തനിക്കും ഡിസ് ലെക്സിയ എന്ന രോഗം ഉണ്ടായിരുന്നതായി നടൻ ആമിർ ഖാന്റെ മകനും നടനുമായ ജുനൈദ് ഖാൻ. പിതാവിന്റെ ചിത്രമായ താരേ സമീന്‍ പര്‍ എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോഴാണ് തന്റെ പ്രശ്നം മാതാപിതാക്കൾക്ക് മനസിലായതെന്നും ഉടൻ തന്നെ സ്പെഷ്യലിസ്റ്റിന്റെ സഹായം തേടിയെന്നും ജുനൈദ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചെറുപ്പത്തിൽ തന്നെ പ്രശ്നങ്ങൾ കണ്ടെത്തിയതുകൊണ്ട് മുതിർന്നപ്പോൾ ആ അവസ്ഥ തന്നെയധികം ബാധിച്ചില്ലെന്ന് താരം കൂട്ടിച്ചേർത്തു.
'എനിക്ക് ആറ് വയസുള്ളപ്പോഴാണ് ഡിസ്‌ലെക്സിയ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ മാതാപിതാക്കൾ സ്പെഷ്യലിസ്റ്റിന്റെ സഹായം തേടി, എന്നെ നല്ലതുപോലെ ശ്രദ്ധിച്ചു. അതിനാൽ സ്കൂൾ വിദ്യാഭ്യാസത്തിലും മറ്റും എനിക്ക് ഇതുകൊണ്ട് അധികം ബുദ്ധിമുട്ട് ഉണ്ടായില്ല.താരേ സമീന്‍ പര്‍ എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോഴാണ് അച്ഛനും അമ്മക്കും എന്റെ അവസ്ഥയെക്കുറിച്ച് മനസിലായത്. അങ്ങനെയാണ് ഒരു സ്പെഷ്യലിസ്റ്റിന്റെ അടുത്തേക്ക് കൊണ്ടുപോയത്'- ജുനൈദ് കൂട്ടിച്ചേർത്തു.
2007ല്‍ ആണ് താരേ സമീന്‍ പര്‍ എന്ന ചിത്രം പുറത്തെത്തുന്നത്. ഡിസ്‌ലെക്‌സിയ ബാധിച്ച ഇഷാന്‍ എന്ന കുട്ടിയുടെ ജീവിതം പറയുന്നതായിരുന്നു ചിത്രം. ഡിസ്‌ലെക്‌സിയയെ തുടര്‍ന്ന് ഇഷാന്‍ അനുഭവിക്കുന്ന പ്രയാസങ്ങളും, മതാപിതാക്കളോ മറ്റു അധ്യാപകരോ തിരിച്ചറിയാതിരുന്ന ഈ അസുഖം പുതുതായി വന്ന അധ്യാപകന്‍ മനസ്സിലാക്കി പഠനവൈകല്യത്തില്‍ നിന്ന് ഇഷാനെ മോചിപ്പിക്കുന്നതും അവനിലെ പ്രതിഭയെ കണ്ടെത്തുന്നതുമാണ് ചിത്രത്തിന്റെ കഥ. ആമിര്‍ ഖാന്‍ ആണ് അധ്യപകന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.2008ലെ ഏറ്റവും നല്ല സിനിമക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം താരെ സമീന്‍ പര്‍ നേടി. കൂടാതെ ഡല്‍ഹി സര്‍ക്കാര്‍ ഈ ചിത്രത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ആമിർ ഖാൻ- റീന ദത്ത ദമ്പതിളുടെ മകനാണ് ജുനൈദ് ഖാൻ.1986 ൽ വിവാഹിതരായ ഇവർ 2002 ൽ വേർപിരിഞ്ഞു. ഇറ ഖാൻ എന്നൊരു മകളും ഇവർക്കുണ്ട്. ജനൈദ് സിനിമയിൽ സജീവമാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.