വിജയ് സേതുപതിക്ക് ഒരുപാട് ആരാധകരെ നേടികൊടുത്ത ചിത്രമാണ് 'സേതുപതി'. ചിത്ത, വീര ധീര സൂരൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അരുണ്‍ കുമാരറിന്‍റെ ആദ്യ ചിത്രമായിരുന്നു സേതുപതി. ചിത്രത്തിലെ ഒരു രംഗത്തെ പറ്റി സംസാരിക്കുകയാണ് അരുൺ കുമാറിപ്പോൾ. സിനിമയിലെ പൊളിറ്റിക്കലി ഇൻകറക്ടായി തോന്നിയ ഒരു രംഗത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
ചിത്രത്തിൽ നായകൻ നായികയെ തല്ലുന്ന രംഗം പൊളിറ്റിക്കലി ഇൻകറക്‌ടായി പോയെന്ന് അരുൺ പറഞ്ഞു. അന്ന് ആ തെറ്റ് മനസിലാക്കാനുള്ള വിവരം തനിക്കില്ലായിരുന്നു എന്നും തിരിച്ചറിഞ്ഞതിനുശേഷം കരുതലെടുക്കാറുണ്ടെന്നും എസ്.എസ്.മ്യൂസിക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അരുൺ പറഞ്ഞു.
'സേതുപതിയിൽ പൊളിറ്റിക്കലി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ആ സിനിമയിൽ രമ്യ നമ്പീശൻ ഒരു കാര്യം പറയുന്നുണ്ട്. അവൻ അടിച്ചാലും കുറച്ചുകഴിയുമ്പോൾ എന്റെ അടുത്ത് വന്ന് കൊഞ്ചും. അപ്പോൾ ഞാൻ ഇവിടെ ഉണ്ടാവണം എന്ന്. അത് തെറ്റാണ്. ആ സീൻ പെൺകുട്ടികൾ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ആയി വയ്ക്കാൻ തുടങ്ങിയതാണ് എന്നെ വളരെയധികം പേടിപ്പിച്ചത്. എനിക്ക് അതിൽ ഖേദമുണ്ട്. അതിൽ ക്ഷമ ചോദിക്കാനെ എനിക്ക് കഴിയൂ.
ഇനി വരുന്ന എന്‍റെ മറ്റ് സിനിമകളിൽ അത് വരാതെയിരിക്കാൻ ബോധപൂർവമായി തന്നെ ശ്രമിക്കും. ആ സിനിമയിൽ കുട്ടി ഗൺ എടുക്കുന്ന സീനിൻ രമ്യ നമ്പീശൻ പെട്ടെന്ന് കുട്ടിയുടെ കയ്യിൽ നിന്നും തോക്ക് പിടിച്ചു വാങ്ങുന്നുണ്ട്. ഒരു കുഞ്ഞിന്‍റെ കയ്യിൽ ആയുധം കൊടുക്കാൻ പാടില്ല എന്ന് തിരിച്ചറിവുണ്ടായിരുന്ന എനിക്ക് ഈ കാര്യം തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. റിലേഷൻഷിപ്പിൽ 2 പേരും തുല്യരാണെന്ന് ചിന്തിക്കാനുള്ള തിരിച്ചറിവ് ഉണ്ടായിരുന്നില്ല.
എങ്ങനെയാണെങ്കിലും ഞാൻ ഒരു ആൺ ആണ്. ഞാൻ ഒരു സ്ത്രീയെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു 10 സ്ത്രീകളുടെ അടുത്തെങ്കിലും പോയി അത് ശരിയാണോ എന്ന് ചോദിച്ചിരിക്കണം. ആ സ്ത്രീകൾ പൊളിറ്റിക്കലി കറക്ട് ആയ ഐഡിയോളജി ഉള്ള സ്ത്രീകളായിരിക്കണം.
ഇങ്ങനെ വാട്ട്സ് ആപ്പ് സ്റ്റേറ്റസ് ഇടുന്ന പെൺകുട്ടികളാണെങ്കിൽ പിന്നെ കാര്യമില്ല. അവരെ കുറ്റം പറയാൻ നമുക്ക് പറ്റില്ല. കാരണം അവർ വളർന്നു വന്ന സാഹചര്യവും മറ്റുമാണ് അത് തീരുമാനിക്കുന്നത്. ചിത്താ എന്ന സിനിമ എഴുതിയതിന് ശേഷമാണ് പൊളിറ്റിക്കലി തെറ്റായ ഒരു സ്റ്റേറ്റ്‌മെന്റ്റ് നമ്മൾ പറയാൻ പാടില്ല എന്നൊരു ബോധ്യം എനിക്ക് തോന്നി തുടങ്ങിയത്. ഇതിന് ശേഷവും എന്റെ കയ്യിൽ നിന്നും ഇത്തരം ഒരു തെറ്റ് വീണ്ടും സംഭവിച്ചാൽ അതും തെറ്റ് തന്നെയാണ്. അടുത്ത പടത്തിൽ ഞാൻ അത് തിരുത്തും. എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ചാൽ അതൊരിക്കലും തിയറ്ററിൽ കയ്യടി വാങ്ങാൻ വേണ്ടി ഞാൻ എഴുതിയതായിരിക്കില്ല,' അരുൺ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.