ദയവായി എന്നെ അദ്ദേഹത്തിന്റെ മുൻ ഭാര്യയെന്ന് വിളിക്കരുതേ...; അഭ്യർഥനയുമായി എ.ആർ. റഹ്മാന്റെ 'ഭാര്യ' സൈറ ബാനു

ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാത്രിയാണ് സംഗീത സംവിധായകൻ എ.ആർ. റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം വീണ്ടെടുത്ത റഹ്മാൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. റമദാൻ വ്രതം മൂലം ശരീരത്തിൽ നിർജലീകരണം സംഭവിച്ചതാണ് കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ അപ്പോളോ ആശുപത്രി പുറത്തുവിട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തന്നെ റഹ്മാന്റെ ഭാര്യ എന്ന് വിളിക്കരു​തേ എന്ന് മാധ്യമങ്ങളോട് അഭ്യർഥിച്ചിരിക്കുകയാണ് വേർപിരിഞ്ഞു കഴിയുന്ന ഭാര്യ സൈറ ബാനു. ഇതുസംബന്ധിച്ച ശബ്ദ സന്ദേശവും സൈറ പുറത്തുവിട്ടിരുന്നു.

എല്ലാവർക്കും സലാം പറഞ്ഞാണ് സൈറ തുടങ്ങിയത്. ''അസ്സലാമു അലൈക്കും. അദ്ദേഹത്തിന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുകയാണ്. അ​ദ്ദേഹത്തെ ആൻജിയോഗ്രാമിന് വിധേയനാക്കാൻ പോവുകയാണെന്ന വാർത്ത കണ്ടിരുന്നു. ദൈവത്തിന്റെ കരുണയാൽ അദ്ദേഹത്തിന്റെ അസുഖം ഭേദമായിരിക്കുന്നു. ഈ സാഹചര്യത്തിൽ നിങ്ങളോട് ഞാൻ ഒരു കാര്യം അഭ്യർഥിക്കുകയാണ്. എന്നെ ഒരിക്കലും അദ്ദേഹത്തിന്റെ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്. കാരണം ഞങ്ങൾ ഇതുവരെ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല. ഞങ്ങളിപ്പോഴും ഭാര്യയും ഭർത്താവുമാണ്. രണ്ടുവർഷമായി എനിക്ക് തീരെ സുഖമില്ലായിരുന്നു. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി മാറിത്താമസിക്കുകയാണ്. അതിനാൽ ഇനിയൊരിക്കലും എന്നെ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുതേ...''-എന്നായിരുന്നു ശബ്ദ സന്ദേശം.

വേർപെട്ട് കഴിയുകയാണെങ്കിലും എന്റെ പ്രാർഥനകൾ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന് കൂടുതൽ സ്ട്രസ് കൊടുക്കരുത്. നന്നായി ശ്രദ്ധ കൊടുക്കണമെന്ന് എല്ലാവരോടും പ്ര​ത്യേകിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് അഭ്യർഥിക്കുകയാണ്.എല്ലാവർക്കും നന്ദി. അല്ലാഹു രക്ഷിക്കട്ടെ.​''-​സൈറ ബാനു തുടർന്നു.

ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയതിനു പിന്നാലെയാണ് റഹ്മാൻ ആശുപത്രിയിൽ പരിശോധനക്ക് പോയത്. പതിവ് പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. നേരത്തെ നെഞ്ച് വേദനയെ തുടർന്നാണ് റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആൻജിയോഗ്രാം ചെയ്യുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ബന്ധുക്കൾ ഇക്കാര്യം നിഷേധിച്ചു.ഓസ്കർ ജേതാവ് കൂടിയായ റഹ്മാൻ നിലവിൽ ‘ലാഹോർ 1947’, ‘തഗ് ലൈഫ്’, തേരെ ഇഷ്ക് മേം’ തുടങ്ങിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ്. കഴിഞ്ഞ ആഴ്ചയാണ് എ.ആർ റഹ്മാന്റെ മുൻ ഭാര്യ സൈറ ബാനുവിനെ മെഡിക്കൽ എമർജൻസി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയാക്കേണ്ടി വന്നു. അവരുടെ അഭിഭാഷക വന്ദന ഷായാണ് ഇതു സംബന്ധിച്ച വാർത്ത പങ്കുവെച്ചത്. 29 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം കഴിഞ്ഞ നവംബർ 19നാണ് സൈറ ബാനുവും എ.ആർ. റഹ്മാനും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്.

Tags:    
News Summary - After Announcing Separation From AR Rahman, Saira Banu Wishes Not To Be Addressed As Ex Wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.