വർക്കല: പ്രചാരണത്തിലെ വീറുംവാശിയും അവസാനവട്ടം വരെയും നിലനിർത്തിയ വർക്കലയിൽ എൽ.ഡി.എഫ് യു.ഡി.എഫ് മുന്നണികൾ ഒപ്പത്തിനൊപ്പം. അവസാന ലാപ്പിൽ ശക്തമായ അടിയൊഴുക്കുകളുണ്ടായതോടെ യു.ഡി.എഫ് പ്രതീക്ഷ വർധിക്കുകയാണ്. 73,702 സ്ത്രീകളും 58,085 പുരുഷന്മാരും ഉൾപ്പെടെ 1,31,787 പേരാണ് ഇക്കുറി വോട്ട് ചെയ്തത്. എൽ.ഡി.എഫിെൻറ സിറ്റീങ് സീറ്റാണ് വർക്കല. സിറ്റിങ് എം.എൽ.എ അഡ്വ.വി. ജോയിയാണ് ഇക്കുറിയും ജനവിധി തേടിയത്. എതിർ സ്ഥാനാർഥി വർക്കല കഹാർ അല്ലെങ്കിൽ അനായാസ വിജയം കരുതിയ എൽ.ഡി.എഫിന് കനത്ത മത്സരം സമ്മാനിച്ചുകൊണ്ടാണ് യു.ഡി.എഫിലെ അഡ്വ. ബി.ആർ.എം. ഷെഫീർ എത്തിയത്.
കഴിഞ്ഞതവണ 2360 വോട്ടുകൾക്കാണ് ജോയി ജയിച്ചുകയറിയത്. എൽ.ഡി.എഫ് നേരത്തേതന്നെ പ്രചാരണം തുടങ്ങുകയും രണ്ടാം റൗണ്ടിലേക്ക് കടക്കും വരെയും എതിരാളിയില്ലാത്ത അവസ്ഥയുമായിരുന്നു. എന്നാൽ, വേറിട്ട പ്രവർത്തനശൈലിയിലൂടെ ഷെഫീർ എൽ.ഡി.എഫിന് വെല്ലുവിളി ഉയർത്തി. എൻ.ഡി.എയിൽ സീറ്റ് ബി.ജെ.പിക്ക് ലഭിക്കണമെന്നും താമര ചിഹ്നം വേണമെന്നുമുള്ള ബി.ജെ.പിക്കാരുടെ ആഗ്രഹം സഫലമാകാതെപോയതാണ് അടിയൊഴുക്കുകളിൽ പ്രധാനം. കഴിഞ്ഞ തവണ എൻ.ഡി.എ നേടിയ 19,710 വോട്ടുകളിൽ പകുതിയിലധികം ഇത്തവണ നിഷേധവോട്ടുകളായി പരിണമിച്ചതായ സംശയവുമുണ്ട്.
കടുത്ത സി.പി.എം വിരുദ്ധരായ ബി.ജെ.പി അണികൾ യു.ഡി.എഫ് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തെന്ന സംശയവുമുണ്ട്. സ്ഥാനാർഥികളില്ലാതിരുന്നതിനാൽ വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ വോട്ടുകളിൽ നല്ലൊരു ഭാഗവും ബി.ആർ.എം. ഷെഫീറിന് ലഭിച്ചെന്നാണ് നിഗമനം. മണ്ഡലത്തിലെ പകുതിയോളം നായർ സമുദായ വോട്ടുകൾ എങ്ങനെ പോൾ ചെയ്തുവെന്നതും വിജയത്തെ സ്വാധീനിക്കും. എങ്കിലും മൂവായിരത്തിനും അയ്യായിരത്തിനുമിടയിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയം സുനിശ്ചിതമെന്ന് വി. ജോയി പറയുന്നു. എന്നാൽ, കുറഞ്ഞത് അയ്യായിരത്തോളം വോട്ടുകൾക്ക് വിജയിക്കുമെന്ന് ബി.ആർ.എം. ഷെഫീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.