിച്ചു.
60 വയസിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണ സമ്മാനമായി 1,000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയതായി കാണുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിന്‍വലിക്കണമെന്ന് അഭ്യർഥിച്ചു.
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം നിർത്തിവെക്കാൻ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം. ജില്ല സപ്ലൈ ഓഫിസർക്ക് ഇതുസംബന്ധിച്ച നിർദേശം തെരഞ്ഞെടുപ്പ് നിരീക്ഷകൻ കൈമാറിയതോടെ കിറ്റ് വിതരണം നിർത്തി.
ഓണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായുള്ള കിറ്റ് വിതരണം കോട്ടയത്തുമാത്രം നടത്താതിരിക്കുന്നത് മൂലമുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സിവില്‍ സപ്ലൈസ് വകുപ്പ് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. കമീഷന്റെ മറുപടിയുടെ അടിസ്ഥാനത്തിലാകും തുടർനടപടിയെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. അതുവരെ കിറ്റ് വിതരണം നടത്തില്ല.
സെപ്റ്റംബര്‍ എട്ടിനാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂർത്തിയാകുന്നത്. കമീഷൻ തീരുമാനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ ഓണത്തിനുശേഷമേ കോട്ടയത്ത് കിറ്റ് വിതരണം നടത്താനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.