അഭിഷേക് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി ഷൂജിത് സർക്കാർ സംവിധാനം ചെയ്ത ചിത്രമാണ് ഐ വാണ്ട് ടു ടോക്ക്. അച്ഛന്റെയും മകളുടെയും കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിഷേക് ബച്ചന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
അച്ഛൻ- മകൾ ബന്ധത്തിന്റെ കഥ പറയുന്ന ഐ വാണ്ട് ടു ടോക്ക് എന്ന ചിത്രം ചെയ്യാനുള്ള ഒരു കാരണം തന്റെ മകൾ ആരാധ്യയാണെന്നാണ് അഭിഷേക് ബച്ചൻ പറയുന്നത്. ഐശ്വര്യയുമായുളള ജൂനിയർ ബച്ചന്റെ വിവാഹമോചന വാർത്തകൾ വലിയ ചർച്ചയാകുമ്പോഴാണ് നടന്റെ പ്രതികരണം. പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ ആ കഥാപാത്രത്തിന്റെ വികാരം തനിക്ക് മനസിലാകമെന്നും ഒരു അച്ഛന്‍റെ വീക്ഷണകോണിൽ നിന്ന് കഥ പറഞ്ഞ ഒരു സിനിമ ചെയ്യാൻ അവസരം ലഭിച്ചതിൽ താൻ സന്തോഷവാനാണെന്നും അഭിഷേക് ബച്ചൻ പറഞ്ഞു. അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗ ക്രോർപതി എന്ന റിയാലിറ്റി ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഒരു ദിവസം ഷൂജിത് സർകാർ എന്നെ വിളിച്ച് പറഞ്ഞു, തന്റെ കൈയിൽ ഒരു സിനിമാ ആശയമുണ്ട്, നിങ്ങൾക്ക് ഇഷ്ടമായാൽ നമുക്ക് അത് ചെയ്യാമെന്ന് പറഞ്ഞു. പക്ഷെ അദ്ദേഹം എന്നോട് മുഴുവൻ കഥയും പറഞ്ഞില്ല. എന്നാൽ അർജുൻ സെന്നിനെ കുറിച്ച് പറഞ്ഞു. ആ മനുഷ്യൻ100 ദിവസം മാത്രമേ ജീവിക്കുകയുള്ളൂ. ഈ മനുഷ്യന്റെ കഥയാണ് മനസിലുള്ള സിനിമയെന്ന് പറഞ്ഞു.സാധാരണ, ഇത്തരം സാഹചര്യങ്ങളിൽ, ആളുകൾ തകർന്നുപോകുന്നു, വിഷാദത്തിലേക്ക് പോകും, എന്നാൽ ഈ മനുഷ്യൻ തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വളരെ പോസിറ്റീവായിട്ടാണ് കാണുന്നത്. ഞാൻ നേടുമെന്നുള്ള മനോഭാവത്തിലാണ് ഓരോ ദിവസം ഉറക്കമുണർന്നിരുന്നത്. ആ മനുഷ്യനെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
ഒരു പിതാവിന്‍റെ വീക്ഷണകോണിൽ നിന്നാണ് സിനിമ പറയുന്നത്. അതും എന്നെ ആകർഷിച്ചു. ഞാൻ ഒരു പെൺകുട്ടിയുടെ അച്ഛനാണ്. ശ്വേത (ബച്ചൻ) നിങ്ങളുടെ മകളാണ്. ഞാൻ ആരാധ്യയുടെ പിതാവാണ്. ഷൂജിത് സിർകാറിന് രണ്ട് പെൺകുട്ടികളുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും പെൺകുട്ടികളാണ്, അതിനാൽ ഞങ്ങൾ ഈ വികാരം പൂർണ്ണമായും മനസ്സിലാക്കും. ഇതു മാത്രം മതിയായിരുന്നു എനിക്ക് ഈ സിനിമ ചെയ്യാൻ.
അച്ഛന്‍റെ വീക്ഷണകോണിൽ നിന്ന് കഥ പറഞ്ഞ ഒരു സിനിമ ചെയ്യാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്. അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആളുകൾ പലപ്പോഴും സംസാരിക്കാറുണ്ട്. എന്നാൽ ഒരു പിതാവ് കുട്ടിക്ക് വേണ്ടി ചെയ്യുന്നതിനെക്കുറിച്ച് ആരും അധികം സംസാരിക്കാറില്ല. അച്ഛന്മാർ അതൊരിക്കലും വെളിപ്പെടുത്താറില്ല. അവർ രഹസ്യമായിട്ടാണ് തന്റെ മക്കൾക്ക് വേണ്ടി എല്ലാകാര്യങ്ങളും ചെയ്യുന്നത്.
എന്റെ അച്ഛൻ രാവിലെ 6:30 ന് ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങും. ഞങ്ങള്‍ രാവിലെ എട്ടോ ഒമ്പതോ മണിക്ക് എഴുന്നേറ്റാല്‍ മതി. മക്കൾക്ക് വേണ്ടിയുള്ള ഒരു പിതാവിൻ്റെ നിശബ്ദ ശ്രമങ്ങളാണിവ.ഇന്ന് ഞങ്ങൾ മുതിർന്നവരാണ്, ഞങ്ങൾക്കും കുട്ടികളുണ്ട്, എന്നിട്ടും ഞങ്ങളുടെ അച്ഛൻ ഞങ്ങളോട് പെരുമാറുന്നത് ഇങ്ങനെയാണ്.ഒരു പിതാവ് മക്കള്‍ക്ക് വേണ്ടി ചെയ്യുന്ന ത്യാഗത്തെക്കുറിച്ച് ആരും സംസാരിക്കാറില്ല'- അഭിഷേക് ബച്ചൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.