കോട്ടയം: 'ആദ്യമൊന്ന് ഞെട്ടി, അൽപം സമയമെടുത്താണ് അത് ഞാനല്ലെന്ന് മനസ്സിലാക്കിയത്. നിരവധി സമ്മാനം കിട്ടിയിട്ടുണ്ട്. ഇതുപോലെ അത്ഭുതപ്പെടുത്തിയൊരു സമ്മാനം ആദ്യമാണ്'- മെഴുകിൽ തീർത്ത സ്വന്തം പ്രതിമയോട് ചേർന്നുനിന്ന് ഗിന്നസ് പക്രുവെന്ന ആർ. അജയകുമാർ ഇത് പറയുമ്പോൾ കണ്ടുനിന്നവരുടെ മുഖങ്ങളിലും ആരാണ് 'ഒറിജിനലെന്ന' അങ്കലാപ്പ്. കുമ്പനാട് സ്വദേശിയായ ഹരികുമാർ കുമ്പനാടാണ്, ചേർന്നുനിന്നാൽ കണ്ണുകൊണ്ട് വേർതിരിച്ചെടുക്കാൻ കഴിയാത്തവിധത്തിലുള്ള ഗിന്നസ് പക്രുവിന്‍റെ മെഴുകുപ്രതിമ നിർമിച്ചത്.
മമ്മൂട്ടി, മോഹൻലാൽ അടക്കം നിരവധിപേരുടെ മെഴുകുപ്രതിമ നിർമിച്ചിട്ടുള്ള ഹരി, രണ്ടു മാസംകൊണ്ടാണ് ഗിന്നസ് പക്രുവിനെ മെഴുകിൽ രൂപപ്പെടുത്തിയത്. ഊട്ടിയിൽ പുതുതായി തുറക്കുന്ന തന്‍റെ മ്യൂസിയത്തിൽ ഇത് സ്ഥാപിക്കുമെന്ന് ശിൽപി പറഞ്ഞു. നിലവിൽ തേക്കടിയിലാണ് മ്യൂസിയം. ഇത് ഊട്ടിയിലേക്ക് മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിലെത്തി ഹരി അളവെടുത്ത് പോകുമ്പോൾ ഇത്രയും സാമ്യം ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് ഗിന്നസ് പക്രു പറഞ്ഞു. ഞാനായതുകൊണ്ട് പല ഗുണങ്ങളുണ്ട്. കുറച്ച് മെഴുകുമതി. എടുത്തുകൊണ്ട് നടക്കാനും കൊണ്ടുപോകാനും എളുപ്പം. ഏറ്റവും ചെറിയ മെഴുകുപ്രതിമ എന്‍റേതാകുമെന്നും ചിരികൾക്കിടെ ഗിന്നസ് പക്രു പറഞ്ഞു. എന്നാൽ, ചെറുതായതിനാൽ ഏറ്റവും സുക്ഷ്മത വേണ്ടിവന്നുവെന്ന് ശിൽപി ഹരികുമാർ പറഞ്ഞു. ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്തതത് അജയേട്ടന്‍റെ പ്രതിമയാണ്. 10 കിലോ മെഴുകാണ് പ്രതിമക്കായി ഉപയോഗിച്ചത്.
കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഗിന്നസ് പക്രു പ്രതിമയുടെ അനാച്ഛാദനം നിർവഹിച്ചു. ജന്മനാൾ കൂടിയാണ് വെള്ളിയാഴ്ചയെന്ന് സന്തോഷവും ചടങ്ങിൽ അദ്ദേഹം പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.