കൽപറ്റ ടൗണിലൂടെ മസിലും പെരുപ്പിച്ച് ആ പൊലീസുകാരൻ നടന്നുപോകുമ്പോൾ അറിയാത്തവരൊക്കെ പേടിയോടെയൊന്നു നോക്കും. ഒറ്റനോട്ടത്തിൽ പരുക്കനെന്നുതോന്നിക്കുന്ന പ്രകൃതം. അങ്ങാടിയിലെ ആൾക്കൂട്ടങ്ങളിൽ കണ്ടുകണ്ടിരുന്ന അയാളെ പിന്നെ കാണുന്നത് വെള്ളിത്തിരയിലാണ്. ക്രൂരനായ പ്രതിനായകന്റെ സന്തത സഹചാരിയായി, ഇടിയും തൊഴിയും വില്ലത്തരങ്ങളും നിറഞ്ഞ കഥാപാത്രങ്ങളായി അയാൾ വീണ്ടും വീണ്ടും സ്ക്രീനിൽ വന്നുനിറഞ്ഞു. ഗുണ്ടത്തരങ്ങളുടെ 'പര്യായമായി' മാറിയ ആ ബലിഷ്ഠകായനോടുള്ള പേടി പതിന്മടങ്ങ് വർധിക്കുകയായി ഫലം.
● ● ●
അയാളെ അറിയുന്നവർക്കാവട്ടെ, നേർവിപരീതമായിരുന്നു കാര്യങ്ങൾ. അഭ്രപാളികളിൽ ശോഭിക്കുന്നതിനുമുമ്പേ കൽപറ്റയിൽ അയാളൊരു 'താര'മായിരുന്നു. താരപ്പൊലിമയുടെ പുറംലോകം 'അബുക്ക'യെന്ന് സ്നേഹത്തോടെ വിളിക്കുന്നതിനും കാലമേറെ മുമ്പ് കൽപറ്റക്കാർക്ക് അയാൾ അവരുടെ സ്വന്തം 'സലീംക്ക'യായിരുന്നു. ആദ്യം 'മിസ്റ്റർ ഇന്ത്യ'യുടെയും പിന്നെ പൊലീസുകാരന്റെയും ശേഷം ചലച്ചിത്ര താരത്തിന്റെയും മേലങ്കികളൊന്നുമില്ലാതെ അന്നും ഇന്നും നാടിനൊപ്പം നിറഞ്ഞുനിൽക്കുന്ന ജനകീയ താരം. ഇന്ന് വിഭിന്നമേഖലകളിൽ വയനാടിന്റെ അംബാസഡർകൂടിയാണ് അദ്ദേഹം. സമ്മതിദാനാവകാശത്തിലേക്ക് പുതുതലമുറയെ സ്വാഗതം ചെയ്യാൻ വയനാട്ടിലെ തെരഞ്ഞെടുപ്പു സംവിധാനങ്ങളുടെ അംബാസഡർ. ക്ലീൻ കൽപറ്റയെന്ന ദൗത്യം പൂർത്തിയാക്കുന്ന വഴിയിൽ അതിന്റെ പതാകവാഹകൻ. നാടിന്റെ പച്ചപ്പുകാക്കാൻ വനം വകുപ്പിന്റെ ഗ്രീൻ അംബാസഡർ... നാട്ടിൽ അബുസലീമിന് റോളുകളേറെയാണ്.
വലിയൊരു പാഠപുസ്തകമാണ് അബുസലീം. ലക്ഷ്യത്തിലേക്ക് മനസ്സുറപ്പിച്ചാൽ എത്തിച്ചേരാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് സ്വജീവിതംകൊണ്ട് ബോധ്യപ്പെടുത്തിയ ഒരു വിസ്മയപാഠം. താനാഗ്രഹിച്ച മൂന്നു മേഖലകളിലും മികവോടെ നിലയുറപ്പിച്ച ആ ജീവിതംതന്നെയാണ് അതിന് സാക്ഷ്യം. ബോഡി ബിൽഡിങ്ങിന്റെ ഗോദയിലേക്ക് പ്രവേശിച്ച നാളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബോഡി ബിൽഡർക്കുള്ള മിസ്റ്റർ ഇന്ത്യ പുരസ്കാരം നേടണമെന്ന ആഗ്രഹം കലശലായിരുന്നു. ഒടുവിൽ ഉറച്ച മനസ്സും മസിലുമായി 1984ൽ മിസ്റ്റർ ഇന്ത്യ കിരീടം ചുരം കയറ്റി റാട്ടക്കൊല്ലിയിലെ വീടിലെത്തിച്ചു. 66ാം വയസ്സിലും പ്രായം തോൽക്കുന്ന മെയ്ക്കരുത്താണ് ഊർജം. അതിലേക്ക് ഇപ്പോഴും ദിവസേന ഒന്നര മണിക്കൂർ വർക്ക് ഔട്ട്.
എന്താവണമെന്ന് ആരു ചോദിച്ചാലും 'പൊലീസാവണം' എന്ന് ക്ഷണത്തിൽ മറുപടി പറഞ്ഞിരുന്ന ബാല്യം. സ്വപ്നങ്ങളുടെ ആ കനൽ ഊതിപ്പെരുപ്പിച്ച്, കാക്കിക്കുപ്പായത്തിലേക്ക് അഭിമാനപൂർവം അയാൾ നടന്നുകയറി. 33 വർഷത്തെ സേവനത്തിനുശേഷം പൊലീസിൽനിന്ന് പടിയിറങ്ങിയത് നിറഞ്ഞ സംതൃപ്തിയോടെ. നടനാവണമെന്ന മോഹവും ചെറുപ്പത്തിലേ ഉള്ളിലുറഞ്ഞുകിടന്നിരുന്നു. അവസരങ്ങളുടെ അഭാവവും ഒരേ അച്ചിൽ തീർത്ത കഥാപാത്രങ്ങളുമൊന്നും മനം മടുപ്പിച്ചില്ല. ഓരോ സിനിമയും പുതിയ പാഠങ്ങളും അനുഭവങ്ങളുമായി. ഇതുവരെയായി 220ലേറെ സിനിമകളിൽ മുഖം കാണിക്കാനായത് ഓരോ വേഷവും ചെറുതെങ്കിൽപോലും ആസ്വദിച്ച് ചെയ്യുന്നതിന്റെ ഫലമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
കൽപറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ, എസ്.കെ.എം.ജെ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. സ്കൂൾ കാലത്തുതന്നെ നാടകം, മോണോ ആക്ട്, പ്രച്ഛന്നവേഷം എന്നിവയിലൊക്കെ സജീവമായിരുന്നു. കൽപറ്റ റാട്ടക്കൊല്ലിയിലെ കുഞ്ഞമ്മദ്-ഫാത്തിമ ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമന് കലാകായിക പ്രവർത്തനങ്ങൾക്കൊക്കെ മാതാപിതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കണമെന്ന മോഹം കുട്ടിക്കാലത്തുതന്നെ മനസ്സിലുണ്ടായിരുന്നു. 1977ൽ 'രാജൻ പറഞ്ഞ കഥ' എന്ന സിനിമയുടെ ഷൂട്ടിങ് കൽപറ്റ പുളിയാർമല എസ്റ്റേറ്റിൽ (എം.പി. വീരേന്ദ്രകുമാറിന്റെ വീട്) നടക്കുമ്പോൾ അത് കാണാൻ പോയതാണ് സിനിമാജീവിതത്തിൽ വഴിത്തിരിവായത്. മണിസ്വാമിയായിരുന്നു സംവിധായകൻ. സുകുമാരൻ, സോമൻ, ജനാർദനൻ തുടങ്ങിയവർ അഭിനേതാക്കളും. അന്ന് ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ചില അഭ്യാസപ്രകടനങ്ങളൊക്കെ നടത്തി. തുടർന്ന് മണിസ്വാമി അടുത്തുവിളിച്ച് സംസാരിച്ചു. അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. പിറ്റേന്നുതന്നെ ചെല്ലാൻ പറഞ്ഞു. പൊലീസ് വേഷമായിരുന്നു. രാജനെ ഉരുട്ടുന്ന സീനായിരുന്നു ആദ്യം. കുതിരവട്ടം പപ്പുവേട്ടനൊപ്പം കോമ്പിനേഷൻ സീനൊക്കെ ഉണ്ടായിരുന്നു.
ആ സിനിമ കഴിഞ്ഞ് ഒമ്പതു വർഷം കഴിഞ്ഞാണ് അടുത്ത സിനിമയിൽ അഭിനയിക്കുന്നത്. ഓംപുരി നായകനായ 'പുരാവൃത്തം' ആയിരുന്നു അത്. 1992ൽ 'ജോണിവാക്കർ' എന്ന മമ്മൂട്ടിച്ചിത്രത്തിലെ വേഷമാണ് നടനെന്ന നിലയിൽ അബുസലീമിനെ കൂടുതൽ അടയാളപ്പെടുത്തിയത്. പിന്നീട് 'ആയുഷ്കാലം', 'സാദരം', 'ബോക്സർ', 'പിൻഗാമി', 'വേഷം', 'പ്രജാപതി' തുടങ്ങിയ ഒരുകൂട്ടം സിനിമകൾ. മലയാളത്തിനുപുറമെ തെലുങ്കിൽ പത്തും തമിഴിൽ നാലും സിനിമകളിൽ അഭിനയിച്ചു. കന്നടയിൽ, അന്തരിച്ച പുനീത് രാജ്കുമാറിനൊപ്പം 'അജയ്യ' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടു ഹിന്ദി സിനിമകളിലും മുഖംകാണിച്ചു.
അതിനിടെ, അമൽ നീരദിന്റെ 'ഭീഷ്മപർവം' സിനിമ അതുവരെ അബുസലീം എന്ന നടനിൽ മലയാള സിനിമാലോകം അടയാളപ്പെടുത്തിയ ക്ലീഷേയായ ചമയങ്ങൾ അഴിച്ചുമാറ്റി. സിനിമയിൽ മമ്മൂട്ടിയെന്ന മൈക്കിളപ്പന്റെ സന്തതസഹചാരിയായ 'ശിവൻ കുട്ടി' കുടുംബവുമൊത്ത് സുൽത്താൻ ബത്തേരിയിലെ മിന്റ് സിനിമാസിൽ 'ഭീഷ്മപർവം' കാണാൻപോകുന്നു. സിനിമ തുടങ്ങി ആദ്യസീനിൽ ശിവൻകുട്ടി ഡയലോഗ് പറഞ്ഞതിനുപിന്നാലെ മൂന്നര വയസ്സുള്ള അസ്‍ലാൻ ഉറക്കെ പറഞ്ഞതിങ്ങനെ: 'ഉപ്പ ഇതിൽ ഗുഡ് ആണ് അല്ലേ..?' സ്ഥിരം വില്ലൻ വേഷങ്ങളിൽനിന്ന്, ശ്രദ്ധിക്കപ്പെടുന്ന കാരക്ടർ റോളിലേക്കുള്ള മാറ്റം പേരക്കുട്ടിപോലും പെട്ടെന്ന് പിടിച്ചെടുത്തെന്ന് അബുസലീം. ഇപ്പോൾ കാരക്ടർ റോളുകളിലേക്കുള്ള അന്വേഷണങ്ങളേറെ.
'ജോണിവാക്കർ' മുതൽ മമ്മൂട്ടിയുമായി മൊട്ടിട്ട ആത്മബന്ധത്തെ ഏറെ വിലമതിക്കുകയാണ് അബുസലീം. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. കറകളഞ്ഞ മനുഷ്യസ്നേഹി എന്നതാണ് മമ്മൂട്ടിയിൽ താൻ കണ്ട ഏറ്റവും വലിയ സവിശേഷതയെന്ന് അബുസലീം പറയുന്നു. പിന്നെ അദ്ദേഹവുമായി ഒരു 'കൊടുക്കൽ വാങ്ങൽ' കൂടിയുണ്ട്. 'ഫിറ്റ്നസിന്റെ കുറെ പൊടിക്കൈകൾ മമ്മൂക്കക്ക് ഞാൻ പറഞ്ഞുകൊടുക്കും. പകരം അദ്ദേഹത്തിന്റെ ഭക്ഷണരീതികൾ ഞാനും ചോദിച്ചുമനസ്സിലാക്കും.'
ഉമ്മുകുൽസുവാണ് ഭാര്യ. സാനുവും സബിതയും മക്കൾ. പിതാവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സാനുവും അഭിനയ രംഗത്തുണ്ട്. 'ചെമ്പട', 'കുരുക്ഷേത്ര', 'ദ ട്രെയിൻ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ച സാനു ഇപ്പോൾ ഖാലിദ് റഹ്മാന്റെ 'തല്ലുമാല' എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.