നടൻ ആമിർ ഖാന് കനത്ത പരാജയം സമ്മാനിച്ച ചിത്രമായിരുന്നു 2022 ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദ. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായിരുന്നു ഇത്. കരീന കപൂറായിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് കരീന കപൂർ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ലാൽ സിങ് ഛദ്ദയുടെ പരാജയം ഏറ്റവും കൂടുതൽ തളർത്തിയത് നടൻ ആമിർ ഖാനെയായിരുന്നുവെന്നാണ് കരീന പറയുന്നത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ നടത്തിയ അഭിനേതാക്കളുടെ റൗണ്ട്ടേബിൾ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'വളരെ മനോഹരവും സത്യസന്ധമായും ചെയ്തൊരു സിനിമയായിരുന്നു 'ലാൽ സിങ് ഛദ്ദ'. സിനിമയുടെ പരാജയം ആമിറിനെ തകർത്തു കളഞ്ഞു. ലാൽ സിങ് ഛദ്ദയുടെ റിലീസിന് ശേഷം ഒരു പരിപാടിയിൽ വെച്ച് ഞാൻ ആമിറിനെ കണ്ടിരുന്നു. അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചത് നടത്തിയത് ഇങ്ങനെയാണ്' നമ്മുടെ ചിത്രം വിചാരിച്ചത് പോലെ പ്രവർത്തിച്ചില്ല. നീ എന്നോട് സംസാരിക്കുമല്ലോ' എന്ന്.
ഞാൻ വളരെ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് ലാൽ സിങ് ഛദ്ദയിലെ രൂപയുടേത്. ആ കഥാപാത്രത്തിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നുണ്ട്. വളരെ ആസ്വദിച്ചാണ് ഓരോ ഭാഗവും ചെയ്തത്. ഒരിക്കലും 500 കോടി നേടുമെന്ന ചിന്തയിൽ അല്ല ഞങ്ങൾ ലാൽ സിങ് ഛദ്ദ ചെയ്തത്. എല്ലാവരും അവരവരുടെ ബെസ്റ്റ് നൽകിയ സിനിമയാണത്'-കരീന കപൂർ പറഞ്ഞു.
ആമിറിനും കരീനക്കുമൊപ്പം നാഗ ചൈതന്യ, മോണ സിംഗ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നടൻ അതുൽ കുൽക്കർണിയായിരുന്നു 'ഫോറസ്റ്റ് ഗമ്പി'ന്റെ തിരക്കഥ ഹിന്ദിയിലേക്ക് എഴുതിയത്. ലാൽ സിങ് ഛദ്ദക്ക് ശേഷം ആമിർ ഖാൻ അഭിനയിച്ച ചിത്രങ്ങളൊന്നും തിയറ്ററുകളിലെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.