വിപിൻ ശർമ്മ
മുംബൈ: ആമീർ ഖാന്‍റെ താരേ സമീൻ പർ കുട്ടികളിൽ ഉണ്ടാകുന്ന പഠന വൈകല്യങ്ങൾ, ഒറ്റപ്പെടൽ തുടങ്ങിയ വിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാണിച്ച് തന്ന സിനിമയാണ്. അതിൽ ഇഷാന്റെ പിതാവായി അഭിനയിച്ച വിപിൻ ശർമ്മ തന്‍റെ ജീവിതത്തിലെ ദുരിതകാലം പങ്കുവെക്കുകയാണ്.
യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിനയത്തിലേക്കുള്ള യാത്രയിലെ പോരാട്ടങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഘട്ടത്തിൽ എന്‍റെ കൈവശം പത്ത് രൂപ പോലും ഇല്ലായിരുന്നു. ട്രെയിൻ യാത്രക്കിടയിൽ എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തേണ്ടിവന്നു. 10 രൂപ പോലും ഇല്ലെങ്കിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് ജീവനക്കാർ എന്നെ ഇറക്കിവിടുകയായിരുന്നു ശർമ്മ പറഞ്ഞു.
അഭിനയം ഉപേക്ഷിച്ചശേഷം കാനഡയിലെത്തിയ ശർമ്മ അവിടെ അസിസ്റ്റൻറ് ഷെഫായി പല റെസ്റ്റോറന്റുകളിലും ജോലി ചെയ്തു. ഞാൻ ഒരു ഐറിഷ് റെസ്റ്റോറൻ്റിൽ ജോലി ചെയ്യുകയായിരുന്നു, അവിടെ എനിക്ക് പച്ചമാംസം മുറിച്ച് വൃത്തിയാക്കേണ്ടി വന്നു, ഞാൻ ഒരു സസ്യാഹാരിയാണ്. എനിക്ക് മറ്റ് വഴികളൊന്നുമില്ലായിരുന്നു, കൈവശം പണവുമില്ലായിരുന്നു. പിന്നീട് ടൊറന്റോയിലെ പ്രധാന ചാനലിൽ എഡിറ്റിംഗ് ജോലി ലഭിച്ചതോടെ ജീവിതം ആകെ മാറിമറിഞ്ഞു.
അഭിനയ വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതോടെ അഭിനയിക്കാനുള്ള ആഗ്രഹം വീണ്ടും ഉടലെടുക്കുകയായിരുന്നു. കാനഡയിലെ വർക്ക്ഷോപ്പിൽ പങ്കെടുത്ത ശേഷമാണ് അഭിനയമാണ് എന്‍റെ വഴിയെന്ന് മനസ്സിലാക്കിയത്. ഇതോടെ കാനഡയിൽ ഉള്ളതെല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനമെടുത്തു.
ഇന്ത്യയിലെത്തിയ ശേഷം ഗാങ്‌സ് ഓഫ് വാസിപൂർ (2012), ഹോട്ടൽമുംബൈ(2018), പാതാൽ ലോക്(2020), മങ്കി മാൻ (2024) തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സാഖിബ് സലീം, രാജേഷ് തൈലാങ്, രാഹുൽ ഭട്ട് എന്നിവർക്കൊപ്പം ക്രൈം ബീറ്റ് എന്ന ടിവി പരമ്പരയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.