ചെന്നൈയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ താരങ്ങളായ ആമിർ ഖാനേയും വിഷ്ണു വിശാലിനേയും താമസ്ഥലത്ത് നിന്ന് ഫയർ ആൻഡ് റസ്ക്യൂ വിഭാഗം രക്ഷപ്പെടുത്തി. നടൻ വിഷ്ണു വിശാലാണ് ആമിറിനൊപ്പം ബോട്ടിൽ സുരക്ഷിത സ്ഥലത്തേക്ക് പോകുന്നതിന്റെ ചിത്രം പങ്കുവെച്ചത്. ഒപ്പം റെസ്ക്യൂ വിഭാഗത്തിന് നന്ദിയും അറിയിച്ചിട്ടുണ്ട്.
'ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് നന്ദി. കാരപ്പാക്കത്ത് രക്ഷാപ്രവർത്തനം തുടങ്ങി. ഇതിനോടകം മൂന്ന് ബോട്ടുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത്തരം ഘട്ടത്തിലുള്ള തമിഴ്നാട് സർക്കാരിന്റ പ്രവർത്തനം അഭിനന്ദനാർഹമാണ്.ഈ അവസരത്തിൽ ഉറച്ച തീരുമാനത്തോടെ പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കും നന്ദി'–വിഷ്ണു വിശാൽ ചിത്രത്തിനൊപ്പം കുറിച്ചു.
ചൊവ്വാഴ്ച ജലനിരപ്പ് ഉയർന്നതോടെ സഹായം അഭ്യർഥിച്ച് വിഷ്ണു വിശാൽ എത്തിയിരുന്നു. തുടർന്നാണ് റെസ്ക്യൂ ടീം എത്തിയത്.
'വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കരപ്പക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ഞാൻ ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിനു ടെറസിനു മുകളിൽ മാത്രമാണ് സിഗ്നൽ ലഭിക്കുന്നത്. ഞാനുൾപ്പടെയുള്ളവർക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അവസരത്തിൽ ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോകുകയാണ്'– എന്നായിരുന്നു വിഷ്ണു വിശാല്‍ എക്സിൽ കുറിച്ചത്. നടി കനിഹയേയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇപ്പോൾ ചെന്നൈയിലാണ് ആമിർ ഖാൻ താമസിക്കുന്നത്. നടൻ താമസിക്കുന്ന കരപ്പക്കത്ത് വെള്ളം കയറിയതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.