എൽ.ഡി.എഫ് മാത്രമാണ് മുന്നിലുള്ള ചോയ്സ്; തൃത്താലയിൽ എം.ബി. രാജേഷ് ജയിക്കണം -കെ.ആർ. മീര

പാലക്കാട്: തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോൾ എൽ.ഡി.എഫ് മാത്രമാണ് തനിക്ക് മുന്നിലുള്ള ചോയ്സ് എന്ന് എഴുത്തുകാരി കെ.ആർ. മീര. തൃത്താലയിൽ ഇടതുപക്ഷ സ്ഥാനാർഥി എം.ബി. രാജേഷിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി നടത്തിയ സാംസ്കാരിക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ജനങ്ങളുടെ ജീവനും സ്വാതന്ത്രവും സംരക്ഷിക്കാൻ ഇപ്പോൾ മുമ്പിലുള്ള ചോയ്സ് എൽ.ഡി.എഫ് മാത്രമാണ്. ഇതാണ് എൽ.ഡി.എഫിനെ തെരഞ്ഞെടുക്കാനുള്ള ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം, ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഇനിയൊരു തെരഞ്ഞെടുപ്പിൽ കൂടി വോട്ടുചെയ്യാനാകുമോ എന്ന ഭീതിയാണ് അലട്ടുന്നത്. പ്രത്യേകിച്ച് 2016ലെ നോട്ട് നിരോധനത്തിന് ശേഷം. ഈ ഭീതിയെ കേരളത്തിലെങ്കിലും തടയിടാൻ തൽക്കാലം എൽ.ഡി.എഫിന് മാത്രമേ സാധിക്കൂ.

മൂന്നാമതായി, എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ മാധ്യമങ്ങൾ സർക്കാറിനെ വളഞ്ഞിട്ട് ആക്രമിക്കും. ഇത് ജനാധിപത്യത്തിന് നല്ലതാണ്. എതിർപക്ഷത്തുള്ള ആര് വന്നാലും മാധ്യമങ്ങൾ നിശബ്ദരാകും. മാസങ്ങൾ പിന്നിട്ട കർഷക സമരത്തെ കുറിച്ച് ഏതെങ്കിലും മാധ്യമങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ടോ.

തൃത്താലയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. രാജേഷ് എത്രത്തോളം മികച്ച ഭരണകർത്താവാണെന്ന് എം.പി ആയിരിക്കുമ്പോൾ പാലക്കാട്ടുകാർക്ക് അറിയാവുന്നതാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ തൃത്താലയിൽ നിന്നുള്ള പ്രതിനിധി എന്ത് ഇടപെടലാണ് നടത്തിയത്. രാജേഷ് അധികാരത്തിലെത്തിയാൽ എത്രത്തോളം ഭാവനാത്മകമായ വികസന പദ്ധതികൾ നടപ്പാക്കും എന്ന് അദ്ദേഹത്തിന്‍റെ പ്രകടന പത്രികയിൽ വ്യക്തമാണ്.

മാന്യതയോടെ വിയോജിക്കാൻ കഴിയുന്ന ഒരു ജനപ്രതിനിധിയാണ് രാജേഷ്. വിയോജിക്കാനുള്ള അവകാശം വളരെ പ്രധാനമാണ്. ഇക്കാരണങ്ങളാൽ എം.ബി. രാജേഷ് വിജയിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കെ.ആർ. മീര പറഞ്ഞു. 

Tags:    
News Summary - LDF is the only choice up front LDF is the only choice up front kr meera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.