പരിസ്ഥിതിക്ക് ദോഷമാകരുതെന്ന് കരുതി കുട്ടികൾ വേണ്ടെന്നുവെക്കുന്നവർ വരെ ഈ ഭൂമിയിലുണ്ടത്രെ.. ! സുസ്ഥിരമായും പരിസ്ഥിതിബോധത്തോടെയും ജീവിക്കുന്നതിന് പാരന്റിങ് തടസ്സമാകുമോ എന്ന ആശങ്ക കാരണം താൻ കുട്ടികൾ വേണ്ടെന്നുവെച്ചിരുന്നതായി ബോളിവുഡ് നടി റിച്ച ഛദ്ദ. ‘ഇക്കോ-ആങ്സൈറ്റി’ എന്ന് വിശേഷിക്കപ്പെടുന്ന ആ മാനസികാവസ്ഥയിൽ നിന്ന് ഇപ്പോൾ മുക്തയായെന്നും, അടുത്ത നാൾ പെൺകുഞ്ഞിന് ജന്മം നൽകിയ റിച്ച ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. തന്റെ ജീവിത പങ്കാളി അലി ഫസലും ഇതുപോലെ പരിസ്ഥിതി സൗഹൃദ ജീവിതം കൊതിക്കുന്നയാളാണെന്നും അവർ പറയുന്നു.
ആഗോളതാപനം മൂലമുള്ള പരിസ്ഥിതി ദുരന്തങ്ങൾ ഏറെയുണ്ടാകുന്ന ബ്രസീൽ, ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ 50 ശതമാനത്തിലേറെ രക്ഷിതാക്കളിൽ പല വിധത്തിലുള്ള ‘ഇക്കോ-ആങ്സൈറ്റി’ കാണുന്നതായി ‘ദ ലാൻസെറ്റ്’ നടത്തിയ സർവേ അവകാശപ്പെടുന്നു. ആശങ്കജനകമായ ഭാവിയിൽ കുട്ടികളുടെ അവസ്ഥ എന്താകുമെന്ന് പലരും ആകുലപ്പെടുന്നു.
‘‘കുട്ടികളുണ്ടാവുന്നതിന് ഒരു വർഷം വരെ ഞാൻ എതിരായിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് അതിന് പ്രധാന കാരണം. ഏറ്റവും ചൂടുള്ള വർഷമാണിത്. അടുത്ത വർഷം ഏറ്റവും തണുപ്പുള്ളതായിരിക്കാനും സാധ്യത. പരിസ്ഥിതിയെക്കുറിച്ച് ആലോചിച്ച് എഴുന്നേൽക്കുകയും ഉറങ്ങാൻ കിടക്കുകയും ചെയ്യുന്ന എന്നെപ്പോലുള്ളവർക്ക് ‘ഇക്കോ-ആങ്സൈറ്റി’ എന്നത് ഒരു യാഥാർഥ്യമാണ്.’’ - ‘വോഗ് ഇന്ത്യ’യുമായി നടത്തിയ അഭിമുഖത്തിൽ റിച്ച വിശദീകരിക്കുന്നു.
പരിസ്ഥിതിയോട് ഉത്തരവാദിത്തമില്ലാത്ത പാരന്റിങ് എങ്ങനെയാണ് ഭൂമിക്ക് ദോഷമാകുന്നതെന്നും അവർ വിവരിക്കുന്നുണ്ട്. ‘‘കുഞ്ഞിനുവേണ്ടിയെന്ന് പറഞ്ഞ്, പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഡയപ്പറുകൾ മുതൽ അനേകം സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ഇഷ്ടപ്പെടുന്ന ഒരു റോബാട്ടിക് കൺസ്യൂമർ അല്ല ഞാൻ. അങ്ങനെ വാങ്ങി നിറക്കുന്ന പ്ലാസ്റ്റിക്കെല്ലാം അവസാനം എത്തിപ്പെടുന്നത് കടലിലും. കുഞ്ഞിനായാലും ഒറ്റത്തവണ പ്ലാസ്റ്റിക് വാങ്ങി ഉപയോഗിക്കരുതെന്ന് അലി ഫസലിനും നിർബന്ധമാണ്.’’ -റിച്ച വ്യക്തമാക്കുന്നു.
സുസ്ഥിര പാരന്റിങ് ശൈലി പിന്തുടരുന്ന സുഹൃത്തും നടിയുമായ ദിയ മിർസയിൽ നിന്ന് വിവിധ പരിസ്ഥിതി സൗഹൃദ ശീലങ്ങൾ താൻ പകർത്തിയെന്നും അവർ പറയുന്നു. ദിയയും സോഹ അലി ഖാനും ഉപയോഗിച്ച വസ്തുക്കൾ അവരിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്. ഇങ്ങനെ വിവിധ പാരന്റിങ് ഉൽപന്നങ്ങൾ റീയൂസ് ചെയ്ത് ഉപയോഗിക്കുന്ന മനോഹരമായ ഒരു പെൺസമൂഹം നമുക്കു ചുറ്റിലുമുണ്ട്. അവരത് വിളിച്ചുപറയുന്നില്ലെന്നു മാത്രം. എല്ലാവർക്കും ഇത് പകർത്താവുന്നതാണ് -റിച്ച തുടരുന്നു.
പങ്കുവെക്കാം: പരിസ്ഥിതി സൗഹൃദ പാരന്റിങ് പരിശീലിക്കാൻ താൽപര്യമുള്ളവരുടെ കൂട്ടായ്മ ഉണ്ടാക്കാം. ഇതു വഴി കുട്ടിയുടുപ്പുകൾ മുതൽ പാവകൾ വരെ പങ്കുവെക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.