നെഗറ്റീവ് സിനിമാ നിരൂപണങ്ങൾ വലിയ വിവാദമാകുമ്പോൾ അഞ്ച് വർഷത്തിന് ശേഷം സ്വന്തം സിനിമയുടെ റിവ്യൂവുമായി സംവിധായകൻ അരുൺ ജോർജ്. ആദ്യത്തെ പതിനഞ്ച് മിനിറ്റ് ഓഡിയൻസുമായി കണക്റ്റ് ചെയ്യാൻ പറ്റിയിട്ടില്ലെന്നും കുറെ സീനിൽ ക്രിഞ്ചടിച്ചെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ തനിക്ക് ഇഷ്ടപ്പെട്ട കുറെ സീനുകൾ ചിത്രത്തിലുണ്ടെന്നും അരുൺ കുറിപ്പിൽ പറയുന്നു.
'ഇന്നലെ ഞങ്ങളുടെ ലഡു മലയാളം സിനിമയുടെ അഞ്ചാം വാർഷികമായിരുന്നു. രാത്രി പ്രൈം വിഡിയോയിൽ ഇരുന്നു കണ്ടു. കുറെ സീനിലൊക്കെ ക്രിഞ്ച് അടിച്ച് അയ്യേ എന്ന് തോന്നി, പ്രത്യേകിച്ച് ചില ഡയലോഗുകൾ. ആ ഡയലോഗ് ഇല്ലെങ്കിലും കൺവേ ആകുമായിരുന്ന കുറച്ച് സീനുകളുണ്ട്.
ആദ്യത്തെ പതിനഞ്ച് മിനിറ്റ് ഓഡിയൻസുമായി കണക്റ്റ് ചെയ്യാൻ പറ്റിയിട്ടില്ല, അതാണ് എനിക്ക് പറ്റിയ തെറ്റ് എന്ന് തോന്നുന്നു. ശരിക്കും ആ സീനുകൾ ഒഴിവാക്കിയാലും ടോട്ടൽ പടത്തിന് ഒന്നും സംഭവിക്കില്ല എന്ന് തോന്നി. എന്നാൽ കുറെ സീനുകൾ ഇപ്പോഴും ഫേവറിറ്റ് ആണ്. നായികയെ ഒമിനിയിൽ നിന്നും ഇറക്കിവിടുന്നത് മുതൽ സ്പ്ലിട്ട് സ്ക്രീനിലെ വിരഹഗാനവും കടന്ന് എല്ലാവരും ചേർന്ന് അവളുടെ വീട്ടിൽ അടിയുണ്ടാക്കാൻ ചെന്നിട്ട് കോടതിയിലെ വടിവാൾ ടോണി സീൻ വരെ എനിക്കിപ്പോഴും ഫേവറിറ്റ് ആണ്. മൊത്തത്തിൽ എഡിറ്റിൽ ഇരുന്നു കണ്ട് കണ്ട് എന്റെ ജഡ്ജ്മെന്റ് പോയതാണെന്ന് വിശ്വസിക്കുന്നു.
പിന്നെ അടുത്ത പരിപാടികൾ ഒന്നും ഇതുവരെ ഓൺ ആയിട്ടില്ല, ഈ അഞ്ച് കൊല്ലത്തിനിടെ ആറ് സ്ക്രിപ്റ്റുകൾ വർക്ക് ചെയ്തു, മീറ്റിങ്ങിനും ചർച്ചകൾക്കും അപ്പുറത്തേക്ക് ഒന്നും മുന്നോട്ട് നീങ്ങിയിട്ടില്ല. കിട്ടുന്ന പോസ്റ്റാണെങ്കിൽ ട്രാൻസ്‌ഫോർമർ മുതൽ 11KV സബ്സ്റ്റേഷൻ വരെ ആകാവുന്ന റേഞ്ചിലുള്ള പോസ്റ്റുകൾ ആയതുകൊണ്ട് ധനനഷ്ടവും സാമ്പത്തികനഷ്ടവും വേറെ, അത്യാവശ്യം വരുമാനമുള്ള മറ്റൊരു ജോലിയുള്ളത്കൊണ്ട് ചെറിയൊരു മടിയും ഉണ്ട്. എന്നാലും ചില ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നു. നടന്നാൽ നടന്നു' -അരുൺ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
2018 ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് ലഡു. വിനയ് ഫോർട്ട് , ശബരീഷ് വർമ്മ , ബാലു വർഗീസ്, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ എന്നിവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്. ഗായത്രി അശോകായിരുന്നു നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.