ബൊഗെയ്ൻവില്ല പൂക്കുമ്പോൾ -കുഞ്ചാക്കോ ബോബൻ അഭിമുഖം

ചോക്ലറ്റ്-റൊമാന്റിക് ഹീറോ, കോളജ് കുമാരൻ തുടങ്ങിയ ക്ലീഷേ നായക കഥാപാത്രങ്ങളിൽനിന്ന് ‘ആക്ടർ’ എന്ന ടാഗ്ലൈനിലേക്ക് പരിവേഷം നടത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ചാക്കോച്ചൻ. രണ്ടര പതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ കുഞ്ചാക്കോ ബോബ​ൻ ഉണ്ടെങ്കിലും 2010നു ശേഷം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ‘നടനായി’ അമ്പരപ്പിക്കുകയാണ് അദ്ദേഹം. നായക കഥാപാത്രങ്ങൾ മാത്രമല്ല, ആന്റി ഹീറോ കഥാപാത്രങ്ങളും ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് കുഞ്ചാക്കോ ബോബൻ തെളിയിച്ചു. അറിയിപ്പ്, ട്രാഫിക്, ടേക് ഓഫ്, ഹൗ ഓൾഡ് ആർ യു, അഞ്ചാംപാതിര, രാമന്റെ ഏദൻതോട്ടം, ന്നാ താൻ കേസ് കൊട്, ഗ്ർർ... തുടങ്ങി ഒട്ടേറെ ചിത്രങ്ങളും കഥാപാത്രങ്ങളും. അമൽ നീരദ് സംവിധാനം ​ചെയ്യുന്ന ബോയ്ഗൻവില്ലയാണ് ആ പട്ടികയിൽ ഏറ്റവും പുതിയത്. സിനിമ വിശേഷങ്ങൾ കുഞ്ചാക്കോ ബോബൻ വാരാദ്യ മാധ്യമത്തോട് പങ്കുവെക്കുന്നു.

സിനിമയുടെ മാജിക്

സിനിമയുടെ മാജിക്കിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ​ ചെയ്യുന്ന സിനിമകളിൽ, കഥാപാത്രങ്ങളിൽ ആ മാജിക് ഉണ്ടാകണമെന്ന ആഗ്രഹവുമുണ്ട്. ഓരോ സിനിമ തെരഞ്ഞെടുക്കുമ്പോഴും വ്യത്യസ്ത രീതിയിൽ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നും പ്രേക്ഷകർ അത് ആസ്വദിക്കണമെന്ന ആഗ്രഹത്തോടെയുമാണ്​ പ്രയത്‍നിക്കുക. ബോഗയ്ൻവില്ലയുടെ വിജയത്തിനായി മുമ്പിലും പിന്നിലും ഒരുപോലെ നിന്ന് പ്രവർത്തിച്ച ഒരുപാടുപേരുണ്ട്. തീർച്ചയായും അത്തരത്തിലൊരു സിനിമ മാജിക് ബോഗയ്ൻവില്ലയിലും സംഭവിക്കട്ടെ എന്നുതന്നെയാണ് ആഗ്രഹം.


‘സ്തുതി’ ഡാൻസ്

ന്നാ താൻ കേസ് കൊട് സിനിമയിലെ ദേവദൂതർ പാടിയും ബോഗയ്ൻവില്ലയിലെ സ്തുതിയും രണ്ട് വ്യത്യസ്ത അറ്റത്തുനിൽക്കുന്ന പാട്ടുകളും ഡാൻസുമാണ്. രണ്ടും അതിന്റേതായ രീതിയിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. ദേവദൂതരിലേത് നൃത്തം അറിയാത്ത ഒരാളുടെ ചുവടുകൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചുവടുകളായിരുന്നു. ചുവടിനൊപ്പം ആ പാട്ട് ആസ്വദിക്കുന്ന ആക്ഷനുകളും ചെയ്യണമായിരുന്നു. എന്നാൽ, ബോഗയ്ൻവില്ലയിലേക്ക് വരുമ്പോൾ ഇത്രയും നാൾ പരിചയിച്ച, ചെയ്തു ശീലിച്ച മൂവ്മെന്റ്സും കൊറിയോഗ്രഫിയും ചുവടുകളുമൊന്നും അല്ലായിരുന്നു. കുറച്ചുകൂടെ ട്രെൻഡി ആയ, ഇപ്പോഴത്തെ ജനറേഷൻ പിന്തുടരുന്ന-ഇഷ്ടപ്പെടുന്ന രീതിയിലുള്ള ചുവടുകൾ ആയിരുന്നു. ഏറ്റവും നല്ല രീതിയിൽ ഈ രണ്ടു പാട്ടുകളും പ്രേക്ഷകർ സ്വീകരിച്ചുവെന്നത് വളരെയധികം സന്തോഷം നൽകുന്നുണ്ട്. സുഷിൻ ശ്യാമാണ് പാട്ടുകളുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.


ദേവദൂതർ പാട്ടിന് പ്രത്യേക കൊറിയോഗ്രഫിയൊന്നും ഇല്ലായിരുന്നു, അപ്പോൾ തോന്നിയ മൂവ്മെന്റ്സ് ഉപയോഗിക്കുകയായിരുന്നു. എന്നാൽ, ‘സ്തുതി ഡാൻസ്’ ഒരുപാട് റിഹേഴ്സലുകൾ നടത്തി പഠിച്ച് ചെയ്തതാണ്. ഇതുവരെയുള്ള കരിയറിൽ ആദ്യമായാണ് ഒരു ഗാനത്തിന് വേണ്ടി റിഹേഴ്സലുകൾ നടത്തി പഠിച്ച് ചെയ്യാനുള്ള സൗകര്യവും സാഹചര്യവും ലഭിക്കുന്നത്. നൃത്തം മാത്രമല്ല, വിഷ്വലൈസേഷനും എഡിറ്റിങ്ങുമെല്ലാം ആ ഗാനരംഗത്തെ മികച്ചതാക്കാൻ സഹായിച്ചു.


അമൽ നീരദിനൊപ്പം

ബോഗയ്ൻവില്ലയിലെ റോയ്സ് തോമസ് എന്ന കഥാപാത്രം ചെയ്യുന്നതിലൂടെ ഒരു അമൽനീരദ് ഫ്രെയിമിൽ വരിക എന്ന ഒരുപാട് നാളത്തെ ആഗ്രഹമാണ് സഫലീകരിക്കപ്പെടുന്നത്. അതിലുപരി ആ സിനിമയി​ൽ ഒരു നിർമാണ പങ്കാളിയാകാൻ സാധിച്ചുവെന്നതാണ് മറ്റൊരു സന്തോഷവും അഭിമാനവും. അമലിനൊപ്പമുള്ള റാപ്പോ വളരെയധികം ആസ്വദിക്കുന്ന ഒരാളാണ് ഞാൻ. അമലുമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ഒരുപാട് നാളുകളായി പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസം അമൽ വിളിക്കുകയും ഒരു കഥക്ക് പകരം രണ്ടു കഥകൾ എന്നോട് പറയുകയുമായിരുന്നു. ഇതിൽ ഏതുവേണം, ഏതാണ് ചെയ്യാൻ കൂടുതൽ താൽപര്യമെന്നും അമൽ ചോദിച്ചു. ഞങ്ങളെ തമ്മിൽ അടുപ്പിച്ച ഒരുപാട് പൊതുവായ കാര്യങ്ങളുണ്ട്. സിനിമയും സിനിമേതരമായിട്ടുള്ള കാര്യങ്ങളും ഇമോഷണലായ, കുടുംബ സംബന്ധമായ കാര്യങ്ങളിലുമെല്ലാം പരസ്പരം ഒരു ഇമോഷണൽ ബോണ്ടിങ് ഉണ്ടായിട്ടുണ്ട്. പറഞ്ഞും പറയാതെയും അറിഞ്ഞും അറിയാതെയും വന്ന ഒരു ബന്ധമാണ് ഞങ്ങളുടേതെന്നാണ് വിശ്വാസം. ആ അടുപ്പത്തി​ന്റെ സുഖം സിനിമയുടെ ചിത്രീകരണ സമയത്തും ഉണ്ടായിരുന്നു. തീർച്ചയായും ഒരു ടെക്നീഷ്യൻ അല്ലെങ്കിൽ ക്രിയേറ്റർ എന്ന രീതിയിൽ യാതൊരു വിധത്തിലുമുള്ള ഇളവും നമുക്ക് തരില്ല. എന്നാൽ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത രീതിയിൽ നമ്മളെക്കൊണ്ട് ഉദ്ദേശിക്കുന്നതെന്താണോ അത് ചെയ്യിച്ചെടുക്കാനുള്ള മിടുക്ക് അമലിനുണ്ട്. ഇതുവരെ ഞാൻ ചെയ്തുവന്ന കഥാപാത്രങ്ങളിൽനിന്ന് എന്തെങ്കിലും വ്യത്യാസം വേണമെന്ന് ആഗ്രഹിക്കുകയും, ഡാൻസിന്റെ കാര്യത്തിൽ പോലും ഇതുവ​രെ കാണാത്ത രീതിയിലുള്ള ചാക്കോച്ചന്റെ മൂവ്മെന്റ്സ് വേണം എന്നുമെല്ലാം വാശിപിടിച്ചയാളാണ് അമൽ. ദൈവം സഹായിച്ച് അതേ രീതിയിൽതന്നെ സംഭവിക്കുകയും ജനങ്ങൾക്ക് അത് ഇഷ്ടമാകുകയും ചെയ്തു. ആ ഗാനം ഇഷ്ടപ്പെട്ടപോലെ, ആ നൃത്തചുവടുകൾ ഇഷ്​ടപ്പെട്ടതുപോലെ ആ സിനിമയും കഥാപാത്രങ്ങളും ഇഷ്ടപ്പെടട്ടെയെന്നാണ് ആഗ്രഹം.

അമൽ നീരദ് സ്റ്റൈൽ

അമൽ ചെയ്തിട്ടുള്ളവയിൽനിന്നും മറ്റു സിനിമകളിൽനിന്നുമെല്ലാം വ്യത്യസ്തമായ ഒരു സിനിമയാണ് ബോഗയ്ൻവില്ലയും. അദ്ദേഹം ഇതുവരെ പരീക്ഷിച്ചുനോക്കാത്ത ഒരു ഴാണറിലുള്ള ചിത്രമാണ് ഇത്. ഒരു അമൽ നീരൽ സ്റ്റൈൽ ഈ ചിത്രത്തിലും കാണാൻ സാധിക്കും. പോസ്റ്ററുകളിലും പാട്ടുകളിലും ട്രെയിലറിലുമെല്ലാം അത് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജ്യോതിർമയി, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.


ജ്യോതിർമയിയുടെ തിരിച്ചുവരവ്, ഫഹദിനൊപ്പമുള്ള ചിത്രം

ഒരു അമൽ നീരദ് ചിത്രം എന്നതിനപ്പുറം ജ്യോതിർമയിയുടെ തിരിച്ചുവരവ് എന്ന പ്രത്യേകത ഈ സിനിമക്കുണ്ട്. ഇതുവരെ കണ്ട ജ്യോതിർമയിയിൽനിന്നും എല്ലാ അർഥത്തിലും വ്യത്യസ്തമായ ജ്യോതിർമയിയാണ് ഈ സിനിമയിൽ. ക്യാരക്ടറൈസേഷൻ, അപ്പിയറൻസ്, ആറ്റിറ്റ്യൂഡ് എല്ലാം ഈ സിനിമയിൽ വ്യത്യസ്തമാണ്. ഏതൊരു അഭിനേതാവും ആഗ്രഹിക്കുന്ന തരത്തിലുള്ള തിരിച്ചുവരവ് തന്നെയാണ് ജ്യോതിർമയിക്ക് ബോഗയ്ൻവില്ലയിലൂടെ ലഭിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രേക്ഷകർ സിനിമയെ സ്വീകരിക്കുക കൂടി​ ചെയ്തുകഴിഞ്ഞാൽ ‘that will be a cherry on the top’. ഏറ്റവും ഭംഗിയായി അത് സംഭവിക്കട്ടേ.

ഫഹദ് ഫാസിലിനൊപ്പമുള്ള രണ്ടാമ​​ത്തെ ചിത്രമാണ് ബോഗയ്ൻവില്ല. ആദ്യ ചിത്രം ടേക്ക് ഓഫ് ആയിരുന്നു. ആ ചിത്രത്തിൽ അധികം കോമ്പിനേഷൻ സീനുകളൊന്നും ഉണ്ടായിരുന്നില്ല. ചെറിയ ഷോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും ക്രോസ് ചെയ്തുപോകുന്ന ക്ലൈമാക്സ് സീൻ മാത്രമായിരുന്നു അത്. പക്ഷേ ബോഗയ്ൻവില്ലയിൽ ഫഹദിന്റേത് ഒരു എക്സ്റ്റന്റഡ് കാമിയോ റോളാണ്. അത് എത്രത്തോളം അത്യാവശ്യമാണെന്ന് ആ സിനിമ കാണുമ്പോൾ മനസിലാകും. ഫഹദിനെ സിനിമയിൽ വരുന്നതിന് മുമ്പുതന്നെ പരിചയമുണ്ട്, കുടുംബപരമായി അടുത്ത ബന്ധമുണ്ട്, സൗഹൃദമുണ്ട്. നല്ല സിനിമകൾ വേണമെന്ന് ആഗ്രഹിച്ച് അതിനുവേണ്ടി കൂടെ നിൽക്കുന്ന വ്യക്തിയാണ്. ആ ഒരു സൗഹൃദവും സിനിമയോടുള്ള സ്നേഹവുമെല്ലാം ഒത്തുവരുമ്പോൾ തീർച്ചയായും ഓൺസ്ക്രീനിൽ നല്ലൊരു കെമിസ്ട്രി ഉണ്ടാക്കാൻ സാധിക്കാറുണ്ട്. ആദ്യമായാണ് ഞങ്ങൾ ഇരുവരും ഒരു ഫ്രെയിമിൽ ഒരുമിച്ച് വരുന്നതും കുറച്ചധികം സ്ക്രീൻസ്പേസ് ഒരുമിച്ച് പങ്കുവെക്കുന്നതും. അത് നല്ല എക്സ്പീരിയൻസ് ആയിരുന്നു. പ്രത്യേകിച്ച് ഫഹദിനെ കാണുമ്പോൾ പാച്ചിക്കയുടെ (ഫാസിൽ) കു​റെയേറെ കാര്യങ്ങൾ ഓർമവരും. പാച്ചിക്കയെയാണ് ഷാനു (ഫഹദ്) ഇപ്പോൾ പ്രതിഫലിപ്പിക്കുന്നതെന്ന് എനിക്ക് തോന്നും. അങ്ങനെയൊരു പ്രത്യേകതയും കൂടിയുണ്ട്.


മറവികളേ പറയൂ... സർപ്രൈസ് എലമെന്റ്

സ്തുതി പാട്ടിന് സിനിമയിൽ കഥാപരമായി ബന്ധമൊന്നുമില്ല. പക്ഷേ അതിലെ ചില വരികളും കാര്യങ്ങളുമെല്ലാം കഥയുമായി ബന്ധപ്പെട്ട് നിൽക്കുന്നവയാണ്. പാട്ടിനെക്കുറിച്ച് ചില വിവാദങ്ങളുണ്ടായെങ്കിലും സിനിമ ഇറങ്ങി കഴിയുമ്പോൾ അതെല്ലാം തെറ്റിദ്ധാരണകളായിരുന്നു എന്ന് മനസിലാക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. രണ്ടാമതിറങ്ങിയ മറവികളേ എന്ന പാട്ടാണ് കഥയും കഥാപരിസരങ്ങളും കഥാപാത്രങ്ങളുമായി ചേർന്നുപോകുന്നൊരു ഗാനം. രണ്ടും രണ്ടുരീതിയിൽ വ്യത്യസ്തമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏതു രീതിയിലാണോ ആ ഗാനങ്ങളെല്ലാം സ്വീകരിക്കപ്പെടേണ്ടത്, ആ രീതിയിൽതന്നെ സ്വീകരിക്കപ്പെടുന്നതിൽ ഒരുപാട് സന്തോഷം. പാട്ടുകളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചില സർപ്രൈസ് എലമെന്റുകൾ തീർച്ചയായും ചിത്രത്തിലുണ്ട്. സിനിമ കാണുമ്പോൾ അതിന്റെ ഒരു ആവേശം ഏറ്റവും നല്ല രീതിയിൽ അനുഭവിക്കാൻ കഴിയുമെന്നാണ് തോന്നുന്നതും.


ക്രൈം സസ്​പെൻസ് ത്രില്ലർ

തീർച്ചയായും, ഒരു സസ്​പെൻസ് ക്രൈം ത്രില്ലർ തന്നെയാണ് ബോഗയ്ൻവില്ല. ഏറ്റവും ആസ്വാദിക്കാവുന്ന തരത്തിൽ, വിചാരിക്കാത്ത രീതിയിലുള്ള സർപ്രൈസ് എലമെന്റുകൾ ഒളിപ്പിച്ചുവെച്ച് ഒരു ത്രില്ലർ അവതരിപ്പിക്കാൻ ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ‘ഒരു അമൽ നീരദ് സിനിമ’യിൽ സർപ്രൈസ് എല​മെന്റിനൊപ്പം തിയറ്റർ അനുഭവം കൂടി അർഹിക്കുന്ന ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. തിയറ്ററുകളിൽതന്നെ പ്രേക്ഷകർ ചിത്രം ആസ്വദിക്കുകയും സ്വീകരിക്കുകയും ചെയ്യട്ടേ.


പുതിയ സിനിമകൾ

മാർട്ടിൻ പ്രക്കാട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാഹി കബീർ തിരക്കഥ എഴുതി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പൊലീസുകാരന്റെ വേഷമാണ് ഇപ്പോൾ അഭിനയിക്കുന്ന സിനിമ. ഒരു ഇമോഷനൽ ത്രില്ലർ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് മറ്റൊന്ന്. അതിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കും.   

Tags:    
News Summary - bougainvillea movie kunchacko boban interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.