‘കമോൺഡ്രാ മഹേഷേ, ഈയൊരു നിമിഷത്തിന് വേണ്ടിയാ കാത്തിരുന്നത്’; വിഡിയോയുമായി മഹേഷ് കുഞ്ഞുമോന്റെ തകർപ്പൻ തിരിച്ചുവരവ്

അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ തകർപ്പൻ തിരിച്ചുവരവ്. രണ്ട് മാസം മുമ്പ് കൊല്ലം സുധിയുടെ ജീവനെടുത്ത അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ആയിരുന്ന മഹേഷ് വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് പുതിയ അനുകരണ വിഡിയോയുമായി എത്തിയിരിക്കുന്നത്. രണ്ട് മാസത്തോളം നീണ്ട ഇടവേളക്ക് ശേഷമാണ് തന്റെ യുട്യൂബ് ചാനലിൽ താരങ്ങളെ അനുകരിച്ച് ​മഹേഷ് രംഗത്തെത്തിയത്.

രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ജയിലറുമായി ബന്ധപ്പെടുത്തിയാണ് താരങ്ങളെ അനുകരിച്ചിരിക്കുന്നത്. വിനായകൻ, ബാല, ആറാട്ടണ്ണൻ എന്നിവരെ അനുകരിക്കുന്ന വിഡിയോ ഏറെ സ​ന്തോഷത്തോടെയും അഭിനന്ദനങ്ങളോടെയും ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ. ഇതിനകം ഒന്നര ലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടു.

ഇപ്പോഴും ചികിത്സ തുടരുകയാണെന്നും പതുക്കെ ശരിയായിക്കൊണ്ടിരിക്കുകയാണെന്നും മഹേഷ് വിഡിയോയുടെ തുടക്കത്തിൽ പറഞ്ഞു. ഇനിയും ശസ്ത്രക്രിയകൾ ബാക്കിയുണ്ടെന്നും വീട്ടിലിരിക്കുമ്പോൾ മിമിക്രി പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നെന്നും താരം വെളിപ്പെടുത്തി.

വിഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ‘ഈ കഴിവ് ഒരു അപകടത്തിനും കൊണ്ടുപോകാൻ കഴിയില്ല... കമോൺഡ്രാ മഹേഷേ, ഈയൊരു നിമിഷത്തിന് വേണ്ടി എത്ര പ്രാർഥനയോടെയും ആകാംക്ഷയോടെയുമാണ് കാത്തിരുന്നതെന്ന് പറഞ്ഞറിയിക്കാനാകില്ല, ഈ ഓണത്തിന് ഏറ്റവും സന്തോഷം കിട്ടിയതും മനസ്സ് നിറഞ്ഞതുമായ വിഡിയോ, മിമിക്രിയിൽ എതിരാളികൾ ഇല്ലാത്ത രാജാവേ... നിങ്ങളില്ലാതെ എന്ത് ഓണം മലയാളികൾക്ക്, മിമിക്രിയെക്കാളും മഹേഷിനെ പഴയതു പോലെ കണ്ടപ്പോൾ സന്തോഷം, എല്ലാം പഴയതിനേക്കാൾ അടിപൊളി ആവും, കഴിവൊന്നും എവിടെയും പോയിട്ടില്ല’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ജൂണ്‍ അഞ്ചിനാണ് കൊല്ലം സുധിയുടെ മരണത്തിന് കാരണമായ അപകടം നടന്നത്. വടകരയിൽ നിന്ന്  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കൊല്ലം സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Tags:    
News Summary - Mahesh Kunjumon's smashing comeback with video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.