ബോളിവുഡ് താരം ആമിർ ഖാനെ ആദ്യമായി നേരിൽ കണ്ട നിമിഷത്തെക്കുറിച്ച് ജയജയജയ ജയഹേ എന്ന ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ്. സാധനം വാങ്ങാൻ കടയിൽ നിന്നപ്പോഴാണ് ആദ്യമായി ആമിർ ഖാന്റെ സന്ദേശം ലഭിച്ചതെന്നും ജീവിതത്തിലെ അമൂല്യമായ നിമിഷമാണ് അദ്ദേഹത്തെ നേരിൽ കണ്ടതെന്നും വിപിൻ ദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
'ഒരു ദിവസം കുഞ്ഞുനഗരത്തിലുള്ള ഫിലിം മേക്കർ അടുത്തുള്ള ചെറിയ കടയിൽ നിന്ന് പലചരക്കുസാധനങ്ങൾ വാങ്ങുമ്പോഴാണ് തന്റെ ചെറിയ ചിത്രമായ ജയജയജയ ജയഹേയെക്കുറിച്ചുള്ള ഒരു സന്ദേശം ലഭിക്കുന്നത്. അതും താൻ ആരാധിക്കുന്ന ഒരു സൂപ്പർ താരത്തിൽ നിന്ന്. ആകാശത്ത് നിന്ന് നക്ഷത്രങ്ങൾ താഴേക്ക് വരുന്നതായി തോന്നി. പിന്നെ അദ്ദേഹം ഫോണിൽ വിളിച്ചു. ഹായ് വിപിൻ, ഇത് ആമിർ ഖാൻ ആണ് എന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ നിമിഷം ആദ്യത്തെ ഹൃദയാഘാതം അതിജീവിച്ചതായി തോന്നി.
പിന്നീട് അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടപ്പോൾ എന്റെ മുഴുവൻ ജീവിതം കണ്ണിലൂടെ മിന്നിമറഞ്ഞു പോയി. അതിന് ശേഷമുളള ഞങ്ങളുടെ ഓരോ കൂടിക്കാഴ്ചയും പങ്കിട്ട കഥകളും സിനിമയും എനിക്ക് എന്നും വിലപ്പെട്ടതാണ്. എന്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും അദ്ദേഹം എപ്പോഴും കാണിക്കുന്ന കരുതലും എന്നോടുള്ള സൗഹൃദവും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത കാര്യമാണ്, അത് എക്കാലവും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആമിർ സാർ നിങ്ങളുടെ സ്നേഹത്തിന് നന്ദി. ഈ നന്ദി എന്റെ ടീമുമായും ജയ ഹേയുടെ ആരാധകരുമായും പങ്കുവെക്കുന്നു. എല്ലാവർക്കും നന്ദി'- വിപിൻ കുറിച്ചു.
ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജയജയജയ ജയഹേ. വ്യത്യസ്ത സ്വഭാവത്തിലുള്ള രണ്ട് വ്യക്തികള്‍ വിവാഹം കഴിക്കുന്നതും പിന്നീടുളള അവരുടെ ജീവിതവുമാണ് സിനിമ പറയുന്നത്. 2022 സെപ്റ്റംബർ 28 ന് പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.