കനി കുസൃതി ഇവിടെയുണ്ടായിരുന്നു; നാടക നടിയായി, മോഡലായി, ഹ്രസ്വചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായി... ഇപ്പോഴിതാ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കനിയെ തേടിയെത്തിയിരിക്കുന്നു. സജിൻ ബാബുവിെൻറ ബിരിയാണി എന്ന സിനിമയിൽ 'ഖദീജ'യെന്ന സാധാരണക്കാരിയുടെ ജീവിതം അവതരിപ്പിച്ചതിനാണ് പുരസ്കാരം. ഇതിനകം ഒട്ടേറെ അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് ബിരിയാണി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നാടകവേദിയിൽ നിന്ന് കിട്ടിയ ഊർജം സിനിമയിലേക്ക് പകർന്നപ്പോൾ കിട്ടിയ അവിസ്മരണീയ നേട്ടത്തിെൻറ സന്തോഷത്തിലാണ് കനി കുസൃതി. വേറിട്ട ജീവിതവും ചിന്തയും കടന്നുവന്ന വഴികളും കനി കുസൃതി 'വാരാദ്യ മാധ്യമ'വുമായി പങ്കുവെക്കുന്നു.
അഭിനയ മേഖലയിൽ 20 വർഷമായി. ആദ്യമായി നാടകവേദിയിൽ കയറിയത് 15ാം വയസ്സിലാണ്. അച്ഛെൻറയും അമ്മയുടെയും പരിചയത്തിലെ നാടകസംഘം അഭിനേതാവിനെ തേടിയെത്തിയപ്പോൾ 'നീ പോയി അഭിനയിച്ചുനോക്ക്' എന്ന് അമ്മ പറഞ്ഞു. അവരെ സഹായിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. അഭിനയിക്കണമെന്ന് താൽപര്യമില്ലാതിരുന്നിട്ടും അങ്ങനെയാണ് 'അഭിനയ' നാടകസംഘത്തിലെ നടിയായത്. വ്യവസ്ഥിതിയെ ചോദ്യംചെയ്യുന്ന 'പ്രഹസനം' ആക്ഷേപഹാസ്യമായിരുന്നു.
ഇന്ത്യയിൽ പലയിടങ്ങളിൽ അനേകം വേദികളിൽ നാടകം കളിച്ചു. 2003ൽ ദീപൻ ശിവരാമെൻറ 'കമല' നാടകം ചെയ്തുകൊണ്ടിരിക്കേയാണ് സിനിമയിലേക്ക് അവസരം വന്നത്. 17 വയസ്സ് ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്ന് അഭിനയിക്കാൻ പോയെങ്കിലും അത്ര സുഖകരമായ അനുഭവമായിരുന്നില്ല. അതിനുശേഷം കുറെ വർഷങ്ങളിൽ സിനിമ അവസരങ്ങൾ വന്നെങ്കിലും അവ ഒഴിവാക്കുകയായിരുന്നു. കുടുംബ സൃഹൃത്തായിരുന്ന സംവിധായകൻ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'അന്യർ' എന്ന സിനിമയിൽ പിന്നീട് ചെറിയ വേഷം ചെയ്തു.
2005ഓടെയാണ് നാടകവുമായി അടുപ്പം തുടങ്ങുന്നത്. നാടകാഭിനയം വളരെ ഗൗരവമായെടുത്തു തുടങ്ങിയപ്പോഴാണ് തൃശൂരിൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നത്. അന്ന് അവിടെ വളരെ കുറച്ച് പെൺകുട്ടികളേ ഉണ്ടായിരുന്നുള്ളൂ. പാരിസിലെ ഫിസിക്കൽ തിയറ്റർ സ്കൂളായ ജാക്വസ് ലെക്കോക്കിലും നാടകപരിശീലനം നേടി. 2010വരെയായിരുന്നു പഠനം. ഒരുപാട് നാടകങ്ങൾ പല ഭാഷകളിലായി അഭിനയിച്ചു. മത്സര നാടകങ്ങളിൽ ശ്രദ്ധിച്ചിരുന്നില്ലെന്നതായിരുന്നു വാസ്തവം.
ഒരുപാട് അഭിനന്ദനങ്ങൾ പ്രമുഖ നടന്മാരിൽനിന്നും നാടകാചാര്യന്മാരിൽ നിന്നുണ്ടായിട്ടുണ്ട്. അത് അംഗീകാരമായി കരുതുന്നു. ഇന്ത്യൻ നാടകവേദിയിലെ അതികായനായ ഹബീബ് തൻവീറിൽ നിന്ന് അഭിനന്ദനം ലഭിച്ചത് നിധിയായി കരുതുന്നു. ഹിന്ദിയിലെ പ്രമുഖനടൻ ശശികപൂറിെൻറ അഭിനന്ദനവും വിലപ്പെട്ടതാണ്. രാധിക ആപ്തേ ഉൾപ്പെടെ പ്രമുഖ സിനിമ-നാടക നടിമാരുമായുള്ള സൗഹൃദം തുടരുന്നുണ്ട്.
സിനിമയുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് രണ്ടാംവരവ്.16-17 വയസ്സിൽ ഒട്ടേറെ ആശങ്കളോടെയാണ് സിനിമയെ സമീപിച്ചിരുന്നത്. എന്തൊക്കെ പറയണം, എന്തൊക്കെ പറയാൻ പാടില്ല എന്ന ആശങ്ക അലട്ടിയിരുന്നു. ഇതിെൻറ ഭാഗമായുണ്ടായ മാനസിക വൈഷമ്യങ്ങളാണ് സിനിമയിൽനിന്ന് അകറ്റിയത്. എന്നാൽ, 25 വയസ്സിൽ സിനിമയിൽ തിരിച്ചെത്തുേമ്പാൾ എന്തും തുറന്നുപറയാൻ പഠിച്ചിരുന്നു. എങ്കിലും പിടിച്ചുനിൽക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടിവന്നു. 2009ൽ 'കേരള കഫേ'യിൽ ചെറുവേഷം ചെയ്തു. മൂന്നുനാലു സിനിമകളിലും അവസരം ലഭിച്ചു. കുറച്ച് ഷോർട്ട് ഫിലിമുകളും ചെയ്തു.
വ്യത്യസ്ത അനുഭവങ്ങളാണ് രണ്ടിനും. ഞാൻ ആസ്വദിക്കുന്നതും പൂർണ അനുഭവം തരുന്നതും നാടകത്തിെൻറ അരങ്ങും അണിയറയും തന്നെയാണ്. സെറ്റും വേഷവിധാനങ്ങളും അടുക്കളയും ഒക്കെയായി ക്യാമ്പിെൻറ അനുഭവം വേറെത്തന്നെയാണ്. അതേസമയം, അഭിനയത്തിൽ വെല്ലുവിളികളും ഏറെയുണ്ട്. നാടകത്തിലെ കഥാപാത്രത്തോടുള്ള ഇൻവോൾവ്മെൻറ് പത്തും നൂറും ഇരുന്നൂറും സ്റ്റേജുകളിൽ തുടരുക എന്നത് എളുപ്പമല്ല. സിനിമയിലാണെങ്കിൽ ആ ഇൻവോൾവ്മെൻറ് ഒരൊറ്റ ടേക്കിൽ ഒതുങ്ങും. ഷോർട്ട്ഫിലിമുകളൊക്കെ താരതമ്യേന എളുപ്പമാണ്.
കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലാണ് ഷോർട്ട് ഫിലിമുകൾ എല്ലാം ചെയ്തിട്ടുള്ളത്. പലതിനും പല അവാർഡുകളും കിട്ടിയിട്ടുണ്ട്. 'മാ' എന്ന തമിഴ് ഷോർട്ട് ഫിലിമിന് അഭിനയത്തിന് ക്രിട്ടിക്സ് ചോയ്സ് അവാർഡ് കിട്ടിയിരുന്നു. ഹിന്ദി ഷോർട്ട് ഫിലിം 'കൗണ്ടർഫീറ്റ് കുങ്കു'വിന് പല അവാർഡുകളും ലഭിച്ചിട്ടുണ്ട്.
ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ഇഷ്ടം. ആക്ഷേപഹാസ്യ നാടകമായിരുന്നു ആദ്യമായി അവതരിപ്പിച്ചത്. ഒടുവിൽ ചെയ്ത 'ഡിസ്ക്രീറ്റ് ചാം ഓഫ് സവർണാസ്' എന്ന ലഘുചിത്രത്തിലും അഭിനയിക്കാൻ കാരണം കോമഡിയായിരുന്നു എന്നതാണ്.
സമാന്തര സിനിമകളിലെ സജീവ സാന്നിധ്യം
ആ ഇമേജ് എങ്ങനെ വന്നുചേർന്നു എന്നറിയില്ല. ഇപ്പോൾ ഉള്ളവരും നേരേത്ത സജീവമായിരുന്നവരുമായ 80 ശതമാനം മുഖ്യധാര സംവിധായകരോടും ചോദിച്ചാൽ അറിയാം, ചാൻസ് ചോദിച്ച് എത്രയോ തവണ വിളിച്ചിട്ടുണ്ടെന്ന്. കഴിഞ്ഞ ആറോ ഏഴോ വർഷമായി അത്തരത്തിൽ ശ്രമം ഞാൻ നടത്തിയിരുന്നു. 'കനിയെ എനിക്കറിയില്ലേ, ചാൻസ് വരുേമ്പാൾ അറിയിക്കാം' എന്നായിരുന്നു മിക്കവരുടെയും മറുപടി. അത് ആരുടെയും കുറ്റമായി പറയുകയല്ല. സമാന്തര സിനിമകൾ എന്നിലേക്ക് വന്നുചേർന്നതാണ്.
ഞാൻ ആക്ടിവിസ്റ്റല്ല. മറിച്ചുപറഞ്ഞാൽ യഥാർഥ ആക്ടിവിസ്റ്റുകൾ എന്നെ തല്ലും. തൊഴിലിടങ്ങളിൽ എെൻറ നിലപാട് പറഞ്ഞിട്ടുണ്ട്. അല്ലാതെ പണി എടുത്തിട്ടില്ല. പണി എടുക്കുന്നവരാണല്ലോ ആക്ടിവിസ്റ്റുകൾ.
പാർവതിയുടെ നിലപാടിനൊപ്പമാണ് ഞാൻ. മാത്രമല്ല ആക്രമിക്കപ്പെട്ട നടിയോടൊപ്പം തന്നെയാണ്. വിവാദം ഉണ്ടാക്കിയ ആൾ സംസാരിച്ച രീതിയിൽ ഇൻസെൻസിറ്റിവ് ആയ കാര്യം ഉണ്ടായിരുന്നു. അത് ഒഴിവാക്കാമായിരുന്നു. ഈ നാട്ടിൽ വളരുേമ്പാൾ സ്ത്രീകൾ ബഹുമാനമില്ലാത്ത മോശം വാക്കുകൾ കേട്ടാണ് വളരുന്നത്. പക്ഷേ, അപ്പോഴും കൂടെയുള്ളവർ അങ്ങനെ പറയരുത്, കേൾക്കുേമ്പാൾ ഞെട്ടലാകും ഉണ്ടാകുക. പാർവതിയുടെ നിലപാടിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വെമ്പുന്ന ഒരുപാട് പേർ സിനിമമേഖലയിൽ ഉണ്ട്. അത് എല്ലാവരും കേൾക്കണമെന്നില്ല, നമ്മൾ അറിയണമെന്നില്ല. പാർവതിയുടെ നിലപാടിൽ സന്തോഷിക്കുന്നതോടൊപ്പം ഇത്ര ഇൻസെൻസിറ്റിവ് ആയി സംസാരിക്കുന്നവരാണ് ചുറ്റുമുള്ളവർ എന്നറിയുന്നതിൽ സങ്കടവുമുണ്ട്.
ഏതൊരു സംഘടനക്കും അതിേൻറതായ ശക്തിയും പരിമിതിയും ഉണ്ടാകും. എങ്കിലും ചരിത്രപരമായ പ്രത്യേക ഘട്ടത്തിൽ അതിന് പ്രാധാന്യമുണ്ട്. സംഘശക്തി ഒരു ബലമാണ്. ആശ്രയമായി അങ്ങനെ ഇടം ഉണ്ടല്ലോ. അതേസമയം, എനിക്ക് എെൻറതായ ഇഷ്ടങ്ങളും രാഷ്ട്രീയവും ഉണ്ട്. എന്നാൽ ഒരു സംഘടനയുടെയും ഭാഗമാകാൻ എനിക്ക് താൽപര്യമില്ല.
ഈ കഥാപാത്രം തയാറായപ്പോൾ കനി ചെയ്താൽ നന്നാവും എന്ന് തോന്നിയിരുന്നതായാണ് സജിൻ പറഞ്ഞത്. കഥ എന്നോട് പറഞ്ഞെങ്കിലും ആ കഥാപാത്രം എടുക്കുന്ന പല കാര്യങ്ങളും തീരുമാനങ്ങളും ഉൾെക്കാള്ളാനായില്ല. മാത്രമല്ല, കോൺഫിഡൻസ് കുറഞ്ഞ് ഇരിക്കുന്ന സമയത്തായിരുന്നു സജിൻ കഥ പറയുന്നത്. ആ കഥാപാത്രത്തിന് കൊടുക്കേണ്ട ഉത്തരവാദിത്തവും തയാറെടുപ്പും എനിക്ക് ഉണ്ടാകുമോ എന്ന സംശയത്തിൽ മറ്റൊരാളെ നോക്കിക്കൊള്ളാൻ സജിനോട് പറയുകയായിരുന്നു.
എന്നാൽ, ആ കഥാപാത്രം ചെയ്യാൻ എന്നെക്കൊണ്ടാകുമെന്ന ഉറപ്പ് സജിന് ഉണ്ടായിരുന്നു. അങ്ങനെയാണ് ഏറ്റെടുത്തത്. ഒരു നടി എന്നനിലയിൽ ഏത് കഥാപാത്രത്തെയും ഉൾക്കൊണ്ടല്ലേ പറ്റൂ. ഒരു സാധാരണ പിന്നാക്ക മുസ്ലിം സ്ത്രീയുടെ ജീവിതത്തെ മുന്നിൽനിർത്തി മതം എങ്ങനെയാണ് സ്ത്രീയുടെ ഗാർഹിക ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നതെന്നതാണ് ഇതിവൃത്തം. എെൻറ ജീവിതത്തിൽനിന്ന് അകന്നുനിൽക്കുന്ന ജീവിത പരിസരമാണ് ഖദീജക്ക്. ഞാൻ അവരായിരുന്നെങ്കിൽ ഒരിക്കലും ഖദീജയെപ്പോലെ പെരുമാറില്ല എന്ന് ഉറപ്പാണ്. അവരുടെ ഇമോഷനൽ ഗ്രാഫ് എനിക്ക് പരിചിതമല്ല. അവരുടെ ചിന്തയുടെയും തീരുമാനങ്ങളുടെയും യുക്തിരാഹിത്യം ഞാൻ തുറന്നുപറഞ്ഞിരുന്നു.
പക്ഷേ, മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒട്ടേറെ അവഗണനകളും പ്രശ്നങ്ങളും അവരും അനുഭവിക്കുന്നുണ്ട്. നാം ചെയ്യുന്ന കഥാപാത്രങ്ങളിൽ നമ്മുടെ അംശമുണ്ടോ എന്ന് തിരക്കേണ്ട കാര്യമില്ലല്ലോ. 'വെരി നോർമൽ ഫാമിലി' എന്ന നാടകം അടുത്തിടെ ചെയ്തിരുന്നു. അതിൽ 65-70 വയസ്സുള്ള സ്ത്രിയായാണ് അഭിനയിച്ചത്. വളരെ യാഥാസ്ഥിതിക സ്വഭാവമുള്ള പണക്കൊതിയത്തിയായ പാലാക്കാരി. ഖദീജയേക്കാൾ ഉൾക്കൊള്ളാൻ കഴിയാതിരുന്ന കഥാപാത്രമാണത്.
മുമ്പ് അവാർഡുകൾ കിട്ടിയിട്ടുണ്ടെങ്കിലും നാട്ടിലുള്ളവർ അംഗീകരിക്കുേമ്പാഴാണ് ഏറെ സന്തോഷം. ഫോൺവിളികൾ വന്നു കൊണ്ടിരിക്കുന്നു. സുരഭിക്ക് അവാർഡ് കിട്ടിയപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നു. നാടകത്തിൽ നിന്നുള്ളവരെ തേടി അംഗീകാരമെത്തുന്നതുകൊണ്ടായിരിക്കാം. ഈ പുരസ്കാരം വല്ലാത്ത ഉൗർജമാണ് തരുന്നത്; സിനിമയിൽ കൂടുതലായി തുടരാനുള്ള ഊർജം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.